റോഡ് മാര്‍ഷ് മുതല്‍ ഷെയ്‌ന്‍ വോണ്‍ വരെ; കായികലോകത്ത് 2022ലെ നഷ്‌ടങ്ങള്‍

By Jomit JoseFirst Published Dec 24, 2022, 7:30 PM IST
Highlights

ഷെയ്‌ന്‍ വോണ്‍ എന്ന എക്കാലത്തെയും വലിയ ക്രിക്കറ്റ് ഐക്കണ്‍മാരില്‍ ഒരാളെ കായിക ലോകത്തിന് നഷ്‌ടമായ വര്‍ഷം

നേട്ടങ്ങളുടേത് മാത്രമല്ല, നഷ്‌ടങ്ങളുടേത് കൂടിയാണ് ഓരോ വര്‍ഷവും. 2022 കായിക ലോകത്ത് വലിയ നഷ്‌ടങ്ങളുടെ കാലമാണ്. പ്രത്യേകിച്ച് ഷെയ്‌ന്‍ വോണ്‍ എന്ന എക്കാലത്തെയും വലിയ ക്രിക്കറ്റ് ഐക്കണ്‍മാരില്‍ ഒരാളെ കായിക ലോകത്തിന് നഷ്‌ടമായ വര്‍ഷം. വോണ്‍ മാത്രമല്ല. മറ്റ് ചില ഇതിഹാസങ്ങളും 2022ല്‍ നമ്മോട് എന്നേക്കുമായി യാത്ര പറഞ്ഞു. 

ഷെയ്‌ന്‍ വോണ്‍- മാര്‍ച്ച് 4

ഓസ്‌ട്രേലിയന്‍ സ്‌പിന്‍ ഇതിഹാസം ഷെയ്‌ന്‍ വോണ്‍ ക്രിക്കറ്റിന്‍റെയും ജീവിതത്തിന്‍റെ മാന്ത്രിക പന്തുകള്‍ അവസാനിപ്പിച്ച് വിടവാങ്ങിയ വര്‍ഷമാണ് 2022. തായ്‌ലന്‍ഡില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 52-ാം വയസില്‍ എക്കാലത്തെയും മികച്ച ലെഗ് സ്‌പിന്നറുടെ വേര്‍പാട്. 

ഓസ്‌ട്രേലിയക്കായി 1992-2007 കാലഘട്ടത്തില്‍ 145 ടെസ്റ്റും 194 ഏകദിനങ്ങളും ഷെയ്‌ന്‍ വോണ്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 708 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള വോണ്‍ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാണ്. ഏകദിനത്തില്‍ 293 വിക്കറ്റുകളും വോണിന്‍റെ പേരിലുണ്ട്. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്‌സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ പേരിലാക്കി. ഏകദിനത്തില്‍ ഒരു തവണയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി. സച്ചിന്‍-വോണ്‍ പോരാട്ടമായിരുന്നു ഒരുകാലത്ത് ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ താരവൈരം. ഐപിഎല്ലിന്‍റെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ കിരീടത്തിലേക്ക് നയിച്ച നായകന്‍ കൂടിയാണ് വോണ്‍. 

റോഡ് മാര്‍ഷ്- മാര്‍ച്ച് 4

ഓസ്ട്രേലിയന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ റോഡ് മാര്‍ഷ് അന്തരിച്ച വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. അഡ്‌ലെയ്‌ഡില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 74കാരന്‍റെ അന്ത്യം. 1970 മുതല്‍ 84 വരെ വിഖ്യാതമായ ഓസീസ് കുപ്പായത്തില്‍ 96 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട് മുന്‍ വിക്കറ്റ് കീപ്പര്‍. 92 ഏകദിന മത്സരങ്ങളിലും അദ്ദേഹം ഓസ്‌ട്രേലിയന്‍ ജേഴ്‌സിയണിഞ്ഞു. ഡെന്നിസ് ലിലി-റോഡ് മാര്‍ഷ് സഖ്യം പ്രസിദ്ധമായിരുന്നു. ഇരുവരും ചേര്‍ന്ന് 95 പേരെ പുറത്താക്കി. 

