തനിക്ക് പകരം ധോണിയെ 'വൺ ഡൗണാ'യി ഇറക്കി ഗാംഗുലി കളിച്ച കളി

By Babu RamachandranFirst Published Jul 8, 2019, 11:29 AM IST
Highlights

ഗാംഗുലി ധോണിയുടെ അടുത്തേക്ക് ചെന്ന് പറഞ്ഞു, " എം എസ്.. വൺ ഡൗൺ നിങ്ങളാണ്.. ഗെറ്റ് റെഡി.. "  അമ്പരന്നു പോയ ധോണി തിരിച്ചു ചോദിച്ചു, " ദാദാ.. അപ്പോൾ നിങ്ങളോ..? " 

സൗരവ് ഗാംഗുലി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ നാൽപ്പത്തിയേഴാം പിറന്നാളാണ്. ഗാംഗുലി എന്ന പേരുകേൾക്കുമ്പോൾ ഒരുപക്ഷേ, എല്ലാവരും പെട്ടെന്നോർക്കുക 2002  ലെ നാറ്റ് വെസ്റ്റ് സീരീസിന്റെ ഫൈനലിൽ ടീഷർട്ടൂരി ഗർജ്ജിക്കുന്ന ബംഗാൾ ടൈഗറിനെയായിരിക്കും. എന്നാൽ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഓർക്കാൻ പോവുന്നത് ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും രോമാഞ്ചമായ ആ മത്സരത്തെപ്പറ്റിയല്ല. റാഞ്ചിയിൽ നിന്നും ടീമിലെത്തി, പിൽക്കാലത്ത് ഇന്ത്യയുടെ 'ക്യാപ്റ്റൻ കൂൾ' ആയ മഹേന്ദ്ര സിങ് ധോണി എന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ, തന്റെ കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടിവന്ന തിരിച്ചടികളിലൂടെ, ദാദ എന്ന ക്യാപ്റ്റൻ എങ്ങനെയാണ് കൈപിടിച്ച് കയറ്റിയത് എന്നതിനെപ്പറ്റിയാണ്. 


 

2004  ഡിസംബർ 23. ബംഗ്ളാദേശുമായി ചിറ്റഗോങ്ങിൽ വെച്ചുനടക്കാനിരിക്കുന്ന ഒന്നാം ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിൽ ഒരു മാറ്റമുണ്ട്. റാഞ്ചിയിൽ നിന്നുള്ള മുടിനീട്ടി വളർത്തിയ ഒരു പയ്യൻ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ, മഹേന്ദ്ര സിങ് ധോണിയെ പുതുമുഖ താരമായി ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഗാംഗുലിയുടെ വിക്കറ്റ് നഷ്ടമായി. ഒന്നാമത്തെ ഓവറിന്റെ രണ്ടാമത്തെ പന്തിൽ തന്നെ ഗാംഗുലി പൂജ്യനായി കൂടാരം കേറി. പന്ത്രണ്ടോവർ തികയും മുമ്പേ സച്ചിനും യുവരാജ് സിങ്ങും തിരിച്ചുകേറി. പിന്നീട് കൈഫും ദ്രാവിഡും കൂടി നടത്തിയ രക്ഷാപ്രവർത്തനം ഇന്ത്യയെ 180 കടത്തി. അപ്പോഴേക്കും ദ്രാവിഡ് ഔട്ടാവുന്നു. ഈ സമയത്താണ് ഒറ്റയക്കത്തിന് എസ് ശ്രീറാമും ഔട്ടാവുന്നത്. അതും കഴിഞ്ഞാണ് ഏഴാമനായി ധോണി തന്റെ കന്നി അന്താരാഷ്ട്ര ഏകദിനമത്സരത്തിനായി പാഡണിഞ്ഞുകൊണ്ട് കളത്തിലിറങ്ങുന്നത്. രവി ശാസ്ത്രിയാണ് കമന്ററി ബോക്സിൽ. റഫീഖിന്റെ പന്തിനെ ലെഗ് ഗള്ളിയിലേക്ക് ഫ്ലിക്ക് ചെയ്ത ധോണി സിംഗിളിനായി ചാടിയിറങ്ങുന്നു. നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിൽ നിൽക്കുന്ന, നേരിയ ഒരു സാധ്യതയെപ്പോലും സിംഗിളാക്കിമാറ്റുന്ന കൈഫ്, പതിവിനു വിരുദ്ധമായി രണ്ടടി വെച്ചിട്ട് 'നോ' പറയുന്നു. അപ്പോഴേക്കും ധോണി പിച്ചിന്റെ പാതിയോളം എത്തിക്കഴിഞ്ഞിരുന്നു. തിരിച്ചു ചെന്നപ്പോഴേക്കും വിക്കറ്റ് കീപ്പർ  ബെയിൽസ് തെറിപ്പിച്ചു കഴിഞ്ഞു. അങ്ങനെ ധോണിയുടെ ആദ്യ മത്സരം 'ഗോൾഡൻ ഡക്ക്'. 



അടുത്ത നാലു മത്സരങ്ങളിലും ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ ധോണി തികഞ്ഞ പരാജയമായിരുന്നു. അതോടെ ടീമിൽ നിന്നും വെളിയിലാവുമോ, തന്റെ ക്രിക്കറ്റ് കരിയർ തുടക്കത്തിൽ തന്നെ അവസാനിക്കുമോ എന്നൊക്കെയുള്ള ഭയം ധോണിയെ ആവേശിച്ചു  അന്ന്. അടുത്ത മത്സരം വിശാഖപട്ടണത്ത് പാകിസ്ഥാനുമായിട്ടായിരുന്നു. മറ്റുള്ളവരൊക്കെയും ധോണിയെ പഴിച്ചുകൊണ്ടിരുന്നപ്പോഴും, ആ കളിക്കാരന്റെ അസാമാന്യപ്രതിഭ ഒറ്റനോട്ടത്തിൽ തന്നെ ബോധ്യപ്പെട്ട ഒരാളുണ്ടായിരുന്നു ടീമിൽ. മറ്റാരുമല്ല, ക്യാപ്റ്റൻ സൗരവ് ഗാംഗുലി തന്നെ. അതുവരെ ആറാമനായും ഏഴാമനായുമൊക്കെ ഇറങ്ങിക്കൊണ്ടിരുന്ന ധോണിയെ ദാദ ആ നിർണായക മത്സരത്തിൽ തന്റെ സ്ഥാനത്ത്, വൺ ഡൌൺ ആയി കളിക്കാൻ പറഞ്ഞയച്ചു. തന്റെ ക്യാപ്റ്റൻ തന്നിലർപ്പിച്ച വിശ്വാസത്തിന്   തന്റെ ബാറ്റുകൊണ്ട് നന്ദിപറഞ്ഞ ധോണി 123  പന്തിൽ 15  ഫോറും നാലു സിക്സറുകളും പറത്തിക്കൊണ്ട്  ആ മത്സരത്തിൽ അടിച്ചുകൂട്ടിയത്  148 റൺസായിരുന്നു. 
 


മത്സരത്തിന് ശേഷം ധോണി പറഞ്ഞു, " ഈ കളി എന്നെ സംബന്ധിച്ചിടത്തോളം ഒരു ജീവന്മരണ പോരാട്ടമായിരുന്നു. ഇത് എന്റെ അഞ്ചാമത്തെ അവസരമായിരുന്നു, ഇതെങ്കിലും മുതലാക്കിയില്ലെങ്കിൽ സെലക്ടർമാർ എന്നെ ടീമിൽ നിന്നും ഒഴിവാക്കിയിരുന്നേനെ. ഈ സെഞ്ച്വറിയോടെ എനിക്ക് ആ ഭയം ഇല്ലാതെയായി.." ആ മത്സരത്തിൽ പാകിസ്താനെ ഇന്ത്യ 58  റൺസിന് തോൽപ്പിച്ചു. ധോണിയെ മാൻ  ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കുകയും ചെയ്തു. 

