Latest Videos

Neeraj Chopra : 90 മീറ്റര്‍ മറികടക്കാന്‍ കഴിയും; ആത്മവിശ്വാസം പ്രകടിപ്പിച്ച് ജാവലിന്‍ താരം നീരജ് ചോപ്ര

By Web TeamFirst Published Jun 16, 2022, 11:41 AM IST
Highlights

89.30 മീറ്റര്‍ കണ്ടെത്തി സ്വന്തം ദേശീയ റെക്കോര്‍ഡും മെച്ചപ്പെടുത്തി. 90 മീറ്റര്‍ പിന്നിട്ട താരങ്ങളുടെ പട്ടികയിലെത്തുകയാണ് ഈ സീസണില്‍ നീരജിന്റെ ലക്ഷ്യം. നിലവിലെ ഫോമില്‍ അത് അസാധ്യമല്ലെന്ന് പരിശീലകരും സാക്ഷ്യപ്പെടുത്തുന്നു.

ഹെല്‍സിങ്കി: പാവോ നൂര്‍മി ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ 90 മീറ്റര്‍ മറികടക്കാനായില്ലെങ്കിലും ലക്ഷ്യത്തിലേക്ക് അടുത്തെത്തിയ പ്രകടനമായിരുന്നു ഇന്ത്യന്‍ താരം നീരജ് ചോപ്രയുടേത് (Neeraj Chopra). സീസണില്‍ 90 മീറ്റര്‍ മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് നീരജ് പറഞ്ഞു. ഒളിംപിക്‌സ് സ്വര്‍ണനേട്ടത്തിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ വെള്ളി നേടി പ്രതീക്ഷകാത്തു നീരജ് ചോപ്ര.

89.30 മീറ്റര്‍ കണ്ടെത്തി സ്വന്തം ദേശീയ റെക്കോര്‍ഡും മെച്ചപ്പെടുത്തി. 90 മീറ്റര്‍ പിന്നിട്ട താരങ്ങളുടെ പട്ടികയിലെത്തുകയാണ് ഈ സീസണില്‍ നീരജിന്റെ ലക്ഷ്യം. നിലവിലെ ഫോമില്‍ അത് അസാധ്യമല്ലെന്ന് പരിശീലകരും സാക്ഷ്യപ്പെടുത്തുന്നു. 2021 ഓഗസ്റ്റിന് ശേഷം കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നീരജിന് മികച്ച തുടക്കമായി ഫിന്‍ലന്‍ഡിലെ പ്രകടനം.

പത്ത് മാസത്തോളം കളത്തില്‍ നിന്ന് വിട്ടുനിന്നിട്ടും തന്റെ പ്രകടനത്തില്‍ പിന്നോട്ടുപോകുന്നില്ലെന്നത് നീരജിന് നേട്ടമാകുന്നു. 22 താരങ്ങളാണ് ഇതിന് മുന്‍പ് 90 മീറ്റര്‍ പിന്നിട്ടിട്ടുള്ളത്. 98.48 മീറ്റര്‍ ദൂരമെറിഞ്ഞ ചെക്ക് താരം യാന്‍ സെലന്‍സ്‌നിയുടെ പേരിലാണ് ലോകറെക്കോര്‍ഡ്.

ടോക്കിയോയില്‍ ജാവല്‍ പറത്തിയ 87.58 മീറ്ററിന്റെ റെക്കോര്‍ഡാണ് നീരജ് പാവോ നൂര്‍മിയില്‍ മെച്ചപ്പെടുത്തിയത്. ആദ്യ ഈഴത്തില്‍ 86.92 മീറ്റര്‍ കണ്ടെത്തിയ നീരജ് രണ്ടാം ശ്രമത്തിലാണ് ജാവലിന്‍ 89.30 മീറ്റര്‍ദൂരത്തേക്ക് പായിച്ചത്. ജാവലിന്‍ ത്രോയില്‍ ഈവര്‍ഷത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പ്രകടനമാണിത്. 

തുടര്‍ന്നുള്ള മൂന്ന് അവസരവും ഫൗളായി. ഫിന്‍ലന്‍ഡ് താരം ഒലിവിയര്‍ ഹെലാന്‍ഡര്‍ 89.83 മീറ്റര്‍ ദൂരത്തോടെ ഒന്നാമതെത്തി. 86.60 മീറ്റര്‍ ദൂരംകണ്ടെത്തിയ ഗ്രനാഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സനാണ് വെങ്കലം. അടുത്തമാസം ലോക ചാംപ്യന്‍ഷിപ്പും പിന്നാലെ കോമണ്‍വെല്‍ത്തും ഗെയിംസും നടക്കാനിരിക്കെ ഇന്ത്യക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പാവോ നൂര്‍മി ഗെയിംസിലെ നീരജിന്റെ പ്രകടനം.

ജൂണ്‍ 22 വരെ നീരജ് ഫിന്‍ലന്‍ഡില്‍ തുടരും. കൂര്‍ട്ടെന്‍ ഗെയിംസ്, സ്റ്റോക്ക് ഹോമിലെ ഡയമണ്ട് ലീഗ് എന്നിവിടങ്ങളിലും നീരജ് മത്സരിക്കും. നേരത്തെ, കേന്ദ്രസര്‍ക്കാര്‍ പരിശീലനത്തിനായി 9.8 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഒളിംപിക്‌സ് നിലവാരത്തിലുള്ള ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഫിന്‍ലന്‍ഡിലെ കൂര്‍ട്ടെന്‍ ഒളിംപിക് സെന്ററിലുണ്ട്.

click me!