സംരംഭങ്ങൾക്ക് 95% വരെ വായ്പ, അതും സബ്‌സിഡിയോടെ

By Web TeamFirst Published Jan 3, 2020, 12:22 PM IST
Highlights

ചെറുകിട വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സഹായം നൽകുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേതായി വിവിധ വായ്പാ പദ്ധതികൾ നിലവിലുണ്ട്. നിങ്ങളുടെ ആവശ്യം അനുസരിച്ച് ഇവയിൽ നിന്ന് അനുയോജ്യമായത് തിരഞ്ഞെടുക്കാം

പഠനം കഴിഞ്ഞു ജോലി തേടി അലയുന്നതിനേക്കാൾ നല്ലത് സ്വന്തമായി എന്തെങ്കിലും ഒരു സംരംഭം ആരംഭിക്കുന്നതാണെന്ന് കരുതുന്നവരാണ് ഇന്ന് ഭൂരിപക്ഷവും. എത്ര നല്ല ആശയം മനസ്സിലുണ്ടെങ്കിലും അത് നടപ്പിലാക്കുന്നതിന് ഏറ്റവും വലിയ തടസ്സമായി നിലകൊള്ളുന്നത് പണത്തിന്റെ കുറവാണ്. എന്നാൽ ചെറുകിട വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സഹായം നൽകുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേതായി വിവിധ വായ്പാ പദ്ധതികൾ നിലവിലുണ്ട്. നിങ്ങളുടെ ആവശ്യം അനുസരിച്ച് ഇവയിൽ നിന്ന് അനുയോജ്യമായത് തിരഞ്ഞെടുക്കാം.

പുതിയ സംരംഭം തുടങ്ങുന്നതിന് ഏറെ സഹായകരമായ ഒരു പദ്ധതിയാണ് പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി (പിഎംഇജിപി).ഇത് പ്രകാരം മുടക്കു മുതലിന്റെ 95% വരെ വായ്പ ലഭിക്കും. അതിൽ 35% സബ്‌സിഡി കഴിച്ച് ബാക്കി തുക തിരിച്ചടച്ചാൽ മതി. പിഎംഇജിപി പദ്ധതിയിൽ നിന്ന് വായ്പ്പയെടുക്കുന്നതിനു വരുമാനപരിധി ബാധകമല്ല. ഒറ്റയ്‌ക്കും കൂട്ടായും തുടങ്ങുന്ന സംരംഭങ്ങൾക്ക് ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കും. 

പതിനെട്ടു വയസ്സ് കഴിഞ്ഞ ആർക്കും വായ്പ്പയ്ക്കായി ശ്രമിക്കാവുന്നതാണ്. ഉയർന്ന പ്രായ പരിധി ഇല്ല. പിഎംഇജി ലഭ്യമായ ഫോറം പൂരിപ്പിച്ചു നൽകി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഖാദി ബോർഡിൻറെ വ്യവസായ ഓഫീസുകാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ്. 

നിർമ്മാണ യൂണിറ്റിന് 25ലക്ഷം വരെയും സേവനസൗകര്യങ്ങൾ ആരംഭിക്കാൻ 10 ലക്ഷം വരെയുമാണ് വായ്പ ലഭിക്കുക. പിഎംഇജിപി പദ്ധതി പ്രകാരം വായ്പ എടുത്ത് ആരംഭിച്ച വ്യവസായം നല്ല രീതിയിൽ പ്രവർത്തിക്കുന്നു എങ്കിൽ അതിന്റെ വികസനത്തിന് രണ്ടാം ഗഡുവായി ഒരു കോടി രൂപ വരെ ബാങ്ക് വായ്പയും ലഭ്യമാകും. 