ആ കളിയിൽ, കഴിഞ്ഞ നാലുമത്സരങ്ങളിലും പരാജയപ്പെട്ട ധോണിയെ, തന്റെ സ്ഥാനത്ത് കളിപ്പിക്കുക എന്ന 'റിസ്കി' തീരുമാനം പൂർണമായും ഗാംഗുലി എന്ന ക്യാപ്റ്റന്റെ മാത്രമായിരുന്നു. ഗാംഗുലി പറഞ്ഞു, " ഞാൻ ധോണിയുടെ ബാറ്റിങ്ങ് കണ്ടിട്ടുണ്ട്. അദ്ദേഹത്തിന് കുറേക്കൂടി വലിയ ഒരു പ്ലാറ്റ്‌ഫോം കൊടുക്കേണ്ടതുണ്ട് എന്നെനിക്ക് തോന്നി. ആത്മവിശ്വാസം ഒന്ന് ഉറച്ചോട്ടെ എന്നുകരുതിയാണ് രണ്ടും കൽപ്പിച്ച് ടീം പ്ലാനിന്‌ വിരുദ്ധമായി ഞാൻ ധോണിയെ മൂന്നാമതായി കളിക്കാൻ ഇറക്കിയത്.. അത് വിജയം കണ്ടു.." 

മത്സരം തുടങ്ങുന്നതിനു മുമ്പുള്ള തീരുമാനം, കഴിഞ്ഞ കളികളിലേതുപോലെ, ധോണിയെ പാക്കിസ്ഥാനെതിരായ കളിയിലും ഏഴാമതായി തന്നെ ഇറക്കാം എന്നായിരുന്നു. അതുകൊണ്ട് ധോണി ഒരു ഷോർട്സും ഇട്ടുകൊണ്ട് വളരെ ശാന്തനായി ഇരിക്കുകയായിരുന്നു. ഗാംഗുലി ധോണിയുടെ അടുത്തേക്ക് ചെന്ന് പറഞ്ഞു, " എം എസ്.. വൺ ഡൗൺ നിങ്ങളാണ്.. ഗെറ്റ് റെഡി.. " 
അമ്പരന്നു പോയ ധോണി തിരിച്ചു ചോദിച്ചു, " ദാദാ.. അപ്പോൾ നിങ്ങളോ..? " 
" ഞാൻ നാലാമത് ഇറങ്ങിക്കോളാം, പ്രശ്നമില്ല.." 

തന്റെ ആത്മകഥയിൽ ഗാംഗുലി ധോണിയെപ്പറ്റി ഇങ്ങനെ എഴുതി, " 2003-ലെ ലോകകപ്പിൽ മഹേന്ദ്ര സിങ്ങ് ധോണി ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. അന്ന് ഞങ്ങൾ ലോകകപ്പിൽ പോരാടുമ്പോൾ, ടിയാൻ ഇന്ത്യൻ റെയിൽവേയുടെ തീവണ്ടികളിൽ ടിടിഇ ആയി കോട്ടുമിട്ട് വിലസുകയായിരുന്നു എന്നുപറഞ്ഞാൽ, അതെത്ര അവിശ്വസനീയമാണ്..! " 

