
വേഗതയും സാങ്കേതികതയും ഒത്തുചേരുന്ന ഫെസ്റ്റിവൽ ഓഫ് സ്പീഡ് കൊച്ചിയിൽ ആവേശമാകുന്നു. ജയിൻ യൂണിവേഴ്സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2026ന്റെ ഭാഗമായി നടക്കുന്ന മേള പരിസ്ഥിതി സൗഹൃദമായ ഇവി വാഹനങ്ങളെക്കുറിച്ചുള്ള പ്രത്യേക പ്രദർശനം കൊണ്ടുകൂടി ശ്രദ്ധനേടുകയാണ്.
കേരളത്തിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് ആഘോഷമായി മാറുന്ന മേള, ആധുനിക സൂപ്പർ കാറുകളുടെ കരുത്തും ക്ലാസിക് കാറുകളുടെ പ്രൗഢിയും ഒരുപോലെ പ്രദർശിപ്പിച്ചാണ് വിസ്മയമൊരുക്കുന്നത്. 25,000 ചതുരശ്ര അടിയിൽ ഒരുക്കിയിരിക്കുന്ന വേദിയിൽ ലോകപ്രശസ്ത ബ്രാൻഡുകളുടെ അറുപതിലധികം സൂപ്പർ കാറുകളും ബൈക്കുകളും അണിനിരക്കുന്നുണ്ട്. പഴയകാലത്തിന്റെ ഗാംഭീര്യം വിളിച്ചോതുന്ന അപൂർവ്വമായ ക്ലാസിക് കാറുകളുടെ ശേഖരം മേളയ്ക്ക് രാജകീയ പരിവേഷം നൽകുന്നു.
പുതിയ തലമുറയ്ക്ക് പുത്തൻ ഇലക്ട്രിക് വാഹനങ്ങളെ അടുത്തറിയാനും അവയുടെ ഫീച്ചറുകൾ മനസ്സിലാക്കാനും ടെസ്റ്റ് ഡ്രൈവ് ചെയ്യാനുമുള്ള പ്രത്യേക സൗകര്യം ഇവിടെയുണ്ട്. ഞായറാഴ്ച നടക്കുന്ന കേരളത്തിലെ ആദ്യത്തെ 'ലൈവ് ഡ്രിഫ്റ്റ് ഷോ' ആണ് മേളയിലെ പ്രധാന ആകർഷണം. ബെൻസ്, ബിഎംഡബ്ല്യു തുടങ്ങിയ കരുത്തുറ്റ വാഹനങ്ങളും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.
വെറുമൊരു വാഹന പ്രദർശനം എന്നതിലുപരി, വിദ്യാർത്ഥികൾക്കും മോട്ടോർ സ്പോർട്സ് താൽപ്പര്യമുള്ളവർക്കും പുതിയ അറിവുകൾ പകർന്ന് നൽകുന്ന മേളയുടെ ഭാഗമായി ഞായറാഴ്ച 'ഡ്രൈവിങ്ങ് ദി ഷിഫ്റ്റ്: ഇവിസ് ആന്റ് ദി റീ ഇന്നവേഷൻ ഓഫ് സസ്റ്റൈനബിൾ മൊബിലിറ്റി' എന്ന വിഷയത്തിൽ ചർച്ച നടക്കും. കൂടാതെ ഇലക്ട്രിക് വാഹന ഉടമകൾക്കായി കേരളത്തിൽ ആദ്യ 'ഇവി ഓട്ടോ ക്രോസ്' മത്സരവും അരങ്ങേറും. പരിസ്ഥിതി സൗഹൃദമായ ഭാവി വാഹനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന ഈ മേള വരും വർഷങ്ങളിലും തുടരുമെന്ന് സംഘാടകർ അറിയിച്ചു. വാഹനലോകത്തെ മാറ്റങ്ങൾ നേരിട്ടറിയാൻ കൊച്ചിയിലേക്ക് ഒഴുകുകയാണ് വാഹനപ്രേമികൾ.