ടാലന്റ് ഫാക്ടറി; ഇവരെ മുംബൈ എങ്ങനെ കണ്ടെത്തുന്നു?

Published : Apr 04, 2025, 03:22 PM IST
ടാലന്റ് ഫാക്ടറി;  ഇവരെ മുംബൈ എങ്ങനെ കണ്ടെത്തുന്നു?

Synopsis

അഞ്ച് കിരീടത്തിന്റേയും ഇതിഹാസങ്ങളുടേയും പെരുമയ്ക്കപ്പുറമാണ് മുംബൈ ഇന്ത്യൻസ്

ഇതുവരെ കണ്ടിട്ടില്ലാത്ത തരം ബൗളിങ് ആക്ഷനുമായി വന്നൊരു ബുംറ, മാഗി മാത്രം കഴിച്ച് കളിച്ചുനടന്ന ഹാര്‍ദിക്കും ക്രുണാലും, പെരിന്തല്‍മണ്ണക്കാരൻ വിഘ്നേഷ് പുത്തൂര്‍, പഞ്ചാബിലെ അറിയപ്പെടാത്ത ഗ്രാമത്തില്‍ നിന്ന് അശ്വനി കുമാര്‍...പേരുകള്‍ ഇനിയും ചേര്‍ക്കാനുണ്ട്, അന്ത്യമില്ലാത്തൊരു നിരയാണിത്. അഞ്ച് കിരീടത്തിന്റേയും ഇതിഹാസങ്ങളുടേയും പെരുമയ്ക്കപ്പുറമാണ് മുംബൈ ഇന്ത്യൻസ് എന്ന് ഈ പേരുകള്‍ തെളിയിക്കും. മുംബൈ ഇന്ത്യൻസ് എന്ന ടാലന്റ് ഫാക്ടറി.

മേല്‍പ്പറഞ്ഞ പേരുകളില്‍ പലതും ഇന്ന് ലോക്രിക്കറ്റിന്റെ മുൻനിരയിലുള്ളവരാണ്, മറ്റുള്ളവര്‍ ഉറ്റുനോക്കപ്പെടുന്നവരും. മൈതാനങ്ങള്‍ കയറിയിറങ്ങി, ടൂര്‍ണമെന്റുകള്‍ വിടാതെ പിന്തുടര്‍ന്ന മുംബൈ സ്കൗട്ടിങ് ടീമിന്റെ വിയര്‍പ്പിന്റെ ഫലം. എങ്ങനെയാണ് മുംബൈ ഒരു താരത്ത തിരഞ്ഞെടുക്കുന്നത്, എന്തൊക്കെയാണ് മാനദണ്ഡങ്ങള്‍. മലയാളി താരം വിഘ്നേഷ് പുത്തൂര്‍ സഞ്ചരിച്ച വഴിയെക്കുറിച്ച് അറിയാം.

മുഖ്യപരിശീലകൻ മഹേല ജയവര്‍ധന, ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് രാഹുല്‍ സങ്ക്വി, ചീഫ് ഡാറ്റ പെര്‍ഫോമൻസ് മാനേജര്‍ ധനഞ്ജയ് എന്നിവരാണ് സ്കൗട്ടിങ് ടീമിന്റെ തലപ്പത്ത്. പരിചയസമ്പന്നരായ താരങ്ങളെയാണ് ടൂര്‍ണമെന്റുകള്‍ നേരിട്ട് നിരീക്ഷിക്കാൻ അയക്കുക. 

രണ്ട് തരത്തിലാണ് മുംബൈ താരങ്ങളെ മാര്‍ക്ക് ചെയ്യുന്നത്. ഒന്ന് ടീമിന്റെ ആവശ്യകതയനുസരിച്ച് താരങ്ങളെ ട്രയല്‍സിന് വിളിക്കും. ട്രയല്‍സില്‍ മികവ് തെളിയിക്കാൻ കഴിഞ്ഞാല്‍ താരലേലത്തില്‍ രജിസ്റ്റര്‍ ചെയ്യിക്കും. മറ്റൊന്ന് വളരെ ചെറിയ പ്രായത്തില്‍ തന്നെ കഴിവ് തിരിച്ചറിഞ്ഞ് വളര്‍ത്തിക്കൊണ്ടുവരുന്ന രീതിയാണ്. 