തന്റെ ടീമിലേക്ക് മാച്ച് വിന്നിങ് കപ്പാസിറ്റിയുള്ള കളിക്കാരെ തിരഞ്ഞു നടക്കുന്ന കാലത്താണ് ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ കണ്ണിൽ മഹേന്ദ്ര സിങ് ധോണി എന്ന റാഞ്ചിക്കാരൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പെടുന്നത്. കളിയുടെ ഗതി മാറ്റുന്ന ഒരാളായല്ല ഗാംഗുലി ധോണിയെ കണ്ടത്. കളിയുടെ റിസൾട്ടുതന്നെ തന്റെ പക്ഷത്തേക്ക് മാറ്റാൻ ശേഷിയുള്ള ഒരു പ്രതിഭാധനനാണ് ധോണി എന്ന് ഒറ്റ നോട്ടത്തിൽ തന്നെ ഗാംഗുലിക്ക് ബോധ്യപ്പെട്ടിരുന്നു. അതാണ് ഇന്ത്യൻ ടീമിലേക്കുള്ള ധോണിയുടെ സെലക്ഷനിലേക്ക് നയിക്കുന്നത്. 

ധോണിയെ ടീമിലെടുത്തപ്പോൾ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പറായിരുന്നത് ദീപ് ദാസ് ഗുപ്തയായിരുന്നു. എന്നാൽ ഗുപ്തയുടെ ബാറ്റിങ്ങ് വളരെ മോശമായിരുന്നു. റൺസെടുക്കുമായിരുന്നു എങ്കിലും, മാച്ച് വിന്നർ ഒന്നുമായിരുന്നില്ല ദീപ് ദാസ്. സെലക്ടർമാർക്കും രണ്ടു വിക്കറ്റ് കീപ്പർമാരെ ടീമിൽ നിലനിർത്താൻ താത്പര്യമുണ്ടായിരുന്നില്ല. രണ്ടിലാരെ വേണം എന്ന ചോദ്യത്തിന് ധോണി തീരുമാനമുണ്ടാക്കിയത് തന്റെ ബാറ്റുകൊണ്ടാണ്. അതിന് ധോണിയ്ക്ക് അവസരമുണ്ടാക്കികൊടുത്തതോ, തുടർച്ചയായ നാലു പരാജയങ്ങളിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടുഴറിക്കൊണ്ടിരുന്ന ഒരു പുതുമുഖത്തെ തനിക്കു പകരം ക്രീസിലിറക്കി കരകയറ്റാൻ സന്മനസ്സുകാട്ടിയ ദാദ എന്ന ക്യാപ്ടനും. അന്ന് മഹേന്ദ്ര സിങ് ധോണിയ്ക്കുനേരെ സൗരവ് ഗാംഗുലി വെച്ചു നീട്ടിയ ആ കച്ചിത്തുരുമ്പ് പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തലവര തന്നെ മാറ്റിയെഴുതിയതിന് ചരിത്രം സാക്ഷി. 

ഗാംഗുലി - ധോണി എന്നീ ഇന്ത്യകണ്ട ഏറ്റവും മികച്ച രണ്ടു ക്യാപ്റ്റന്മാർക്കിടയിൽ വളരെ രസകരമായ ഒരു സംഗതി കൂടിയുണ്ട്. ഗാംഗുലിയുടെ ക്യാപ്റ്റൻസിയിലാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്. ഗാംഗുലിയുടെ വിടവാങ്ങൽ മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനോ, സാക്ഷാൽ ധോണിയും. മത്സരത്തിനിടെ ഗാംഗുലിയോടുള്ള ആദരസൂചകമായി ധോണി തന്റെ 'ക്യാപ്റ്റൻസ് ക്യാപ് ' ദാദയെ തന്നെ ഏൽപ്പിക്കുകയും, ദാദ അത് സസന്തോഷം ഏറ്റുവാങ്ങി തന്റെ അവസാന മത്സരം പൂർത്തിയാക്കുകയും ചെയ്തു. 


 

 

സൗരവ് ഗാംഗുലി എന്ന പ്രതിഭാധനനായ ഇടംകൈയൻ ബാറ്റ്സ്മാന്, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാൾക്ക്,  ശുഭ ജന്മദിനം..! 
 

click me!