ആണ്‍കുട്ടികളും തോറ്റമ്പി! ഐഐടി ബോംബെയിലെ പഞ്ചഗുസ്‌തി ടൂര്‍ണമെന്‍റില്‍ കൈക്കരുത്ത് തെളിയിച്ച് ചേത്‌ന ശര്‍മ്മ

By Web TeamFirst Published Apr 6, 2022, 6:07 PM IST
Highlights

ഐഐടി ബോംബയിലെ ആം റസ്‌ലിംഗ് മത്സരത്തില്‍ നൂറിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു

മുംബൈ: ഐഐടി ബോംബെയിലെ (IIT Bombay) സ്‌പോര്‍ട്‌സ് ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച പഞ്ചഗുസ്‌തി ടൂര്‍ണമെന്‍റില്‍ താരമായി അസമില്‍ നിന്നുള്ള പ്രോ പഞ്ച ലീഗ് (Pro Panja) ജേതാവ് ചേത്‌ന ശര്‍മ്മ (Chetna Sharma). വനിതകളില്‍ ആറ് തവണ ദേശീയ ജേതാവായിട്ടുള്ള ചേത്‌ന ശര്‍മ്മയുമായി മുഖാമുഖം മത്സരിക്കുകയായിരുന്നു വിഖ്യാത എഞ്ചിനീയറിംഗ് ക്യാംപസിലെ വിദ്യാര്‍ഥികള്‍. എന്നാല്‍ ചേത്‌നയുമായി ഏറ്റുമുട്ടിയ ആണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികളെല്ലാവരും തോറ്റുമടങ്ങി. 

ഇന്ത്യന്‍ ആം റസ്‌ലിംഗ് ഫെഡറേഷന്‍റെ അംഗീകാരമുള്ള പ്രോ പഞ്ച ലീഗില്‍ 65 കിലോയില്‍ കൂടുതലുള്ളവരുടെ വിഭാഗത്തിലെ വനിതാ ജേതാവാണ് ചേത്‌ന ശര്‍മ്മ. ചേത്നയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധ നേടിയ ഐഐടി ബോംബയിലെ ആം റസ്‌ലിംഗ് മത്സരത്തില്‍ നൂറിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സച്ചിന്‍ സോനാജ്, ലവ്‌കുഷ്, ആര്യന്‍, മനീഷ് എന്നിവരാണ് ആദ്യ നാലിലെത്തിയത്. ചേത്‌ന ശര്‍മ്മയെ വീഴ്‌ത്തി 10,000 രൂപ നേടാനുള്ള പോരാട്ടത്തില്‍ എന്നാല്‍ നാല് പേര്‍ക്കും കൈയ്യിടറി. വനിതകളിലെ ജേതാവ് അല്‍മാസ് സല്‍നയും ചേത്‌ന ശര്‍മ്മയുമായി ഏറ്റുമുട്ടിയെങ്കിലും പരാജയമായിരുന്നു ഫലം. 

ഐഐടി വിദ്യാര്‍ഥികളുമായി ബലം പരീക്ഷിക്കാന്‍ കഴിഞ്ഞത് വലിയ അനുഭവമാണ് എന്നാണ് മത്സര ശേഷം ചേത്‌ന ശര്‍മ്മയുടെ പ്രതികരണം. 'ഏറെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മത്സരിക്കാന്‍ രംഗത്തുവന്നതില്‍ സന്തോഷമുണ്ട്. വിദ്യാര്‍ഥികളെല്ലാവരും ഗൗരവത്തോടെയാണ് ആം റസ്‌ലിംഗ് മത്സരത്തെ സമീപിക്കുന്നത്. ആം റസ്‌ലിംഗിനെ പ്രോത്സാഹിപ്പിക്കുന്ന വലിയ നീക്കമാണ് പ്രോ പഞ്ച ലീഗ്. ആം റസ്‌ലിംഗ് ഒരു കായികയിനമാണ് എന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ പ്രോ പഞ്ച ലീഗിന്‍റെ വരവോടെ അംഗീകാരങ്ങള്‍ ലഭിച്ചുതുടങ്ങി'യെന്നും ചേത്‌ന ശര്‍മ്മ പറഞ്ഞു. 

click me!