തന്റെ കരിയർ മാറ്റിമറിച്ച ഹോട്ടല്‍ ജീവനക്കാരനെ നേരിൽ കണ്ട് സച്ചിൻ

Published : Dec 17, 2019, 02:21 PM ISTUpdated : Dec 17, 2019, 02:26 PM IST
തന്റെ കരിയർ മാറ്റിമറിച്ച ഹോട്ടല്‍ ജീവനക്കാരനെ നേരിൽ കണ്ട് സച്ചിൻ

Synopsis

കഴിഞ്ഞ ദിവസം തന്‍റെ മൊബൈല്‍ ആപ്പായ 100എംബിയിലെ വീഡിയോയിലൂടെയാണ് കരിയർ മാറ്റിമറിച്ച ജീവനക്കാരനെക്കുറിച്ച് സച്ചിൻ വെളിപ്പെടുത്തിയത്. 

ചെന്നൈ: ഒടുവിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ ആ​ഗ്രഹം സഫലമായി. തന്‍റെ കരിയര്‍ മാറ്റിമറിച്ച ഹോട്ടല്‍ ജീവനക്കാരനെ നേരിൽ കാണണമെന്ന സച്ചിന്റെ ആ​ഗ്രഹമാണ് ദിവസങ്ങൾക്കുള്ളിൽ സഫലമായിരിക്കുന്നത്. പത്തൊമ്പത് വർഷങ്ങൾ‌ക്ക് മുമ്പ് കരിയറിന്റെ നിർണായക സമയത്ത് ആവശ്യപ്പെടാതെ തനിക്ക് ഉപദേശം നൽകിയ ​ഗുരുപ്രസാദ് എന്ന വെയ്റ്ററെ ചെന്നൈയിലെ താജ് ഹോട്ടലിലെത്തിയാണ് സച്ചിൻ കണ്ടത്.

കഴിഞ്ഞ ദിവസം തന്‍റെ മൊബൈല്‍ ആപ്പായ 100എംബിയിലെ വീഡിയോയിലൂടെയാണ് കരിയർ മാറ്റിമറിച്ച ഹോട്ടൽ ജീവനക്കാരനെക്കുറിച്ച് സച്ചിൻ വെളിപ്പെടുത്തിയത്. അദ്ദേഹത്തെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിൻ ആ വീഡിയോ ഉൾപ്പടെ ട്വീറ്റ് ചെയ്തിരുന്നു. സച്ചിന്റെ ട്വീറ്റിന് പിന്നാലെ താനാണ് ആ വ്യക്തിയെന്ന് പരിചയപ്പെടുത്തി ​ഗുരുപ്രസാദ് രം​ഗത്തെത്തിയിരുന്നു. അന്ന് സച്ചിൻ തന്ന ഓട്ടോ​ഗ്രാഫും കുറിപ്പും തെളിവായി അദ്ദേഹം ട്വീറ്റിൽ ഉൾപ്പെടുത്തിയിരുന്നു.

ഹോട്ടലിലെ ജീവനക്കാരനെക്കുറിച്ച് സച്ചിൻ പറഞ്ഞ വാക്കുകൾ വൈറലായതോടെ ​ഗുരുപ്രസാദിനെ നേരിൽ കാണാൻ ഹോട്ടൽ അധികൃതർ‌ അദ്ദേഹത്തിന് ഒരവസരം ഉണ്ടാക്കി കൊടുക്കുകയായിരുന്നു. ഹോട്ടലിലെ ജീവനക്കാരനെ കാണാനെത്തിയ സച്ചിന് ട്വീറ്ററിലൂടെ താജ് ഗ്രൂപ്പ് നന്ദിയറിയിച്ചുണ്ട്. 

ഗുരുപ്രസാദിനെ കാണാനുള്ള കാരണത്തിന് പിന്നിലെ കഥയിങ്ങനെയാണ്. ചെന്നൈയില്‍ 2001ല്‍ ഓസ്‌ട്രേലിയക്കെതിരായി നടന്ന ടെസ്റ്റിനിടെയായിരുന്നു സംഭവം. ചെന്നൈ ടെസ്റ്റിനായി ഒരു ഹോട്ടലിലായിരുന്നു ഞാന്‍. വെയ്റ്ററോട് ഒരു ചായ ആവശ്യപ്പെട്ടു. അദ്ദേഹം ചായയുമായി എന്‍റെ റൂമിലെത്തി. എന്നോട് ക്രിക്കറ്റിനെക്കുറിച്ച് ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. കാര്യങ്ങള്‍ പറഞ്ഞോളൂ എന്ന് ഞാന്‍ മറുപടി നല്‍കി.

എല്‍ബോ ഗാര്‍ഡ് കെട്ടി കളിക്കാനിറങ്ങുമ്പോള്‍ ബാറ്റിന്‍റെ ചലനത്തില്‍ ചെറിയ മാറ്റം വരുന്നുണ്ട്. താങ്കളുടെ വലിയ ആരാധകനാണ് ‍ഞാന്‍. എല്ലാ പന്തുകളും ഏറെ തവണ ആവര്‍ത്തിച്ച് കണ്ടാണ് ഇക്കാര്യം മനസിലാക്കിയതെന്നുമായിരുന്നു ​ഗുരുപ്രസാദ് തന്നോട് പറഞ്ഞിരുന്നതെന്ന് സച്ചിൻ പറഞ്ഞു.

ആദ്യമായാണ് ഇങ്ങനെയൊരു നിരീക്ഷണം ഞാന്‍ കേള്‍ക്കുന്നത്. ഗ്രൗണ്ടില്‍ നിന്ന് തിരിച്ച് ഹോട്ടലിലെത്തിയപ്പോള്‍ അദേഹം പറഞ്ഞ മാറ്റങ്ങള്‍ക്ക് അനുസരിച്ച് പുതിയ എല്‍ബോ ഗാര്‍ഡ് ഡിസൈന്‍ ചെയ്തു. അതുപയോഗിച്ചാണ് പിന്നീട് ഞാന്‍ കളിച്ചത്. അതിന് കാരണക്കാരന്‍ ആ ഹോട്ടല്‍ വെയ്റ്റര്‍ മാത്രമാണ്. അദേഹത്തെ വീണ്ടും കാണമെന്നും പരിചയപ്പെടണമെന്നുമുണ്ട്'- പ്രിയ ആരാധകരെ, നിങ്ങളതിന് സഹായിക്കില്ലേ, എന്ന് കുറിച്ചായിരുന്നു സച്ചിന്‍ ഗുരിപ്രസാദിനെ അന്വേഷിച്ചുള്ള ട്വീറ്റ് പങ്കുവച്ചത്. 

 

 


 

PREV
click me!

Recommended Stories

ചെന്നൈ തൂക്കിയ 'പിള്ളേര്‍'; ആരാണ് പ്രശാന്ത് വീറും കാർത്തിക്ക് ശർമയും?
കാമറൂണ്‍ ഗ്രീൻ: 12-ാം വയസില്‍ മരിക്കുമെന്ന് ഡോക്ടർ, ഇന്ന് ഐപിഎല്ലിലെ മൂല്യമേറിയ വിദേശതാരം