വൻമതില്‍ 2.0; ടെസ്റ്റ് ക്രിക്കറ്റിന്റെ പൂജാര!

Published : Aug 25, 2025, 02:48 PM IST
Cheteswar Pujara

Synopsis

ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിന്റെ കൊടുമുടി കയറിയെ വിരാട് കോലി കാലത്ത് ഏറ്റവും മൂല്യമുള്ള വിക്കറ്റ് പൂജാരയുടേതായിരുന്നു

വര്‍ഷം 2021, ഗാബയിലെ അവസാന ദിനമാണ്. രോഹിത് ശര്‍മയെ തുടക്കത്തിലെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് മിച്ചല്‍ സ്റ്റാര്‍ക്ക് നയിക്കുന്ന ഓസ്ട്രേലിയയുടെ ബൗളിങ് നിര. 22 വാരയേക്കാള്‍ അന്തരമുള്ള ശൈലികളുടെ സംഘമമായിരുന്നു പിന്നീടവിടെ. ക്രിക്കറ്റിന്റെ പുതുകാലത്തിനൊപ്പം സഞ്ചരിക്കുന്ന ശുഭ്മാൻ ഗില്ലെന്ന യുവതാരം അനായാസം ബാറ്റുചെയ്യുകയാണ്. ബൗണ്ടറികള്‍ നേടുന്നു, സ്കോര്‍ബോര്‍ഡ് ചലിപ്പിക്കുന്നു.

മറുവശത്ത് മറ്റൊരാള്‍. 70 പന്തുകള്‍ നേരിട്ട ശേഷം അയാളുടെ നേര്‍ക്ക് തെളിഞ്ഞത് ആറ് റണ്‍സ് മാത്രമായിരുന്നു. ഇരുവരും ബാറ്റ് ചെയ്യുന്നത് ഓരേ വിക്കറ്റിലാണോയെന്ന് സംശയിച്ചുപോകും വിധമായിരുന്നു അയാളുടെ പ്രതിരോധം. 22-ാം പന്തിലാണ് ആദ്യ റണ്‍സ് നേടുന്നത്, ഗാബയിലെ കാണികള്‍ ഹര്‍ഷാരവത്തോടെയായിരുന്നു ആ നിമിഷത്തെ സ്വീകരിച്ചത്. 2008ലെ സിഡ്നി ടെസ്റ്റില്‍ രാഹുല്‍ ദ്രാവിഡിന്റെ 40 പന്തുനീണ്ട പ്രതിരോധം അവസാനിച്ച നിമിഷത്തോടെ ചേര്‍ത്തുവെക്കാം ഇതും.

ആധുനിക ക്രിക്കറ്റിലെ ഇന്ത്യയുടെ വൻമതിലിനോട് സാമ്യപ്പെടുത്താൻ ഈ ഒരുനിമിഷമല്ലാതെ മറ്റേത് ചൂണ്ടിക്കാണിക്കാൻ. ടെസ്റ്റ് ക്രിക്കറ്റിനെ തപസാക്കിയവൻ, ചേതേശ്വര്‍ പൂജാര.

ഗാബയിലെ ആ ചരിത്ര വിജയം റിഷഭ് പന്തിന്റെ അമാനുഷികമായ ഇന്നിങ്സിന്റെ പേരിലായിരിക്കാം ഓര്‍മിക്കപ്പെടുക. പക്ഷേ, 211 പന്തുകള്‍ നേരിട്ട് പൂജാര നേടിയ 56 റണ്‍സായിരുന്നു ആ വിജയത്തിന്റെ അടിസ്ഥാനം. 56 റണ്‍സിനേക്കാള്‍ 211 പന്തുകള്‍. ഇന്ത്യൻ ഇന്നിങ്സിലെ 36 ശതമാനം പന്തുകളും നേരിട്ടത് പൂജാരയായിരുന്നു. അയാള്‍ 211 പന്തുകള്‍ നേരിട്ടതെങ്ങനെയെന്നതിന് ഉത്തരമാണ് അയാളുടെ ഗ്രേറ്റ്നസ്.

