കാലില്‍ ചിറകുകളുള്ള ഹെര്‍മീസ് ദേവന്‍; ജിമ്മി ജോര്‍ജ് വിടപറഞ്ഞിട്ട് 30 വര്‍ഷം

Published : Nov 30, 2017, 07:20 PM ISTUpdated : Oct 04, 2018, 11:18 PM IST
കാലില്‍ ചിറകുകളുള്ള ഹെര്‍മീസ് ദേവന്‍; ജിമ്മി ജോര്‍ജ് വിടപറഞ്ഞിട്ട് 30 വര്‍ഷം

Synopsis

ഉത്തരമലബാറില്‍ വോളിബോളിന് പന്തുകളിയെന്നാണ് അപരനാമം. നാട്ടിന്‍പുറത്തെ വയല്‍തട്ടുകളില്‍ പന്ത് തട്ടിയവര്‍ അങ്ങനെ പന്ത് കളിക്കാരായി. അവര്‍ക്കിടയില്‍ നാട്ടിന്‍പുറത്തെ കളിയാസ്വാദകര്‍ക്ക് ജിമ്മി ജോര്‍ജ് വടക്കന്‍ മലബാറിന്‍റെ വില്ലാളിവീരനായി. പഴശിയുടെ വീരഗാഥകള്‍ സ്മാഷുകളുതിര്‍ക്കുന്ന മണ്ണില്‍ ജിമ്മി രണ്ടാം പഴശ്ശിയായി. എന്നാല്‍ കോര്‍ട്ടില്‍ ഇടിമുഴക്കം തീര്‍ത്ത ആറടി ഉയരക്കാരന്‍റ സ്മാഷുകള്‍ വടക്കന്‍ വീരഗാഥകള്‍ക്കപ്പുറം എതിരാളികളെ അപ്രസക്തരാക്കി ഇതിഹാസം രചിച്ചു. 

ജിമ്മി ജോര്‍ജ് വിടപറഞ്ഞത് 1987 നവംബര്‍ 30ന്

പിന്‍തലമുറകള്‍ക്ക് എന്‍പതുകളുടെ യുവത്വം ആവേശത്തോടെ പറഞ്ഞുകൊടുത്തു ജിമ്മി ജോര്‍ജ് എന്ന പേര്. വലയ്ക്ക് മുകളില്‍ ഉയര്‍ന്നുചാടി ഒരു നിമിഷം വായുവില്‍ നിശ്ചലനായി ജിമ്മിയുതിര്‍ത്ത സര്‍വ്വീസുകളുടെ ആകാരം കളിയെത്തുകള്‍ക്ക് അപ്പുറമായിരുന്നു. എന്നാല്‍ 1987 നവംബര്‍ 30ന് ഇറ്റാലിയന്‍ ക്ലബായ യുറോ സിബക്കായി കളിക്കാന്‍ പോയ ജിമ്മിയെ പ്രതിരോധിക്കാനാവാതെ പോയ അപ്രതീക്ഷിത സ്മാഷില്‍ കാലം കവര്‍ന്നു.

കണ്ണൂരിലെ പേരാവൂരില്‍ വോളിബോള്‍ കുടുംബത്തില്‍ 1955 മാര്‍ച്ച് എട്ടിനായിരുന്നു ജിമ്മിയുടെ ജനനം. പിതാവിന്‍റെ ശിക്ഷണത്തില്‍ സഹോദരങ്ങളോടൊപ്പം ജിമ്മിയും കോര്‍ട്ടിലെത്തി. അവര്‍ ഏഴു പേരും ഒരൊറ്റ ടീമായി പന്തുതട്ടിയപ്പോള്‍ അവര്‍ക്കെല്ലാം മുകളില്‍ ജിമ്മി സ്മാഷുതിര്‍ക്കാന്‍ ഉയര്‍ന്നുചാടി. 21-ാം വയസില്‍ അര്‍ജുന അവാര്‍ഡ് നേടിയ പ്രായം കുറഞ്ഞ വോളിബോള്‍ താരമായ ജിമ്മി പ്രഫഷണല്‍ വോളിബോളില്‍ കുപ്പായമണിഞ്ഞ ആദ്യ ഇന്ത്യന്‍ താരവുമായി. 