പ്രധാനമായും സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡുകള്‍ നടത്തുന്ന ട്വന്റി 20 ടൂര്‍ണമെന്റുകളും അല്ലാതെ നടക്കുന്ന പ്രദേശിക ടൂര്‍ണമെന്റുകളുമാണ് ടാലന്റ് ഹണ്ടിനായി ആശ്രയിക്കുന്നത്. ഇതിനായി ലോക്കല്‍ സ്കൗട്ടര്‍മാര്‍ മുംബൈക്ക് കീഴിലുണ്ട്. ഇവരാണ് കോച്ചിങ് സ്റ്റാഫിന് വിവരങ്ങള്‍ കൈമാറുന്നത്. ലോക്കല്‍ സ്കൗട്ടര്‍മാരുടെ പ്രവര്‍ത്തനമാണ് ഇവിടെ നിര്‍ണായകമാകുന്നത്.

ഉദാഹരണത്തിന് കേരളത്തിന്റെ സീനിയര്‍ ടീമില്‍ ഇതുവരെ ഭാഗമാകാത്ത താരമാണ് വിഘ്നേഷ് പുത്തൂര്‍. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനായി നടത്തിയ പ്രകടനമാണ് വിഘ്നേഷിന് തുണയായത്. അശ്വനിക്ക് ഷെര്‍ ഇ പഞ്ചാബ് ടി20 ലീഗും. സികെ നായുഡു ട്രോഫിയില്‍ നിന്നായിരുന്നു നേഹല്‍ വധേരയെ മുംബൈ കണ്ടെത്തിയത്. നേഹല്‍ നിലവില്‍ പഞ്ചാബ് കിങ്സിന്റെ താരമാണ്.

സ്കൗട്ടിങ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ വിവിധ വിഭാഗങ്ങളില്‍ പരിശീലകരുടെ കീഴില്‍ ട്രയല്‍സുണ്ടാകും. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ്, പവര്‍ ഹിറ്റിങ്, ഷോട്ട് സെലക്ഷൻ, ഡെത്ത് ഓവര്‍ ബൗളിങ്, വേരിയേഷനുകള്‍, വിവിധ പൊസിഷനുകളിലെ ഫീല്‍ഡിങ്, ഫീല്‍ഡിലെ മാനസിക നില എന്നിവയെല്ലാം കൃത്യമായി പരിശോധിക്കുകയും പരിശീലനം നല്‍കുകയും ചെയ്യും. 

താരലേലത്തില്‍ സ്വന്തമാക്കിയാലും കളത്തിലിറക്കാതെ ടീമിനൊപ്പം ചേര്‍ത്തും പരിശീലനം നല്‍കും. ഇത്തരം താരങ്ങളെ ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമാക്കുകയും ഒന്നല്ലെങ്കില്‍ രണ്ട് സീസണുകളിലെ പ്രകടനം വിലയിരുത്തുകയും ചെയ്യും. മികവ് ഉയരണം, സ്ഥിരതയോടെയുള്ള പ്രകടനങ്ങള്‍ കാഴ്ചവെക്കണം. ഇത് രണ്ടും മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ച് വളരെ നിര്‍ണായകമായ കാര്യങ്ങളാണ്. ഇതിന് ശേഷമായിരിക്കും മുംബൈക്കായി കളത്തിലെത്തിക്കുക.