സ്റ്റാര്‍ക്ക്, പാറ്റ് കമ്മിൻസ്, ജോഷ് ഹേസല്‍വുഡ്. കൂക്കബൂര പന്തിന്റെ ചുവപ്പിന്റെ അന്നത്തെ ചൂടറിയണമെങ്കില്‍ പൂജാരയുടെ ശരീരം നോക്കിയാല്‍ മതിയാകും. 11 തവണയാണ് ഓസീസ് ബൗളര്‍മാര്‍ പൂജാരയുടെ ശരീരം ലക്ഷ്യമിട്ടത്. ഹെല്‍മെറ്റിലും തോളിലും രണ്ട് തവണ, കഴുത്തിലും നെഞ്ചിലും തുടയിലും ഓരോ പ്രാവശ്യം, വലതു കയ്യില്‍ നാലും. ഒരു നിമിഷം പോലും ക്രീസുവിട്ടു നടക്കാൻ പൂജാര ശ്രമിച്ചില്ല. I knew that if I could handle the body blows, India's time would come - ഇതായിരുന്നു പൂജാര അന്നെടുത്ത തീരുമാനം.

ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിന്റെ കൊടുമുടി കയറിയെ വിരാട് കോലി കാലത്ത് ഏറ്റവും മൂല്യമുള്ള വിക്കറ്റ് പൂജാരയുടേതായിരുന്നു. കാരണം അയാള്‍ അടിമുടിയൊരു ടെസ്റ്റ് ബാറ്ററായിരുന്നു. പന്ത് ബൗളര്‍ റിലീസ് ചെയ്യുന്ന നിമിഷം മുതല്‍ അത് ആ ബൗളറുടെ കയ്യില്‍ തിരിച്ചെത്തുന്നതുവരെ കണ്ണിമചിമ്മാതെ വീക്ഷിക്കുന്ന പൂജാര. 140 കിലോ മീറ്ററിലധികവും വേഗതിയിലെത്തുന്ന പന്തുകളെ പ്രോപ്പര്‍ ഡിഫൻസിലൂടെ വിക്കറ്റിലേക്ക് തന്നെ പൂ പറിച്ചിടുന്ന ലാഘവത്തോടെ വീഴ്ത്തുന്നവൻ.

പന്തിനെപ്പോലെ, രോഹിതിനെ പോലെ, കോലിയെ പോലെ ഷോട്ടുകളിക്കാൻ അയാളെ ഒരു പന്തും പ്രേരിപ്പിക്കില്ല. അയാളുടെ ശൈലി പന്തിന്റെ മെറിറ്റിന് അനുസരിച്ച് ബാറ്റ് ചെയ്യുക എന്നതാണ്. 2018-19 ബോര്‍ഡര്‍ - ഗവാസ്ക്കര്‍ ട്രോഫിക്കിടെ ഫോര്‍മാറ്റ് കണ്ട ഏറ്റവും മികച്ച ഓഫ് സ്പിന്നര്‍മാരിലൊരാളായ നാഥാൻ ലയണ്‍ പൂജാരയോട് ചോദിച്ച ഒരു ചോദ്യമുണ്ട്. നിങ്ങള്‍ക്ക് ബാറ്റ് ചെയ്തു ബോറടിക്കുന്നില്ലെ എന്നായിരുന്നു അത്. ഒരു പുഞ്ചിരിയായിരുന്നു പൂജാരയുടെ മറുപടി.