21 മുതൽ 40 വയസ്സ് വരേയുള്ള കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്തവർക്ക് കൂട്ടായി സ്വയം തൊഴിൽ തുടങ്ങാൻ 10 ലക്ഷം വായ്പ അനുവദിക്കും. ഇതിന് 25% സബ്‌സിഡിയും ലഭിക്കും. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കു മാത്രമാണ് ഈ പദ്ധതിപ്രകാരം വായ്പ അനുവദിക്കുകയുള്ളു. 

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കു വായ്പ ലഭ്യമാക്കുന്ന മറ്റൊരു പദ്ധതിയാണ് ശരണ്യ. പട്ടികജാതി, പട്ടികവർഗ്ഗക്കാർ അവിവാഹിതരായ അമ്മമാർ, വിധവകൾ, വിവാഹമോചിതർ എന്നിവർക്കുള്ള പദ്ധതിയാണിത്. സ്വന്തമായി തൊഴിൽ ചെയ്യുന്നതിന് 50% സബ്‌സിഡിയോട് കൂടി 50000 രൂപയാണ് വായ്പ നൽകുന്നത്. വാർഷിക വരുമാനം ഒരു ലക്ഷം വരെയുള്ളവരാണ് ഗുണഭോക്താക്കൾ. കൂടുതൽ വിവരങ്ങൾ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ലഭ്യമാണ്. 

സ്വയം തൊഴിലിനായി ശ്രമിക്കുന്ന 21 മുതൽ 55 വയസ്സ് വരെ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് വേണ്ടി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നടപ്പാക്കുന്ന പദ്ധതിയാണ് കൈവല്യ. ഒരു ലക്ഷം രൂപ വരെയാണ് ഇത് പ്രകാരം വായ്പയായി നൽകുന്നത്. ഒറ്റയ്‌ക്കോ സംഘമായോ സംരംഭം ആരംഭിക്കുന്നതിനു വായ്പയ്ക്കായി അപേക്ഷിക്കാവുന്നതാണ്. കൂട്ടായാണ്‌ സ്വയംതൊഴിൽ ആരംഭിക്കുന്നതെങ്കിൽ കൂട്ടായ്മയിലെ ഓരോ അംഗത്തിനും ഈ നിരക്കിൽ വായ്പ ലഭിക്കുന്നതാണ്. വായ്പ തുകയുടെ 50%, പരമാവധി 25000 രൂപ, സബ്‌സിഡി ലഭിക്കുന്നതാണ്. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള കുടുംബ വാർഷിക വരുമാനം രണ്ടു ലക്ഷത്തിൽ താഴെ ഉള്ളവർക്കാണ് വായ്പ ലഭിക്കുക. 

ചെറുകിട വ്യവസായങ്ങൾക്ക് അര ലക്ഷം മുതൽ 10 ലക്ഷം വരെ വായ്പ നൽകുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് മുദ്ര. ഏഴു മുതൽ 12% വരെ പലിശയോട് കൂടി ബാങ്കുകൾ നേരിട്ടാണ് വായ്പ അനുവദിക്കുക. ക്രെഡിറ്റ് ഗ്യാരന്റി പദ്ധതി പ്രകാരം ഈടില്ലാതെ വായ്പ അനുവദിക്കുന്ന പദ്ധതിയാണിത്. ശിശു പദ്ധതി പ്രകാരം 50000 രൂപയും, കിഷോർ പദ്ധതി അനുസരിച്ച് അഞ്ചു ലക്ഷം രൂപ വരേയും തരുൺ പദ്ധതിയിൽ 10 ലക്ഷം രൂപ വരേയുമാണ് വായ്പ നൽകുക.

ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വായ്പ പദ്ധതിയാണ് എന്റർപ്രണർ സപ്പോർട്ട് സ്കീം (ഇഎസ്എസ്). 30 ലക്ഷം വരെയാണ് പരമാവധി വായ്പ തുക. ഈ പദ്ധതിപ്രകാരം ലഭിക്കുന്ന ലോൺ തുകയ്ക്ക് മൊത്തം ചിലവിന്റെ 30% വരെ സബ്‌സിഡി ലഭിക്കും.

click me!