
നമ്മുടെ ജെൻ സി തലമുറ യഥാർത്ഥത്തിൽ എന്താണ് ആഗ്രഹിക്കുന്നത്? എന്തുകൊണ്ടാണ് അവരുടെ കണ്ടന്റുകൾ ചിലപ്പോൾ തരംഗമാകുന്നതും മറ്റുചിലപ്പോൾ ആരുമറിയാതെ പോകുന്നതും? ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായി ജെയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിലെ 'വൈബ് ചെക്ക് 2026: ഹൗ ജെൻ സി സ്പീക്സ്, തിങ്ക്സ് ആൻഡ് ഷേപ്പ്സ് ട്രെൻഡ്സ്' സെഷൻ ശ്രദ്ധേയമായി. ജെൻ സി എന്നത് ജനിച്ച വർഷം നോക്കി നിശ്ചയിക്കേണ്ട ഒന്നല്ല, മറിച്ച് അതൊരു ചിന്താഗതിയാണെന്ന നിലപാടാണ് ചർച്ചയിൽ പങ്കെടുത്ത പ്രമുഖ ഇൻഫ്ലുവൻസർമാർ ഉയർത്തിയത്
ഏതെങ്കിലും ഒരു പ്രത്യേക തലമുറയ്ക്ക് വേണ്ടിയല്ല താൻ കണ്ടന്റുകൾ നിർമ്മിക്കുന്നതെന്നും എന്നാൽ തന്റെ സഹോദരങ്ങളിൽ നിന്ന് ഈ തലമുറയുടെ പൾസ് കൃത്യമായി അറിയാൻ സാധിക്കുന്നുണ്ടെന്നും കണ്ടന്റ് ക്രിയേറ്റർ വർഷ രമേശ് പറഞ്ഞു. എല്ലാ കണ്ടന്റുകളും വൈറലാകണമെന്നില്ലെന്നും എന്നാൽ കൃത്യമായ ഇടവേളകളിലുള്ള സ്ഥിരത മാത്രമാണ് ഡിജിറ്റൽ ലോകത്തെ വിജയരഹസ്യമെന്നും അവർ കൂട്ടിച്ചേർത്തു. ജെൻ സി ഒരു വൈബ് ആണെന്നും മില്ലേനിയൽസ് വിഭാഗത്തിലുള്ളവർക്ക് ജെൻ സിയെപ്പോലെ ചിന്തിക്കാൻ സാധിക്കുമെന്നും ഇൻഫ്ലുവൻസർ ഗോകുൽ രാജ് അഭിപ്രായപ്പെട്ടു. ഡിജിറ്റൽ ചിന്താഗതികൾക്കും ഉള്ളടക്കങ്ങൾക്കും കൃത്യമായ അതിർവരമ്പുകൾ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സോഷ്യൽ മീഡിയയിലെ നല്ലതും ചീത്തയും തിരിച്ചറിഞ്ഞ് എന്ത് സ്വീകരിക്കണം എന്നത് ഓരോരുത്തരുടെയും തിരഞ്ഞെടുപ്പാണെന്ന് നടിയും കണ്ടന്റ് ക്രിയേറ്ററുമായ പ്രാർത്ഥന ഇന്ദ്രജിത്ത് പറഞ്ഞു. കണ്ടന്റുകൾക്ക് ലേബലുകൾ ആവശ്യമില്ലെന്നും വ്യക്തിപരമായ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും പ്രാർത്ഥന വ്യക്തമാക്കി. ഇൻഫ്ലുവൻസർ മാർക്കറ്റിംഗിലെ സത്യസന്ധതയെക്കുറിച്ചാണ് ഓട്ടോമൊബൈൽ ക്രിയേറ്റർ മിയ ജോസഫ് സംസാരിച്ചത്. ബ്രാൻഡുകളുമായി സഹകരിക്കുമ്പോൾ പോലും തന്റെ നിലപാടുകളിൽ സത്യസന്ധത പുലർത്താറുണ്ടെന്നും ഓടിക്കുന്ന വാഹനങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ മാത്രമേ പങ്കുവെക്കാറുള്ളൂവെന്നും മിയ പറഞ്ഞു. സോഷ്യൽ മീഡിയയിലെ ട്രെൻഡുകളും പുതുതലമുറയുടെ കാഴ്ചപ്പാടുകളും ചർച്ച ചെയ്ത ഈ സെഷൻ സമ്മിറ്റിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു.