World Hockey Rankings : ഇന്ത്യന്‍ പുരുഷ ടീമിന് ചരിത്രനേട്ടം, മൂന്നാം സ്ഥാനത്ത്

By Web TeamFirst Published Dec 23, 2021, 9:02 PM IST
Highlights

ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാക്കളായ ബെല്‍ജിയം ആണ് ഇന്ത്യക്ക് മുന്നില്‍ രണ്ടാം സ്ഥാനത്ത്. ഓസ്ട്രേലിയ ആണ് ഒന്നാം സ്ഥാനത്ത്.

ലൗസാനെ: ലോക ഹോക്കി റാങ്കിംഗില്‍(World Hockey Rankings) ഇന്ത്യന്‍ പുരുഷ ടീം(Indian Hockey team) വര്‍ഷാന്ത്യം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 41 വര്‍ഷത്തിനുശേഷം ഒളിംപിക്സ് ഹോക്കിയില്‍ വെങ്കലം നേടി ചരിത്രനേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ പുരുഷ ടീമിന്‍റെ എക്കാലത്തെയും മികച്ച റാങ്കിംഗാണിത്.

ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാക്കളായ ബെല്‍ജിയം ആണ് ഇന്ത്യക്ക് മുന്നില്‍ രണ്ടാം സ്ഥാനത്ത്. ഓസ്ട്രേലിയ ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്ക് പിന്നില്‍ നെതര്‍ലന്‍ഡ്സ് നാലാമതും ജര്‍മനി അഞ്ചാമതും നില്‍ക്കുമ്പോള്‍ ഇംഗ്ലണ്ട്(6), അര്‍ജന്‍റീന(7), ന്യൂസിലന്‍ഡ്(8), സ്പെയിന്‍(9), മലേഷ്യ(10) എന്നീ ടീമുകളാണ് ആദ്യ പത്തിലുള്ളത്.

പാക്കിസ്ഥാന്‍ പതിനെട്ടാം സ്ഥാനത്തു നില്‍ക്കുന്ന റാങ്കിംഗില്‍ ഏഷ്യയില്‍ നിന്നുള്ള ദക്ഷിണ കൊറിയ പതിനാറാമതും ജപ്പാന്‍ പതിനേഴാമതുമാണ്. കഴിഞ്ഞ ദിവസം അവസാനിച്ച ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ജപ്പാനെ തോല്‍പ്പിച്ച് ദക്ഷിണ കൊറിയ കിരീടം നേടിയിരുന്നു. പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ മൂന്നാം സ്ഥാനം നേടി. ഗ്രൂപ്പ് ഘട്ടത്തില്‍ ജപ്പാനെ 6-0ന് തോല്‍പിച്ച ഇന്ത്യ സെമിയില്‍ ജപ്പാനോട് 3-5ന് തോറ്റിരുന്നു.

പുരുഷ റാങ്കിംഗില്‍ എക്കാലത്തെയും മികച്ച നേട്ടം സ്വന്തമാക്കിയെങ്കിലും വനിതകളുടെ റാങ്കിംഗില്‍ ഇന്ത്യക്ക് നേരിയ തിരിച്ചടി നേരിട്ടു. ഒരു സ്ഥാനം താഴേക്കിറങ്ങിയ വനിതാ ടീം പുതിയ റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്താണ്.

വനിതകളില്‍ നെതര്‍ലന്‍ഡ്സാണ് റാങ്കിംഗില്‍ ഒന്നാം സഥാനത്ത്. ഇംഗ്ലണ്ട് രണ്ടാമതും ഒളിംപിക്സ് വെള്ളി മെഡല്‍ ജേതാക്കളായ അര്‍ജന്‍റീന മൂന്നാം സ്ഥാനത്തുമാണ്. ഓസ്ട്രേലിയ നാലാം സ്ഥാനത്തും ജര്‍മനി അഞ്ചാം സ്ഥാനത്തുമുള്ള റാങ്കിംഗില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ സ്പയിന്‍(6), ബെല്‍ജിയം(7), ന്യൂസിലന്‍ഡ്(8), ഇന്ത്യ(9), ചൈന(10) എന്നീ ടീമുകളുണ്ട്.

click me!