ഐ പി എല്‍ വാതുവെപ്പ്: അഞ്ചംഗ സംഘം കോഴിക്കോട് പിടിയില്‍

By Web DeskFirst Published Apr 24, 2016, 1:43 AM IST
Highlights

കോഴിക്കോട്: ഐ പി എല്‍ വാതുവെപ്പ് സംഘത്തിലെ അഞ്ചുപേര്‍ കോഴിക്കോട് പിടിയിലായി. ഇവരില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു. ഇതാദ്യമായാണ് ഐപിഎല്‍ വാതുവയ്പ്പിന്റെ പേരില്‍ കേരളത്തില്‍ നിന്ന് ഒരുസംഘം ആളുകള്‍ പിടിയിലാകുന്നത്. കോഴിക്കോട് അശോകപുരത്തെ ഒരു കെട്ടിടം കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഐ പി എല്‍ മത്സരങ്ങള്‍ തുടങ്ങിയ അന്നുമുതല്‍ ഇവ‍ര്‍ വാതുവെപ്പില്‍ സജീവമായിരുന്നു.

വാതുവെപ്പ് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് ഇവര്‍ വലയിലാകുന്നത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണിവരുടെ പ്രവര്‍ത്തനം. മത്സരത്തിന് ഏറെ മുമ്പേതന്നെ  പന്തയത്തിന്റെ വിശദാംശങ്ങള്‍  വാതുവെപ്പ് കാരിലേക്കെത്തിക്കും. ഓരോ പന്തിലും നേടുന്ന റണ്‍സ് മുതല്‍ ഫോറുകളുടെയും സിക്‌സറുകളുടെയും എണ്ണത്തിന് വരെ പന്തയത്തുകയുണ്ട്. പ്രവചനം ശരിയാകുന്നവര്‍ക്ക് വാഗ്ദാനം ചെയ്ത സമ്മാനത്തുക കിട്ടും. ബാക്കിപൈസമുഴുവന്‍ സംഘത്തിനും. കോഴിക്കോട് സ്വദേശികളായ അര്‍ഷാദ്, ഇഫ്സുള്‍ റഹ്മാന്‍, ഷംസു,മുഹമ്മദ് റാഷിദ്എന്നിവരാണ് പിടിയിലായത്.

ഇവരുടെ കൈവശമുണ്ടായിരുന്ന അഞ്ചുലക്ഷത്തി ഇരുപതിനായിരം രൂപയും മൊബൈല്‍ ഫോണുകളും  പൊലീസ് കണ്ടെടുത്തു. ഇവര്‍ക്ക് അന്തര്‍സംസ്ഥാന സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മൊബൈ.ഫോണിലേക്ക് വന്ന കോളുകളുടെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. നടക്കാവ് പൊലീസാണ് കേസന്വേഷിക്കുന്നത്.

click me!