
പൂനെ: ദക്ഷിണാഫ്രിക്കയുടെ പോള്‍ ആഡംസ് എന്ന നിഗൂഡ സ്പിന്നറെ ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. വിക്കറ്റെടുത്തുകഴിഞ്ഞാല്‍ പിച്ചിലൂടെയുള്ള തലകുത്തിമറിഞ്ഞുള്ള ആ കരണം മറിച്ചിലും. അതുവരെ അധികമാരും കാണാത്ത ആക്ഷനുമായി എത്തിയെങ്കിലും ആഡംസിന്റെ രാജ്യാന്തര കരിയറിന് അധികം ആയുസൊന്നുമുണ്ടായില്ല. എന്നാല്‍ ഇന്നലെ ഐപിഎല്ലില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റസും ഗുജറാത്ത് ലയണ്‍സും തമ്മിലുള്ള മത്സരം കണ്ടവര്‍ പോള്‍ ആഡംസിനെ വീണ്ടും ഓര്‍ത്തുകാണും.
അതിന് കാരണം ഗുജറാത്ത് ലയണ്‍സിന്റെ ശിവില്‍ കൗശിക് എന്ന മിസ്റ്ററി സ്പിന്നര്‍ ആയിരുന്നു. ആഡംസിന്റേതുപോലുള്ള ആക്ഷനുമായി ശിവില്‍ ഇന്നലെ ആരാധകരിലും കളിക്കാരിലും ഒരേസമയും കൗതുകമുണര്‍ത്തി. മൂന്നോവര്‍ എറിഞ്ഞ കൗശിക്ക് 32 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. എങ്കിലും ശിവിലിന്റെ പ്രകടനത്തെ പ്രശംസിച്ച് പോള്‍ ആഡംസ് തന്നെ രംഗത്തെത്തി. ചൈനമാന്‍ ബൗളിംഗ് ഇപ്പോഴും നിലനില്‍ക്കുന്നുവെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ആഡംസ് ട്വറ്റിറില്‍ കുറിച്ചു.
ജനിച്ചത് പഞ്ചാബിലാണെങ്കിലും കഴിഞ്ഞ 15 വര്‍ഷമായി ശിവിലും കുടുംബവും ബംഗലൂരുവിലാണ് സ്ഥിരതാമസം. കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ഹുബ്ലി ടൈഗേഴ്സിനുവേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ശിവിലിനെ ഐപിഎല്ലിന്റെ വെള്ളിവെളിച്ചത്തിലെത്തിച്ചത്. കര്‍ണാടക പ്രീമിയര്‍ ലീഗില്‍ അഞ്ചുവിക്കറ്റെടുത്ത ശിവിലിന്റെ പ്രകടനം ടീമിനെ ഫൈനലിലേക്ക് നയിച്ചു. ഇതില്‍ തന്റെ ആദ്യ പന്തില്‍ തന്നെ ഇന്ത്യന്‍ താരമായ സ്റ്റുവര്‍ട്ട് ബിന്നിയുടെ വിക്കറ്റെടുത്തതും ഉള്‍പ്പെടുന്നു. ഇതിനെത്തുടര്‍ന്നാണ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെയും ഗുജറാത്ത് ലയണ്‍സിന്റെയും ട്രയല്‍ ക്യാംപില്‍ പങ്കെടുക്കാന്‍ ശിവിലിന് അവസരം ലഭിച്ചത്.
ഐപിഎല്‍ ലേലത്തില്‍ അടിസ്ഥാന വിലയായ 10 ലക്ഷം രൂപയ്ക്ക് ശിവിലിനെ ഗുജറാത്ത് സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ ശിവിലിന് ഇതുവരെ കര്‍ണാടക ടീമില്‍ കളിക്കാനായിട്ടല്ല. പന്ത് ഇരുവശത്തേക്കും തിരിക്കാനുള്ള കഴിവും വ്യത്യസ്ത ആക്ഷനുമാണ് ശിവിലിന്റെ പ്ലസ് പോയന്റ്. എന്നാല്‍ പന്ത് ഏതുവശത്തേക്ക് തിരിയുമെന്ന് പന്തെറിയുമ്പോള്‍ തനിക്കുപോലും അറിയില്ലെന്നും ഇരുപതുകാരനായ ശിവില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!