റിവേഴ്സ് പിച്ചുമായി കേരള സ്റ്റാർട്ടപ് മിഷൻ

By Web TeamFirst Published Jun 17, 2020, 11:17 AM IST
Highlights

സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ഉൽപ്പന്നങ്ങളുമായി കമ്പനികളെ നേരിട്ട് സമീപിച്ച് 'പിച്ച്' ചെയ്യുന്നതാണ് പുതിയ രീതി

ബിസിനസ് തേടി സ്റ്റാർട്ടപ്പുകൾ വ്യവസായങ്ങളെ സമീപിക്കുന്നതിനു പകരം സ്റ്റാർട്ടപ്പുകളെ തേടി വ്യവസായങ്ങളെത്തുന്ന റിവേഴ്സ് പിച്ച് പദ്ധതിയുമായി കേരള സ്റ്റാർട്ടപ് മിഷൻ. സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ഉൽപ്പന്നങ്ങളുമായി കമ്പനികളെ നേരിട്ട് സമീപിച്ച് 'പിച്ച്' ചെയ്യുന്നതാണ് പുതിയ രീതി. വ്യവസായങ്ങൾക്ക് അവരുടെ ആവശ്യങ്ങളും  സ്റ്റാർട്ടപ്പുകളുടെ മുന്നിൽ വയ്ക്കാം. ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക് ഉൾപ്പടെയുള്ള വ്യവസായ സംഘടനകൾ അവരുടെ പ്രതിനിധികൾ വഴി ആവശ്യങ്ങൾ സ്റ്റാർട്ടപ്പുകളെ അറിയിക്കും. റിവേഴ്സ് പിച്ചിലൂടെ ലഭിക്കുന്ന ആശയങ്ങൾക്കു പുറമേ നിലവിൽ വിവിധ വ്യവസായങ്ങൾക്കായി സ്റ്റാർട്ടപ്പുകളുടെ സാങ്കേതിക മികവും നൂതന ആശയങ്ങളും പരിചയപ്പെടുത്തുന്നതിനും പരമ്പരാഗത വ്യവസായങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും അതുപയോഗപ്പെടുത്തി ബിസിനസ് അഭിവൃദ്ധിപ്പെടുത്തുന്നതിനും വേണ്ടി ഡെമോ ഡേ  കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിക്കുന്നുണ്ട്.

സംസ്ഥാനത്തെ വ്യവസായ -വാണിജ്യ സംഘടനകള്‍, ഐ ടി സംരംഭകരുടെ കൂട്ടായ്മയായ ജിടെക്, രാജ്യത്തെ വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവ സംയുക്തമായാണ്  ജൂണ്‍ 25 മുതല്‍ 30 വരെ ബി​ഗ്  ഡെമോ ഡേ സംഘടിപ്പിക്കുന്നത്. കോര്‍പറേറ്റുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ഉപയാഗപ്പെടുത്താവുന്ന സേവനങ്ങളോ ഉല്‍പ്പന്നങ്ങളോ ഉള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഇതില്‍ പങ്കെടുക്കുന്നതിന് അവസരം.  കൊവിഡിന് ശേഷമുള്ള ബിസിനസ് ലോകത്ത് സാങ്കേതികവത്കരണവും ഡിജിറ്റലൈസേഷനും അത്യന്താപേക്ഷികമാവുന്ന സാഹചര്യത്തില്‍ മിതമായ ചെലവില്‍ അത് വ്യവസായികള്‍ക്ക് ലഭ്യമാക്കാനും അതിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും മെച്ചപ്പെട്ട ബിസിനസുകള്‍ സൃഷ്ടിക്കുന്നതിനുമാണ് പദ്ധതിയുടെ ഉദ്ദേശ്യം.

click me!