താരലേലത്തില്‍ തങ്ങള്‍ നോട്ടമിട്ടിരിക്കുന്ന താരങ്ങളെ ലഭിക്കുമെന്ന് ഉറപ്പുള്ള ഒന്നല്ല. അതുകൊണ്ട് ബാക്ക് അപ്പായും താരങ്ങളെ പട്ടികയില്‍ ചേര്‍ക്കും. വിഘ്നേഷിനേയും അശ്വനിയേയും അടിസ്ഥാന വിലയ്ക്കായിരുന്നു മുംബൈ സ്വന്തമാക്കിയത്. മറ്റ് ടീമുകളുടെ സ്കൗട്ടിങ്ങിനേക്കാള്‍ മികവ് മുംബൈക്കുണ്ടെന്ന് തെളിയിച്ച ഒന്നായിരുന്നു ഇത്. 

എന്നാല്‍, തിലക് വര്‍മയുടെ കാര്യത്തില്‍ മുംബൈക്കൊപ്പം തന്നെ ലേലത്തിലുണ്ടായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്സ്. അവസാന ലാപ്പിലായിരുന്നു തിലകിന് വിട്ടുനല്‍കാൻ ചെന്നൈ തയാറായത്. 1.7 കോടി രൂപയ്ക്കായിരുന്നു തിലകിനെ മുംബൈ അന്ന് സ്വന്തമാക്കിയത്. ഇന്ന് ഇന്ത്യയുടെ ഏറ്റവും മികച്ച ട്വന്റി 20 ബാറ്റര്‍മാരിലൊരാളാണ് തിലക്. ഇന്ന് ഐപിഎല്ലിലെ തിലകിന്റെ മൂല്യം എട്ട് കോടി രൂപയാണ്.

സ്കൗട്ടിലൂടെ കണ്ടെത്തിയതിന് ശേഷം പിന്നീട് മുംബൈ വിട്ടുകളഞ്ഞ താരങ്ങളുമുണ്ട്. അക്സര്‍ പട്ടേല്‍, യുസുവേന്ദ്ര ചഹല്‍ എന്നിവരൊക്കെ മുംബൈയില്‍ നിന്നായിരുന്നു തുടങ്ങിയത്. പക്ഷേ, പിന്നീട് മറ്റ് ടീമുകളിലേക്ക് ചേക്കേറി. മറ്റ് ടീമുകളില്‍ നിന്ന് എത്തിയവരുടെ കഴിവ് കൃത്യമായി ഉപയോഗിച്ച ചരിത്രവും മുംബൈക്കുണ്ട്. ഇഷാൻ കിഷനും സൂര്യകുമാര്‍ യാദവും അതിന്റെ ഉദാഹരണങ്ങളാണ്. 

ദേശീയ ടീമിലേക്ക് നല്‍കുന്ന സംഭാവനയാണ് ഐപിഎല്ലില്‍ മറ്റ് ടീമുകളില്‍ നിന്ന് മുംബൈ ഇന്ത്യൻസിനെ വ്യത്യസ്തരാക്കുന്നത്. ഇന്ത്യൻ ടീമിലെ ഏറ്റവും വലിയ മാച്ച് വിന്നറാണ് ഇന്ന് ബുംറ. പലരും പരിഹസിച്ച താരം കൂടിയായിരുന്നു ബുംറ. ഹാര്‍ദിക്ക് പാണ്ഡ്യ നിര്‍ണായക താരവും ഭാവി നായകനായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു. ചഹലും അക്സറും തിലകും കൃണാലുമെല്ലാം നീലക്കുപ്പായമണിഞ്ഞു...അഞ്ച് കിരീടത്തിന്റേയും ഇതിഹാസങ്ങളുടേയും പെരുമയ്ക്കപ്പുറമാണ് മുംബൈ ഇന്ത്യൻസ്...

PREV
Read more Articles on
click me!

Recommended Stories

ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?
ടോപ് ഗിയറില്‍ രോഹിത് - കോഹ്‌ലി സഖ്യം; ഗംഭീറിന് ഇനിയും എന്താണ് വേണ്ടത്?