Latest Videos

'ബ്രിജ് ഭൂഷണെതിരെ തെളിവില്ല, അറസ്റ്റ് ചെയ്യാനാവില്ല'; പ്രതിയെ ന്യായീകരിച്ച് ദില്ലി പൊലീസ്

By Web TeamFirst Published May 31, 2023, 1:57 PM IST
Highlights

ഗുസ്തി താരങ്ങൾ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ദില്ലിയിൽ ഇന്ത്യാ ഗേറ്റിന്  സമീപം കേന്ദ്രസേനയെ വിന്യസിച്ചു

ദില്ലി: ലൈംഗീകാതിക്രമ കേസിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ  ബ്രിജ് ഭൂഷൺ സിംഗിനെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് ദില്ലി പൊലീസ്. തെളിവ് ലഭിക്കാതെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാകില്ലെന്നും ദില്ലി പൊലീസ് നിലപാടെടുത്തു. ബ്രിജ് ഭൂഷൻ തെളിവ് നശിപ്പിക്കാനോ  പരാതിക്കാരെ സ്വാധീനിക്കാനോ ശ്രമിച്ചിട്ടില്ല. കേസിൽ 15 ദിവസത്തിനുള്ളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ദില്ലി പൊലീസ് വ്യക്തമാക്കി.  കേസിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാൻ ഗുസ്തി താരങ്ങളും ഇവരെ പിന്തുണക്കുന്ന കർഷക സംഘടനകളും തീരുമാനിച്ചതിന് പിന്നാലെയാണ് ദില്ലി പൊലീസ് ഇക്കാര്യത്തിൽ പ്രതിയെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുന്നത്.

അതിനിടെ ഗുസ്തി താരങ്ങൾ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ദില്ലിയിൽ ഇന്ത്യാ ഗേറ്റിന്  സമീപം കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്. ഗുസ്തി താരങ്ങൾ ഇവിടെ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി. ഹരിദ്വാറിൽ ഗംഗയിൽ മെഡലുകളൊഴുക്കി ഇന്ത്യാ ഗേറ്റിൽ നിരാഹാരമിരിക്കുമെന്നാണ് ഗുസ്തി താരങ്ങൾ ഇന്നലെ പ്രഖ്യാപിച്ചത്. കർഷക നേതാക്കൾ ഇടപെട്ട് താരങ്ങളെ പിന്തിരിപ്പിച്ചിരുന്നു. അഞ്ച് ദിവസത്തേക്ക് കടുത്ത നിലപാട് എടുക്കരുതെന്ന നേതാക്കളുടെ ആവശ്യം പരിഗണിച്ചാണ് ഗുസ്തി താരങ്ങൾ പിന്മാറിയത്. ഇന്ത്യാ ഗേറ്റിൽ സമരം നടത്താൻ അനുവദിക്കില്ലെന്ന് ദില്ലി പൊലീസ് താരങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

വിഷയത്തിൽ അന്താരാഷ്‍ട്ര ഒളിംപിക് കമ്മിറ്റി ഇടപെടുന്നുണ്ട്. താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും പക്ഷപാതരഹിതമായ അന്വേഷണം വേണമെന്നും ഇന്റർനാഷണൽ ഒളിംപിക് കമ്മിറ്റി ആവശ്യപ്പെട്ടു. ഗുസ്തി താരങ്ങളുമായി അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി പ്രതിനിധികൾ ഉടൻ ചർച്ച നടത്തും. സമരത്തിന്റെ ഭാവി പരിപാടികൾ തീരുമാനിക്കാൻ ഇന്ന് ഉത്ത‍‍ർപ്രദേശിലെ മുസഫർ നഗറിൽ ഖാപ് പഞ്ചായത്ത് യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

click me!