
എഴുതിയത്: സോർഭ് ഗുപ്ത, ഇക്വിറ്റി തലവൻ, ബജാജ് ഫിൻസെർവ് അസറ്റ് മാനേജ്മെന്റ്
ഇന്ത്യയുടെ ഇന്നത്തെ വളർച്ചയുടെ കഥയ്ക്ക് കരുത്ത് പകരുന്നത് ഉപഭോക്താക്കളാണ്. തിരക്കേറിയ മാളുകൾ മുതൽ ഇ-കൊമേഴ്സിന്റെ കുതിച്ചുചാട്ടം വരെ എവിടെ നോക്കിയാലും ഉപഭോഗ മേഖല ശക്തമായ അടിസ്ഥാന തത്വങ്ങളുടെ പിൻബലത്തോടെ വികസിച്ചുകൊണ്ടിരിക്കുകയാണ്. വരുമാന വർദ്ധന, വേഗത്തിലുള്ള നഗരവൽക്കരണം, ജീവിതശൈലിയിലെ പുത്തൻ അഭിനിവേശങ്ങൾ എന്നിവ ഒരു ഘടനാപരമായ അനുകൂല ഘടകം സൃഷ്ടിച്ചിട്ടുണ്ട്. ഇത് ഉപഭോഗത്തെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലെ ഏറ്റവും ശ്രദ്ധേയമായ വലിയ ട്രെൻഡുകളിൽ ഒന്നാക്കിയിരിക്കുന്നു. എഫ്എംസിജി നേതാക്കൾ, റീട്ടെയിൽ ശൃംഖലകൾ, ഒഴിച്ചുകൂടാനാവാത്തതല്ലാത്ത കാര്യങ്ങൾ എന്നിവ ഉൾപ്പെടെ ഉപഭോഗത്താൽ നയിക്കപ്പെടുന്ന ബിസിനസ്സുകൾ തുടർന്നും അലയടിച്ചുയരുകയാണ്.
നിക്ഷേപകർ ഈ മേഖലയിൽ പണം നിക്ഷേപിക്കുകയും അതേസമയം അവർ ഉപഭോക്താക്കൾ എന്ന നിലയിൽ ദിവസവും അതിൽ ഉൾപ്പെടുകയും ചെയ്യുന്നു എന്നതാണ് രസകരമായ ഒരു കാര്യം. ഒരു സ്മാർട്ട് ഫോൺ വാങ്ങുകയോ പ്രീമിയം കാപ്പി കുടിക്കുകയോ ഓർഗാനിക് പലചരക്ക് സാധനങ്ങൾ തിരഞ്ഞെടുക്കുകയോ ചെയ്യുമ്പോൾ അവർ വാസ്തവത്തിൽ തങ്ങൾ നിക്ഷേപം നടത്തുന്ന അതേ ആവാസവ്യവസ്ഥയുടെ ഒരു ഭാഗമായിത്തീരുകയാണ്. വ്യക്തികളെ സംബന്ധിച്ചിടത്തോളം, ഇത് അതുല്യമായ ഒരു ഇരട്ട റോൾ സൃഷ്ടിക്കുന്നു - ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ - അതിന് തീരുമാനങ്ങളെയും പോർട്ട്ഫോളിയോ ഫലങ്ങളെയും സ്വാധീനിക്കാനാകും.
ഒരു വശത്ത്, നിക്ഷേപകർ അവസരത്തിന്റെ കണ്ണാടിയിലൂടെ ഉപഭോഗത്തെ വിലയിരുത്തുന്നു, അവർ ശക്തമായ അടിസ്ഥാനതത്വങ്ങൾ, വളർച്ച സാധ്യതയുള്ള ബിസിനസ് മോഡലുകൾ, ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനുള്ള കഴിവ് എന്നിവയുള്ള കമ്പനികളെ തേടുന്നു. മറുവശത്ത്, ഉപഭോക്താക്കൾ സൗകര്യം, വികാരം, അഭിലാഷങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പുകൾ നടത്തുന്നു.
ഇത് അതുല്യമായ ഒരു ചലനാത്മകത സൃഷ്ടിക്കുമ്പോൾ തന്നെ ഇതിന് ഇടയ്ക്കൊക്കെ പെരുമാറ്റ സംബന്ധമായ കുറുക്കുവഴികൾ അവതരിപ്പിക്കാനുമാകും, അവയെ നിയന്ത്രിക്കാതിരുന്നാൽ അത് ഒരാളുടെ വിലയിരുത്തലിനെ വികലമാക്കാം.