പതിനാറാം വയസില്‍ കേരള ടീമില്‍ അംഗമായി

1970ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി താരമായ ജിമ്മി പിന്നീട് പാല സെയ്ന്‍റ് തോമസ് കോളേജിനൊപ്പം കളിച്ചു. പ്രതിനിധീകരിച്ച നാല് തവണയും കേരള യുണിവേഴ്സിറ്റിക്ക് അന്തര്‍ സര്‍വ്വകലാശാല കിരീടം നേടിക്കൊടുത്തു. 1971ല്‍ പതിനാറാം വയസില്‍ കേരള ടീമില്‍ അംഗമായ ജിമ്മി തുടര്‍ച്ചയായ 11 വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ ഇടം നേടി കേരളത്തിന്‍റെ ഹെര്‍മീസ്.

1976ല്‍ കേരള പൊലിസില്‍ അംഗമായ ജിമ്മി മരിക്കും വരെ ടീമിലംഗമായിരുന്നു. എന്നാല്‍ 79ല്‍ ലീവെടുത്ത് അബുദാബി സ്പോര്‍ട്സ് ക്ലബിനായി കളിക്കാന്‍ പോയതോടെ ജിമ്മി വോളിബോളിന്‍റെ ആഗോള മുഖമായി. അബുദാബി സ്പോര്‍ട്സ് ക്ലബിനായി കളിക്കവെ അറേബ്യന്‍ നാടുകളിലെ മികച്ച താരമെന്ന് പേരെടുത്തു. 1982ല്‍ ഇറ്റലിയിലേക്ക് ചേക്കേറിയതോടെയാണ് ജിമ്മി ഹെര്‍മീസ് ദേവനായി അറിയപ്പെടാന്‍ തുടങ്ങിയത്. 

1986 സോള്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ടീമിലംഗം

1976ല്‍ സോള്‍, 78ലെ ബാങ്കോംങ്, 1986 സോള്‍ ഏഷ്യന്‍ ഗെയിംസുകളില്‍ ജിമ്മി ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. ഇന്ത്യ വെങ്കലം നേടിയ 1986ലെ സോള്‍ ഏഷ്യന്‍ ഗെയിംസില്‍ ടീമിന്‍റെ നേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. രണ്ട് തവണ യൂണിവേഴ്സിറ്റി കിരീടം നേടി മികച്ച നീന്തല്‍ താരമെന്ന് പേരെടുത്തിരുന്നു ജിമ്മി. എന്നാല്‍ കോര്‍ട്ടില്‍ സജീവമാകാന്‍ കരയിലേക്ക് നീന്തിക്കയറിയ ജിമ്മി വായുവില്‍ ആകാരത്തോടെ നീന്തിത്തുടിച്ചു.

ഇറ്റലിയില്‍ ഹെര്‍മീസ് ദേവനായാണ് ജിമ്മി ആരാധകര്‍ക്കിടയില്‍ സ്മാഷുയര്‍ത്തത്. ആറടി ഉയരവും കട്ടിയുള്ള കറുത്ത താടിയും ആ ഇതിഹാസ നാമത്തിന് കിരീടം ചാര്‍ത്തി. എന്നാല്‍ ഇതിഹാസ ഭൂമിയില്‍ ഇതിഹാസം രചിക്കാന്‍ പോയ ഹെര്‍മീസ് കായികപ്രേമികള്‍ക്ക് കണ്ണീരായി. 10-ാം നമ്പര്‍ ജഴ്സിയില്‍ കായിക ചരിത്രത്തിന്‍റെ പ്രൗഡിക്കൊപ്പം കളംവാണ ജിമ്മി 80കളില്‍ ലോകത്തെ മികച്ച അറ്റാക്കര്‍ എന്ന പേരെടുത്താണ് കോര്‍ട്ട് വിട്ടത്. 

മടക്കം ലോകത്തെ മികച്ച അറ്റാക്കര്‍ എന്ന പേരോടെ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കരിയർ അവസാനിപ്പിക്കാൻ തോന്നിയ ആ ദിവസം: രോഹിത് ശർമയുടെ വെളിപ്പെടുത്തൽ; 'കടുത്ത നിരാശയിൽ നിന്ന് കരകയറാൻ 2 മാസം സമയമെടുത്തു'
ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം