
ബുഡാപെസ്റ്റ്: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്‍റെ (Russia invasion of Ukraine) പശ്ചാത്തലത്തില്‍ വ്ളാദിമർ പുടിന്‍റെ (Vladimir Putin) ഹോണററി പ്രസിഡന്‍റ്, അംബാഡസര്‍ സ്ഥാനങ്ങള്‍ മരവിപ്പിച്ച് അന്താരാഷ്‌ട്ര ജൂഡോ ഫെഡറേഷന്‍ (International Judo Federation). ഐജെഎഫ് (IJF) വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2008 മുതല്‍ അസോസിയേഷന്‍റെ ഹോണററി പ്രസിഡന്‍റാണ് റഷ്യന്‍ രാജ്യത്തലവനായ വ്ളാദിമർ പുടിൻ.
ജൂഡോയിലെ പരമോന്നത അംഗീകാരങ്ങള്‍ പലതും സ്വന്തമാക്കിയ വ്യക്തിയാണ് പുടിന്‍. പുടിന്‍ അന്താരാഷ്‌ട്ര ജൂഡോ ഫെഡറേഷന്‍റെ ഏറ്റവും ഉചിതമായ അംബാസിഡറാണെന്ന് ഐജെഎഫ് തലവന്‍ മര്യൂസ് വിസര്‍ 2014ല്‍ പ്രശംസിച്ചിരുന്നു. യുക്രൈന് മേലുള്ള അധിനിവേശത്തിന്‍റെ പേരില്‍ റഷ്യക്ക് അന്താരാഷ്‌ട്ര കായികസമൂഹം ഏര്‍പ്പെടുത്തുന്ന പലവിധ ഉപരോധങ്ങളുടെയും വിലക്കുകളുടേയും തുടര്‍ച്ചയാണ് അന്താരാഷ്‌ട്ര ജൂഡോ ഫെഡറേഷന്‍റെ നീക്കം.
റഷ്യ കായികരംഗത്ത് വലിയ തിരിച്ചടികള്‍ നേരിടുകയാണ്. റഷ്യ വേദിയാവേണ്ടിയിരുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍, ഫോര്‍മുല വണ്ണിലെ റഷ്യന്‍ ഗ്രാന്‍പ്രിക്സ് എന്നിവ റദ്ദാക്കിയിട്ടുണ്ട്. യുവേഫയ്‌ക്ക് പിന്നാലെ ശക്തമായ നീക്കവുമായി ഫിഫയും രംഗത്തെത്തി. റഷ്യക്കെതിരെ ഫിഫ ഉപരോധം ഏർപ്പെടുത്തി. റഷ്യയിൽ അന്താരാഷ്ട്ര മത്സരങ്ങൾ അനുവദിക്കില്ല. റഷ്യയെന്ന പേരില്‍ രാജ്യാന്തര ടൂര്‍ണമെന്‍റുകളില്‍ മത്സരിക്കാനാകില്ല. റഷ്യൻ പതാകയും ദേശീയ ഗാനവും അനുവദിക്കില്ല. പകരം റഷ്യൻ ഫുട്ബോൾ യൂണിയൻ എന്ന പേരിൽ വേണമെങ്കിൽ കളത്തിലിറങ്ങാമെന്നു ഫിഫ വ്യക്തമാക്കി. എന്നാൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽനിന്ന് റഷ്യയെ മാറ്റിനിർത്തണമെന്ന പോളണ്ടിന്‍റെയും സ്വീഡന്‍റെയും ആവശ്യം ഫിഫ അംഗീകരിച്ചില്ല.
റഷ്യക്കൊപ്പം കളിക്കാനില്ലെന്ന് ഇംഗ്ലണ്ട് നിലപാട് എടുത്തതും ശ്രദ്ധേയമാണ്. ഇംഗ്ലീഷ് ലീഗ് കപ്പിൽ ഇന്നലെ നടന്ന ചെൽസി-ലിവർപൂൾ ഫൈനലില്‍ താരങ്ങള്‍ യുക്രൈന് പിന്തുണ അറിയിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഫ്രഞ്ച് ലീഗ് വണ്ണിലും താരങ്ങൾ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരെ കഴിഞ്ഞ ദിവസം അണിനിരന്നിരുന്നു. ഇംഗ്ലണ്ടിലെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രീമിയർ ലീഗ് വമ്പന്‍മാരായ ചെൽസിയുടെ നടത്തിപ്പ് അവകാശം ടീം ഉടമ റൊമാൻ അബ്രമോവിച്ചിന് ക്ലബിന്‍റെ ചാരിറ്റബിൾ ഫൗണ്ടേഷന് കൈമാറേണ്ടിവന്നു.