ഇവയിൽ ഏറ്റവും സാധാരണമായ ഒന്നാണ് പരിചിതമായതിനോടുള്ള ആഭിമുഖ്യം. തങ്ങൾ ആവർത്തിച്ച് ഉപയോഗിക്കുന്ന ബ്രാൻഡുകളിലേക്ക് നിക്ഷേപകർ പലപ്പോഴും ആകർഷിക്കപ്പെടുന്നു, കാരണം പ്രസ്തുത പേരുകളിൽ അവർക്ക് ഒരു സുരക്ഷിതത്വം തോന്നുന്നു. മൂല്യനിർണ്ണയങ്ങൾ അല്ലെങ്കിൽ അടിസ്ഥാനതത്വങ്ങൾ ശ്രദ്ധാപൂർവ്വവും ഡാറ്റാധിഷ്ഠിതവുമായ ഒരു വിലയിരുത്തൽ ആവശ്യപ്പെടുമ്പോൾ പോലും സുഖകരമായ ഒരു ദൈനംദിന അനുഭവത്തിന് ഒരു ബിസിനസ്സിനെ കൂടുതൽ ശ്രദ്ധേയമാക്കാനാകും.
ഒരു പ്രായോഗിക ഉദാഹരണം പരിചിന്തിക്കുക. എല്ലാ ആഴ്ചയും ഒരേ ചിപ്സ് ബ്രാൻഡ് വാങ്ങുന്ന അല്ലെങ്കിൽ ഒരു പ്രത്യേക വസ്ത്ര ലേബൽ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയ്ക്ക് സ്വാഭാവികമായും അതിന്റെ പിന്നിലുള്ള കമ്പനി വളരാനിടയുള്ളതാണെന്ന് തോന്നാം. "ഞാനീ ഉൽപ്പന്നം ഇഷ്ടപ്പെടുകയും എല്ലായിടത്തും അതു കാണുകയും ചെയ്യുന്നുണ്ടെങ്കിൽ, ഈ കമ്പനി നന്നായി പ്രവർത്തിക്കുന്ന ഒന്നായിരിക്കണം" എന്നത് ഒരു സഹജബോധമാണെന്നു തോന്നുന്നു. ഈ സുഖപ്രദമായ തോന്നൽ വ്യക്തിഗത ഉപഭോഗത്തെ പ്രതിഫലിപ്പിക്കുന്നു, പക്ഷേ അത് കമ്പനിയുടെ മത്സരാധിഷ്ഠിത ശേഷിയെ അല്ലെങ്കിൽ വരുമാന പാതയെ സൂചിപ്പിക്കണമെന്നില്ല. വ്യക്തിഗത ഉപഭോഗ പാറ്റേണുകൾ പോർട്ട്ഫോളിയോ തിരഞ്ഞെടുപ്പുകളെ ആനുപാതികമായി സ്വാധീനിക്കുന്നത്, പരിചിതമായതിനോടുള്ള ആഭിമുഖ്യം പ്രതിഫലിപ്പിക്കുന്നു.
എന്നാൽ അത് പലപ്പോഴും അവിടംകൊണ്ട് അവസാനിക്കാറില്ല. പരിചയം പലപ്പോഴും സ്ഥിരീകരണ ആഭിമുഖ്യത്തിന്റെ ആരംഭ പോയിന്റായി മാറുന്നു. മനസ്സ് അനുകൂലമായൊരു കാഴ്ചപ്പാട് രൂപീകരിച്ചുകഴിഞ്ഞാൽ, പുറത്തിറക്കുന്ന പുതിയ ഉൽപ്പന്നങ്ങൾ, എവിടെയും കാണാൻ കഴിയുന്നത്, അല്ലെങ്കിൽ ഒരു സെലിബ്രിറ്റിയുടെ ശുപാർശ എന്നിവ പോലുള്ള വിവരങ്ങൾ അത് ശ്രദ്ധിക്കാൻ തുടങ്ങുന്നു, അതേസമയം മാർജിൻ സമ്മർദ്ദങ്ങൾ, മത്സര തീവ്രത അല്ലെങ്കിൽ പെരുപ്പിച്ച മൂല്യനിർണ്ണയം എന്നിവ പോലെ മറ്റൊരു കഥ പറയുന്ന ഘടകങ്ങൾ അവഗണിക്കുന്നു. ഫലത്തിൽ, ഈ വ്യക്തിഗത മുൻഗണന നിക്ഷേപം സംബന്ധിച്ച ഒരു ബോധ്യത്തിലേക്ക് നീങ്ങുന്നു, അടിസ്ഥാന സംഖ്യകൾ അതിനെ പൂർണ്ണമായി പിന്തുണയ്ക്കുന്നില്ലെങ്കിൽ പോലും. അത് വസ്തുനിഷ്ഠമായ വിശകലനത്തിൽ അധിഷ്ഠിതമല്ലാത്ത നിക്ഷേപ തീരുമാനത്തിൽ കൊണ്ടെത്തിക്കുന്നു.
