ബൗളിങ് പോരാ, ടീം സെലക്ഷനും; വിൻഡീസ് പരമ്പര ഇന്ത്യക്ക് നല്‍കുന്ന പാഠം എന്ത്?

Published : Oct 18, 2026, 12:38 PM IST
India

Synopsis

ടാലന്റ് ഹൗസെന്ന് വാഴ്ത്തപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റിന് മുന്നില്‍ ചില ചോദ്യങ്ങളും ഡാരൻ സമിയുടെ സംഘം ബാക്കിവെച്ചിട്ടുണ്ട്. അത് ബൗളിങ് ഡിപ്പാര്‍ട്ട്മെന്റില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല താനും

അവസാനമായി ഒരു ടി20 ഹോം സീരീസ് ഇന്ത്യയ്ക്ക് വിജയിക്കാൻ കഴിയാതെ പോയത് എന്നാണ്. കൃത്യമായി ഓർത്തെടുക്കുക പോലും പ്രയാസം, നാല് വർഷത്തിന്റെ ദൂരമുണ്ട് ആ പരമ്പരയിലേക്ക്. അത്രത്തോളം ഡൊമിനന്റാണ് ഫോർമാറ്റില്‍ ഇന്ത്യ. എന്നാല്‍ ഈ ആധിപത്യത്തെ വെസ്റ്റ് ഇൻഡീസ് ഒന്നു വെല്ലുവിളിച്ചിട്ടാണ് മടങ്ങിയിരിക്കുന്നത്. ടാലന്റ് ഹൗസെന്ന് വാഴ്ത്തപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റിന് മുന്നില്‍ ചില ചോദ്യങ്ങളും ഡാരൻ സമിയുടെ സംഘം ബാക്കിവെച്ചിട്ടുണ്ട്. അത് ബൗളിങ് ഡിപ്പാര്‍ട്ട്മെന്റില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല താനും.

ജസ്പ്രിത് ബുമ്ര ഇല്ല. വരുണ്‍ ചക്രവര്‍ത്തി പരിക്കിലാണ്. ഹാര്‍ദിക്ക് പാണ്ഡ്യയുടെ അഭാവം ടീമിന്റെ ബാലൻസിനെ ബാധിച്ചു. ബാറ്റര്‍മാര്‍ക്ക് അനുകൂലമായ വിക്കറ്റിലായിരുന്നു മത്സരങ്ങള്‍. ബൗളര്‍മാര്‍ക്ക് പരിമിതികളുണ്ടായിരുന്നു. ശ്രേയസ് അയ്യരെന്ന നായകന്റെ കീഴിലെ ട്രാൻസിഷൻ ഫേസിലാണ് ഇന്ത്യയുടെ ടി20 സംഘം. ഇത്തരം ന്യായീകരണങ്ങളൊക്കെയും നിരത്താം. ഒരേസമയം മൂന്ന് ടി20 ടീമിനെ വരെ കളിപ്പിക്കാൻ കഴിയുന്നത്ര ബെഞ്ച് സ്ട്രെങ്തുണ്ടെന്ന വാദങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ഒന്നുകൂടി ചിന്തിക്കണമെന്ന് മാത്രം. തുടരെ രണ്ട് ടി20 ലോകകപ്പ് നേടിയ ഇന്ത്യ സ്വന്തം മൈതാനങ്ങളില്‍ എക്സ്പോസ് ചെയ്യപ്പെട്ടിരിക്കുന്നു.