ഒന്നരപതിറ്റാണ്ട് നീണ്ട ടെസ്റ്റ് കരിയറില്‍ 16,217 പന്തുകളാണ് പൂജാര നേരിട്ടത്. ഒരു ഇന്നിങ്സില്‍ ഏറ്റവുമധികം പന്ത് നേരിട്ട ഇന്ത്യൻ താരങ്ങളുടെ ശരാശരിയെടുത്താല്‍ രണ്ടാം സ്ഥാനത്താണ് പൂജാര. ദ്രാവിഡ് തന്റെ കരിയറില്‍ ശരാശരി ഒരു ടെസ്റ്റ് ഇന്നിങ്സില്‍ നേരിട്ടത് 109 പന്തുകളാണ്, പൂജാര 92 പന്തുകളും. ശരാശരി ഒരു ഇന്നിങ്സില്‍ തന്നെ രണ്ട് മണിക്കൂറെങ്കിലും പൂജാര ക്രീസില്‍ നിലകൊള്ളാറുണ്ട്, ലയണിന്റെ ചോദ്യത്തിന് ശേഷമുള്ള പുഞ്ചിരിക്ക് പിന്നിലെ ഉത്തരമാണിത്.

2010 മുതല്‍ 23 വരെ 103 ടെസ്റ്റുകളാണ് പൂജാര കളിച്ചത്. ഈ കാലയളവില്‍ ഇന്ത്യ നേരിട്ടത് 97,884 പന്തുകള്‍. പൂജാര മാത്രം നേരിട്ടത് 16, 217 എണ്ണം. അതായത് 16.5 ശതമാനം. 56 താരങ്ങള്‍ ചേര്‍ന്നാണ് അവശേഷിക്കുന്ന പന്തുകള്‍ നേരിട്ടതെന്നും ഓര്‍ക്കേണ്ടതുണ്ട്. മൂന്നാം നമ്പറിലെ വിശ്വാസമായി പൂജാരയെ കണക്കാക്കുന്നത് എന്തുകൊണ്ടെന്നതിനും കൂടുതല്‍ ദീര്‍ഘിപ്പിക്കേണ്ടതില്ല.

ടെസ്റ്റ് ക്രിക്കറ്റ് പുതിയ വിപ്ലവത്തിന്റെ പാതയിലാണ്, അക്രമണത്തിന് പ്രതിരോധത്തിനേക്കാള്‍ മുൻതൂക്കം കൊടുക്കുന്ന ഫിലോസഫി നിലനില്‍ക്കുന്ന കാലം. ഇവിടെയായിരുന്നു പൂജാരയുടെ റോളും ചോദ്യം ചെയ്യപ്പെട്ടത്. പൂജാരയുടെ ചെറുത്തുനില്‍പ്പുകളേക്കാള്‍ പലപ്പോഴും അതിനപ്പുറം പുറത്തെടുക്കാൻ കഴിയുന്നവര്‍ക്കായിരുന്നു പരിഗണന. കോലിയും രോഹിതും പടിയിറങ്ങിയ മുറ്റത്ത് നില്‍ക്കാൻ പൂജാരയ്ക്ക് അവസരമുണ്ടാകുമോയെന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

പക്ഷേ, പൂജാര കാത്തിരിപ്പിലായിരുന്നു ടീമിലേക്ക് മടങ്ങിയെത്താനാകുമെന്ന പ്രതീക്ഷ അയാള്‍ക്കുണ്ടായിരുന്നു. എന്നാല്‍, ഒടുവിലത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ മൂന്നാം നമ്പര്‍ യുവതാരത്തിന് നല്‍കി ബിസിസിഐ ആ പ്രതീക്ഷകള്‍ക്ക് മുകളില്‍ പുതിയൊരു അധ്യായം എഴുതി. ഒടുവില്‍ ആധുനകകാലത്തെ ടെസ്റ്റ് ക്രിക്കറ്റിന്റെ ഏറ്റവും നല്ല സുഹൃത്ത് പടിയിറങ്ങിയിരിക്കുന്നു. നന്ദി.

PREV
Read more Articles on
click me!

Recommended Stories

100 സെഞ്ചുറിയിലേക്ക് ദൂരം ഇനി 16; കോഹ്ലി മറികടക്കുമോ സച്ചിനെ? സാധ്യതകള്‍
എറിഞ്ഞുതോല്‍ക്കുന്ന പുതിയ ഇന്ത്യ; സിറാജ്-ഷമി-ബുമ്ര പേസ് ത്രയം എവിടെ? എന്തുകൊണ്ട് പുറത്ത്?