ഹ്യൂറിസ്റ്റിക് പക്ഷപാതവും ഒരു പങ്ക് വഹിക്കുന്നു, പ്രത്യേകിച്ച് ലഭ്യത സംന്ധിച്ച ഹ്യൂറിസ്റ്റിക്. ഒരു ജനപ്രിയ ബ്രാൻഡ് അല്ലെങ്കിൽ പ്രീമിയം വിലയുള്ള ഒരു ഉൽപ്പന്നം ശക്തമായ അടിസ്ഥാനതത്വങ്ങളെ സൂചിപ്പിക്കുന്നുവെന്ന് ആഴത്തിലുള്ള വിശകലനം നടത്താതെതന്നെ നിക്ഷേപകർ പലപ്പോഴും അനുമാനിക്കുന്നു. ഈ മാനസിക കുറുക്കുവഴി നിക്ഷേപകരെ പരസ്യത്തിലോ സോഷ്യൽ മീഡിയയിലോ ആധിപത്യം പുലർത്തുന്ന കമ്പനികളെ അമിതമായി വിലയിരുത്താൻ പ്രേരിപ്പിച്ചേക്കാം, അതേസമയം അത്രതന്നെ ദൃശ്യമല്ലാത്തതും അടിസ്ഥാനപരമായി ശക്തമായതുമായ ബിസിനസ്സുകളെ അവഗണിച്ചേക്കാം.
നേരെമറിച്ച്, ഒരു റീസെൻസി പക്ഷപാതത്തിന് വിപരീത ഫലം സൃഷ്ടിക്കാനാകും. അടിസ്ഥാനപരമായി ശക്തമായ ഒരു കമ്പനിയെ അവഗണിക്കാൻ ഒരൊറ്റ മോശം ഡെലിവറി അനുഭവമോ ഉൽപ്പന്ന സംബന്ധമായ നിരാശയോ ഒരു നിക്ഷേപകനെ പ്രേരിപ്പിച്ചേക്കാം. ഇവിടെ, ഏറ്റവും പുതിയ സംഭവം ദീർഘകാലമായുള്ള പെർഫോമൻസിനെ നിഷ്പ്രഭമാക്കുന്നു, അത് വിലയിരുത്തലിനെ തെളിവുകളിൽ നിന്ന് അകറ്റി വികാരങ്ങളിൽ കേന്ദ്രീകരിക്കുന്നു.
ഉപഭോഗം വളരെയേറെ വ്യക്തിപരമായതിനാൽ അത്തരം പക്ഷപാതങ്ങൾ സ്വാഭാവികമാണ്. ഇത് സ്വത്വം, ജീവിതശൈലി, അഭിലാഷം എന്നിവയെ പ്രതിഫലിപ്പിക്കുന്നു. എന്നാൽ നിക്ഷേപം നടത്തുന്നതിൽ അച്ചടക്കം ആവശ്യമാണ്. വിപണി ഷെയർ ട്രെൻഡുകൾ, വിലനിർണ്ണയ ശേഷി, വിതരണ റീച്ച്, ഇന്നൊവേഷൻ പൈപ്പ് ലൈനുകൾ എന്നിവ പ്രധാനമാണ്. പ്രൊഫഷണൽ വിശകലനത്തിൽ നിന്ന് വ്യക്തിഗത മുൻഗണനകളെ ബോധപൂർവ്വം മാറ്റിനിർത്തുന്ന നിക്ഷേപകർ ദീർഘകാല അവസരങ്ങൾ മുതലാക്കാൻ പറ്റിയ സ്ഥാനത്താണ്.