ഇടങ്കയ്യനായിരുന്നു മാര്‍ഷ് ഓസ്‌ട്രേലിയക്ക് വേണ്ടി ടെസ്റ്റ് സെഞ്ചുറി നേടിയ ആദ്യ വിക്കറ്റ് കീപ്പറാണ്. 96 ടെസ്റ്റില്‍ നിന്ന് മൂന്ന് സെഞ്ചുറികളും 16 അര്‍ധ സെഞ്ചുറികളോടെയും 3633 റണ്‍സാണ് റോഡ് മാര്‍ഷിന്‍റെ സമ്പാദ്യം. 92 ഏകദിനങ്ങളില്‍ 1225 റണ്‍സ് സ്വന്തമാക്കി. 257 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 12 സെഞ്ചുറികളോടെ 11067 റണ്‍സും പേരിലുണ്ട്. 

ആന്‍ഡ്രൂ സൈമണ്ട്‌സ്- മെയ് 14

രണ്ട് തവണ ലോകകപ്പ് നേടിയ ഓസീസ് ടീമിലംഗമായ ആൻഡ്രൂ സൈമണ്ട്‌സ് മെയ് മാസത്തില്‍ ക്വിന്‍സ്‌ലന്‍ഡില്‍ വെച്ചാണ് കാറപകടത്തില്‍ മരണമടഞ്ഞത്. 46 വയസായിരുന്നു. ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറിൽ ഒരാളായി വിശേഷിപ്പിക്കപ്പെടുന്നു. ഓസ്ട്രേലിയക്കായി 26 ടെസ്റ്റും 198 ഏകദിനങ്ങളും 14 ട്വന്‍റി 20കളും കളിച്ചു. 2003ലും 2007ലും ലോകകിരീടം നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്നു. 

ആൻഡ്രൂ സൈമണ്ട്‌സ്‌ ഏകദിനത്തില്‍ 5000ലേറെ റണ്‍സും നൂറിലേറെ വിക്കറ്റുമുള്ള അപൂര്‍വ താരങ്ങളിലൊരാളാണ്. 11 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ 198 ഏകദിനങ്ങളില്‍ 5088 റണ്‍സും 133 വിക്കറ്റും നേടി. 26 ടെസ്റ്റില്‍ 1462 റണ്‍സും 24 വിക്കറ്റും 14 രാജ്യാന്തര ടി20യില്‍ 337 റണ്‍സും 8 വിക്കറ്റും സ്വന്തമാക്കി. ഐപിഎല്ലില്‍ 39 മത്സരങ്ങളില്‍ 974 റണ്‍സും 20 വിക്കറ്റും സ്വന്തമാക്കി. ഒപ്പം എക്കാലത്തെയും മികച്ച ഫീല്‍ഡ‍ര്‍മാരില്‍ ഒരാളായും സൈമണ്ട്‌സ്‌ വിശേഷിപ്പിക്കപ്പെടുന്നു. 

ഉവ സേലാ- ജൂലൈ 21

ജര്‍മ്മന്‍ ഫുട്ബോള്‍ ഇതിഹാസം ഉവ സേലാ 85-ാം വയസില്‍ വിടപറഞ്ഞ വര്‍ഷം കൂടിയാണ് 2022. ജര്‍മന്‍ ഫുട്ബോള്‍ ചരിത്രത്തിലെ മഹാനായ താരങ്ങളിലൊരാളായ സേലാ വെസ്റ്റ് ജര്‍മ്മനിക്കായി 72 മത്സരങ്ങള്‍ കളിച്ചു. ഫിഫയ്ക്കായി പെലെ 2004ല്‍ തെരഞ്ഞെടുത്ത ജീവിച്ചിരിക്കുന്ന 100 മഹാനായ താരങ്ങളില്‍ ഒരാള്‍ ഉവ സേലായായിരുന്നു. 1958 മുതല്‍ 70 വരെ പെലെ കളിച്ച എല്ലാ ലോകകപ്പിലും ബൂട്ടണിഞ്ഞ താരമെന്ന പ്രത്യേകതയുമുണ്ട്. പക്ഷേ ഒരിക്കല്‍ പോലും കിരീടം ഉയര്‍ത്താനായില്ല. 1966ല്‍ ഇംഗ്ലണ്ടിനോട് ഫൈനലില്‍ തോറ്റു. സേലായായിരുന്നു അന്ന് ക്യാപ്റ്റന്‍. 

ഡയമണ്ട് നീരജ് ചോപ്ര, എംസിജിയിലെ കോലി കൊടുങ്കാറ്റ്, മെസിയുടെ പൊന്നിന്‍ കിരീടം; 2022ലെ പ്രധാന കായികസംഭവങ്ങള്‍

click me!