സച്ചിനെ ഗ്രൗണ്ടില്‍ ക്ഷുഭിതനാക്കിയ 5 സംഭവങ്ങള്‍

By Web DeskFirst Published Nov 8, 2017, 2:25 PM IST
Highlights

പൊതുവെ കളിക്കളത്തില്‍ ശാന്തമായി പെരുമാറുന്നയാളാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ നിലവിട്ടുള്ള പെരുമാറ്റം മാസ്റ്റര്‍ ബ്ലാസ്റ്ററില്‍നിന്ന് അധികം ഉണ്ടായിട്ടില്ല. എന്നാല്‍ അത്യപൂര്‍വ്വമായി സച്ചിന്‍ ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ട്. ഇത്തരത്തിലുള്ള 5 സന്ദര്‍ഭങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

1, ഷാര്‍ജ, 1996

ആവേശകരമായ ഇന്ത്യ-പാക് പോരാട്ടം. സച്ചിന്റെ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ 50 ഓവറില്‍ 305 റണ്‍സെടുത്തു. എന്നാല്‍ ശക്തമായി തിരിച്ചടിച്ച പാകിസ്ഥാന്‍ അനായാസം മല്‍സരം വിജയിക്കുമെന്ന് തോന്നിച്ചു. പിന്നീട് കളിയില്‍ പിടിമുറുക്കിയ ഇന്ത്യ തിരിച്ചുവന്നു. പാകിസ്ഥാന്റെ പത്താം വിക്കറ്റ് നേടിയത് സച്ചിനായിരുന്നു. സഖ്‌ലെയിന്‍ മുഷ്‌താഖിനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയ ശേഷം സച്ചിന്‍, സഖ്‌ലെയിനെ നോക്കി രോഷത്തോടെ ഡ്രസിങ് റൂമിലേക്ക് കൈചൂണ്ടി.

2, പെര്‍ത്ത്, 2000

വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടം. ഇത്തവണ ഓസ്ട്രേലിയയില്‍. അംപയറുടെ തെറ്റായ തീരുമാനത്തില്‍ പുറത്തായപ്പോഴാണ് സച്ചിന്റെ രോഷപ്രകടനം. വഖാര്‍ യൂനിസിന്റെ പന്ത് ബാറ്റിനും പാഡിനുമിടയിലൂടെ വിക്കറ്റ് കീപ്പര്‍ മൊയിന്‍ഖാന്റെ കൈകളിലെത്തി. അംപയര്‍ സൈമണ്‍ ടൗഫല്‍ കൈ ഉയര്‍ത്തി. എന്നാല്‍ സച്ചിന്റെ ബാറ്റില്‍ ഉരസാതെയായിരുന്നു പന്ത് കടന്നുപോയത്. ഔട്ടല്ലെന്ന് ഉറപ്പായതിനാലാകാം, സച്ചിന്‍ ആത്മരോഷം പ്രകടിപ്പിച്ചാണ് പവലിയനിലേക്ക് മടങ്ങിയത്.

3, ഗ്വാളിയോര്‍, 1999

ഇന്ത്യന്‍ പര്യടനത്തിനെത്തിയ ന്യൂസിലാന്‍ഡിനെതിരായ ഏകദിന മല്‍സരത്തിലാണ് ക്യാപ്റ്റനായിരുന്ന സച്ചിന്‍ നിലവിട്ട് പെരുമാറിയത്. 1-1 എന്ന നിലയില്‍ മൂന്നാമത്തെ മല്‍സരം നടക്കവെ, ഇന്ത്യ നേടിയ 261 റണ‍്സ് അനായാസം മറികടക്കുകയായിരുന്നു ന്യൂസിലാന്‍ഡ്. ഫീല്‍ഡില്‍ ഇന്ത്യന്‍ താരങ്ങളുടെ മോശം പ്രകടനമാണ് സച്ചിനെ ഇത്തവണ ചൊടിപ്പിച്ചത്.

4, നയ്‌റോബി, 2000

1999-2000ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഗ്ലെന്‍ മക്‌ഗ്രാത്തുമായുള്ള ഉരസല്‍, 2000ല്‍ കെനിയയില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും തുടരുകയായിരുന്നു. എന്നാല്‍ വാ കൊണ്ടല്ല, ബാറ്റുകൊണ്ടാണ് ഇത്തവണ സച്ചിന്‍ രോഷം പ്രകടിപ്പിച്ചത്. ഓസീസ് ബൗളര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച സച്ചിന്‍, മക്ഗ്രാത്തിനെ തെരഞ്ഞുപിടിച്ച് ശിക്ഷിച്ചു. മൂന്നു സിക്‌സറാണ് മക്ഗ്രാത്തിനെതിരെ സച്ചിന്‍ നേടിയത്.

5, മുള്‍ട്ടാന്‍, 2004

പാകിസ്ഥാനെതിരെ ഇരട്ടസെഞ്ച്വറിയുടെ പടിവാതില്‍ക്കല്‍ നില്‍ക്കെ ഇന്ത്യന്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യാനുള്ള താല്‍ക്കാലിക ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ തീരുമാനമാണ് സച്ചിനെ ദേഷ്യം പിടിപ്പിച്ചത്. വ്യക്തിഗത സ്‌കോര്‍ 194ല്‍ നില്‍ക്കവെയാണ് ദ്രാവിഡ് ഡിക്ലയര്‍ ചെയ്തത്. അന്ന് ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ സഹതാരങ്ങള്‍ക്ക് ഒപ്പം വരാന്‍ സച്ചിന്‍ കൂട്ടാക്കാതിരുന്നതും വലിയ വാര്‍ത്തയായിരുന്നു. ഇത് തന്നെ ഏറെ വിഷമിപ്പിച്ചുവെന്ന് പിന്നീട് ആത്മകഥയില്‍ സച്ചിന്‍ സൂചിപ്പിച്ചിരുന്നു.

click me!