പെരുമാറ്റ സംബന്ധമായ ഈ അപകടങ്ങൾ ഉണ്ടായിരുന്നിട്ടും, ഉപഭോഗത്തിന്റെ ഘടനാപരമായ സ്വാധീനം ശക്തമായി തുടരുന്നു. അടുത്ത പതിറ്റാണ്ടിൽ ഇന്ത്യ ആഗോളതലത്തിൽ മൂന്നാമത്തെ വലിയ ഉപഭോക്തൃ വിപണിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
നഗരവൽക്കരണത്തിന്റെ വേഗത വർദ്ധിക്കുന്നു, ഗ്രാമീണ വരുമാനം വർദ്ധിക്കുന്നു, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉൽപ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കുമുള്ള പ്രവേശനം ഏവർക്കും സാധ്യമാക്കുന്നു. പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ മുതൽ പ്രീമിയം ഫാഷൻ വരെയും വ്യക്തിഗത പരിചരണം മുതൽ വ്യക്തിഗത വളർച്ചയ്ക്കുള്ള ചെലവ് വരെയും ഉള്ള ഉപഭോഗ കഥ വിശാലവും ദൃഢവും പരിവർത്തനപരവുമാണ് - ഒരു മെഗാട്രെൻഡ്. ഈ ഘടനാപരമായ പ്രവണതകളെ ഇന്ത്യൻ ഉപഭോക്തൃ വിപണിയുടെ ബൃഹത്തായ വലുപ്പവുമായി സംയോജിപ്പിക്കുമ്പോൾ അത് ദീർഘകാലാടിസ്ഥാനത്തിൽ ഇടപഴകാൻ നിക്ഷേപകർക്ക് ശക്തമായ കാരണം നൽകുന്നു - തീരുമാനങ്ങൾ വ്യക്തിപരമായ അനുഭവത്തേക്കാൾ വിശകലനത്തിൽ അധിഷ്ഠിതമാണെങ്കിൽ.
ഓരോ നിക്ഷേപകനും ഒരു ഉപഭോക്താവാണ്, പക്ഷേ നിക്ഷേപ തീരുമാനങ്ങൾ വ്യക്തിപരമായ മുൻഗണനകൾക്ക് അതീതമായി ഉയരണം. തിരഞ്ഞെടുപ്പുകൾ ഡാറ്റ, അച്ചടക്കം, ദീർഘകാല അടിസ്ഥാനതത്ത്വങ്ങൾ എന്നിവയിൽ വേരൂന്നിയതായിരിക്കേണ്ടത് നിർണായകമാണ്. പെരുമാറ്റ സംബന്ധമായ ആഭിമുഖ്യങ്ങൾ സ്വാഭാവികമാണ്, എന്നാൽ അവ സംബന്ധിച്ച അവബോധം കൂടുതൽ യുക്തിസഹവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമായ പോർട്ട്ഫോളിയോ തീരുമാനങ്ങൾ എടുക്കാൻ നിക്ഷേപകരെ സഹായിക്കുന്നു. ഒരു പ്രിയപ്പെട്ട കാപ്പി കുടിക്കുമ്പോഴുള്ള അനുഭവം വിലമതിക്കുമ്പോൾ അല്ലെങ്കിൽ ഒരു പുതിയ വസ്ത്ര ബ്രാൻഡ് പര്യവേക്ഷണം ചെയ്യുമ്പോൾ, നമ്മുടെ നിക്ഷേപ തന്ത്രം നിർണ്ണയിക്കാൻ അത്തരം വ്യക്തിപരമായ മുൻഗണനകളെ അനുവദിക്കാതിരിക്കേണ്ടത് പരമപ്രധാനമാണ്. വിശകലനത്തിലും ഘടനാപരമായ ധാരണയിലും വേരൂന്നിയ വസ്തുനിഷ്ഠമായ വിലയിരുത്തൽ, ഇന്ത്യയുടെ ഉപഭോഗ മെഗാട്രെൻഡിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് തുടർന്നും ആത്യന്തിക നേട്ടം കൈവരുത്തും.