പ്രതിക്കൂട്ടില്‍ ആദ്യം സ്പിൻ ഡിപ്പാര്‍ട്ട്മെന്റാണ്. അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, നമൻ ധീര്‍. വരുണിന്റെ അഭാവത്തില്‍ അറ്റാക്കിങ് സ്പിന്നറുടെ റോള്‍ ഏറ്റെടുക്കാൻ ആരുണ്ട് എന്ന ആശങ്ക അവശേഷിക്കുകയാണ്. ടീമിലെ അക്സറിന്റെ സ്ഥാനത്തെ തന്നെ ചോദ്യം ചെയ്യാനുള്ളതൊക്കെ പരമ്പരയിലുണ്ട്. വിക്കറ്റ് ടേക്കറായ കുല്‍ദീപിനെ മാറ്റി നിര്‍ത്തിയപ്പോള്‍ അക്സറായിരുന്നു ഫസ്റ്റ് ചോയിസ് സ്പിന്നര്‍. പരമ്പരയിലുടനീളമായി 13.4 ഓവര്‍ എറിഞ്ഞ അക്സറിന്റെ എക്കോണമി 12ന് മുകളിലാണ്, നാല് വിക്കറ്റാണ് ആകെ നേട്ടം. റാഞ്ചിയിലെ അക്സറിന്റെ എക്കോണമി 18 ആയിരുന്നു.

വാഷിങ്ടണ്‍ സുന്ദറിന്റെ പകരക്കാരനായി എത്തിയ നമൻ ആ അഭാവം നികത്തിയെന്ന് പറയാം, പക്ഷേ ഒരു ഹൈലി ഇംപ്രസീവ് പ്രകടനം ആയിരുന്നില്ല. പക്ഷേ, ആകെ എറിഞ്ഞ 10 ഓവറില്‍ നിന്ന് അഞ്ച് വിക്കറ്റ് നമൻ വീഴ്ത്തി. ബാറ്റിങ്ങില്‍ സുന്ദറിനേക്കള്‍ എക്സ്പ്ലോസീവും. പ്രത്യേകിച്ചും ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ലോവര്‍ ഓര്‍ഡറിലെ പവര്‍ ഹിറ്ററായും നമന്റെ സാന്നിധ്യം ഇന്ത്യക്ക് ഗുണം ചെയ്തിട്ടുണ്ട്. ടി20യില്‍ മാത്രമല്ല ഏകദിനത്തിലും. പക്ഷേ, നമനെ ഉള്‍പ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ ബൗളിങ് കോമ്പിനേഷൻ ആകെ മാറിമറിയുന്നുണ്ട്.

ഫിഫ്ത്ത് ബൗളിങ് ഓപ്ഷനായി നമൻ അല്ലെങ്കില്‍ നിതീഷ് കുമാര്‍ റെഡ്ഡി. ഇവിടെയാണ് ഇന്ത്യ ഏറെക്കാലമായി നേരിടുന്ന ടാക്റ്റിക്കല്‍ ഡിലമ. കുല്‍ദീപിനെ എങ്ങനെ ഉപയോഗിക്കാം എന്നത്. കുല്‍ദീപൊരു അറ്റാക്കിങ് ഓപ്ഷനായി നിലനില്‍ക്കുമ്പോള്‍ കൂടുതല്‍ ഡിഫൻസീവായ ബൗളിങ് സമീപനമായിരുന്നു ഇന്ത്യ സ്വീകരിച്ചത്. ഇതോടെ സ്പിൻ ഡിപ്പാര്‍ട്ട്മെന്റില്‍ അറ്റാക്കിങ് ബൗളറില്ലാതെയായി. കളിച്ച രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപിന്റെ എക്കോണമിയും സ്ട്രൈക്ക് റേറ്റും അക്സറിനേക്കാള്‍ മികച്ചതുമായിരുന്നു.

ഇവിടെ ചേര്‍ത്ത് വെക്കേണ്ട മറ്റൊരു വസ്തുത ഇന്ത്യൻ സ്പിന്നര്‍മാരേക്കാള്‍ മികവ് പുലര്‍ത്താൻ വെസ്റ്റ് ഇൻഡീസ് ഓഫ് സ്പിന്നര്‍ റോസ്റ്റൻ ചേസിന് കഴിഞ്ഞുവെന്നതാണ്. ചേസിന്റെ എക്കോണമി ഒൻപത് മാത്രമാണ്, വീഴ്ത്തിയത് ആറ് ബാറ്റര്‍മാരെ. സ്വന്തം മണ്ണില്‍ ഇന്ത്യൻ സ്പിന്നര്‍മാര്‍ ശരാശരിയില്‍ ഒതുങ്ങിയപ്പോഴാണ് ചേസിന്റെ പ്രകടനം, ഇതൊരു അലാമിങ് സൈൻ തന്നെയാണ്. ഏത് കോമ്പിനേഷൻ, ഏതൊക്കെ ബൗളര്‍മാര്‍, ഡിഫൻസീവാകണോ അറ്റാക്കിങ് മെന്റാലിറ്റി വേണോ എന്നതിലൊക്കെ ക്ലാരിറ്റിയിലേക്ക് എത്തേണ്ടതുണ്ട്.

ഇനി പേസ് ഡിപ്പാര്‍ട്ട്മെന്റ്. അര്‍ഷദീപ് സിങ്ങെന്ന ഇന്ത്യ കണ്ട ഏറ്റവും മികച്ച ടി20 ബൗളര്‍മാരില്‍ ഒരാള്‍. ഹൈയസ്റ്റ് വിക്കറ്റ് ടേക്കര്‍. നാല് കളികളില്‍ നിന്ന് അഞ്ച് വിക്കറ്റ്, ഒരു ഓവറില്‍ ശരാശരി വിട്ടുകൊടുക്കുന്ന റണ്‍സ് 11ന് അടുത്ത്. ബുമ്രയില്ലാത്ത ബൗളിങ് നിരയില്‍ അര്‍ഷദീപിന്റെ കണക്കുകള്‍ ഇത്രമതിയോ എന്നതാണ് ചോദ്യം. മായങ്ക് യാദവ് ന്യൂബോളില്‍ എഫക്റ്റീവായിരുന്നു. പക്ഷേ, നിതീഷിനെ ഉള്‍പ്പെടുത്തിയ തന്ത്രം പാളുകയും ചെയ്തു. പരമ്പരയില്‍ ആകെ എറിഞ്ഞത് അഞ്ച് ഓവര്‍ മാത്രം. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ബൗളിങ്ങില്‍ ഇന്ത്യക്ക് കൃത്യമായൊരു തന്ത്രം ഇല്ലായിരുന്നു എന്ന് വേണം മനസിലാക്കാൻ.

ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗ്, മൂന്ന് ടി20 ലോകകിരീടങ്ങള്‍, എണ്ണിയാലൊടുങ്ങാത്ത ടാലന്റുകള്‍...പക്ഷേ പരിചിതമായ സാഹചര്യങ്ങളില്‍ ബിഗ് ഹിറ്റേഴ്സിനെതിരെ എന്ത് ചെയ്യണമെന്നതില്‍ വ്യക്തയുള്ള ബൗളിങ് സംഘത്തെ ഒരുക്കാൻ കഴിയാതെ പോയി. ബുമ്രയുടേയും ഹാര്‍ദിക്കിന്റെയും അവൈലിബിലിറ്റി എല്ലാ പരമ്പരയിലും ഭാവിയില്‍ പ്രതീക്ഷിക്കാനാകില്ല, വരുണ്‍ കഴിഞ്ഞ ഒരു വര്‍ഷമായി അത്ര മികച്ച ഫോമിലുമല്ല. ഇന്ത്യയുടെ ടി20 ഡൊമിനൻസിന് ഇളക്കം തട്ടാതെ ഇരിക്കണമെങ്കില്‍ പരിഹാരങ്ങള്‍ കണ്ടെത്തിയെ മതിയാകു.

PREV
Read more Articles on
click me!

Recommended Stories

ലൂണ കളിക്കുമോ, നോർത്ത് ഈസ്റ്റിനെതിരെ വെസ്റ്റ്‌വുഡിന്റെ തന്ത്രമെന്തായിരിക്കും?
രണ്ടാം വിക്കറ്റ് കീപ്പറായിപ്പോലും പരിഗണിക്കില്ലേ! സഞ്ജുവിനെ തഴഞ്ഞതിന് ന്യായമുണ്ടോ?