ഏഷ്യന്‍ കപ്പില്‍ ഗോള്‍വര്‍ഷം; ചരിത്രമെഴുതി ഇന്ത്യക്ക് ജയത്തുടക്കം

Published : Jan 06, 2019, 08:55 PM ISTUpdated : Jan 06, 2019, 10:21 PM IST
ഏഷ്യന്‍ കപ്പില്‍ ഗോള്‍വര്‍ഷം; ചരിത്രമെഴുതി ഇന്ത്യക്ക് ജയത്തുടക്കം

Synopsis

ആദ്യ മത്സരത്തില്‍ തായ്‌ലന്‍ഡിനെ ഇന്ത്യ 4-1ന് തറപറ്റിച്ചു. സുനില്‍ ഛേത്രി ഇരട്ട ഗോളും അനിരുദ്ധ് ഥാപ്പയും ജെജെ ലാല്‍പെഖുലയും ഓരോ ഗോളും നേടി. 

അബുദാബി: എ എഫ് സി ഏഷ്യന്‍ കപ്പില്‍ ഗോള്‍വര്‍ഷത്തോടെ ഇന്ത്യക്ക് ജയത്തുടക്കം. ആദ്യ മത്സരത്തില്‍ തായ്‌ലന്‍ഡിനെ ഇന്ത്യ 4-1ന് തറപറ്റിച്ചു. സുനില്‍ ഛേത്രി ഇരട്ട ഗോളും അനിരുദ്ധ് ഥാപ്പയും ജെജെ ലാല്‍പെഖുലയും ഓരോ ഗോളും നേടി. തേരാസിലിന്‍റെ വകയായിരുന്നു തായ്‌ലന്‍ഡിന്‍റെ ഏക മറുപടി. തകര്‍പ്പന്‍ അസിസ്റ്റുമായി മലയാളി താരം ആഷിഖ് കരുണിയനും മത്സരത്തില്‍ താരമായി. അനസ് എടത്തൊടികയെയും ആഷിഖ് കുരുണിയനെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യയിറങ്ങിയത്. 

ചാമ്പ്യന്‍ഷിപ്പില്‍ 55 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ വിജയിക്കുന്നത്. 1964ലായിരുന്നു ഇതിന് മുന്‍പ് ഇന്ത്യയുടെ ജയം. ഏഷ്യന്‍ കപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിജയമാണിത്. 

ഇരുപത്തിയേഴാം മിനുറ്റില്‍ പെനാല്‍റ്റി ഗോളാക്കി സുനില്‍ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചു. ബോക്സിനുള്ളില്‍ തായ്‌ലന്‍റ് താരത്തിന്‍റെ കയ്യില്‍ പന്ത് തട്ടിയതിന് ലഭിച്ച പെനാല്‍റ്റി ഇന്ത്യന്‍ ഹീറോ അനായാസം വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ആഘോഷത്തിന് ഇടവേള നല്‍കി 33-ാം മിനുറ്റില്‍ തായ്‌ലന്‍റ് തിരിച്ചടിച്ചു. ഭുന്‍മതന്‍റെ ഫ്രീകിക്ക് ഇന്ത്യന്‍ ഗോളില്‍ബാറില്‍ ചരിച്ചിറക്കി തേരാസില്‍ ഞെട്ടിച്ചു. ഇതോടെ ആദ്യ പകുതിക്ക് സമനില വിസില്‍. 

രണ്ടാം പകുതിയും ആവേശമായിരുന്നു. മൈതാനത്ത് 46-ാം മിനുറ്റില്‍ സുനില്‍ ഛേത്രിയുടെ കാലുകള്‍ വീണ്ടും ഗോളെഴുതി. വലതുവിങിലെ മുന്നേറ്റത്തിനൊടുവില്‍ ഉദാന്ദ സിംഗിന്‍റെ സുന്ദരന്‍ ക്രോസ്. മലയാളി താരം ആശീഖ് കുരുണിയന്‍റെ ചെറു തലോടലോടെ പന്ത് ഛേത്രിയിലേക്ക്. കുതിച്ചെത്തിയ ഛേത്രിയുടെ ഫസ്റ്റ് ടച്ച് ഗോളിയുടെ കൈകളെ തളച്ച് ലക്ഷ്യത്തിലേക്ക് ഇടിച്ചുകയറി‍. ഇതോടെ ഇന്ത്യ വീണ്ടും മത്സരത്തില്‍ മുന്നില്‍.

അറുപത്തിയെട്ടാം മിനുറ്റില്‍ ഇന്ത്യന്‍ തായ്‌ലന്‍ഡിന് മൂന്നാം അടി കൊടുത്തു. തായ്‌ലന്‍ഡ് പ്രതിരോധത്തിലെ പിഴവുകള്‍ മുതലെടുത്ത് ഉദാന്ത സിംഗ്- അനിരുദ്ധ് ഥാപ്പ സഖ്യം ലക്ഷ്യംകാണുകയായിരുന്നു. ഉദാന്തയുടെ പാസില്‍ നിന്ന് ഥാപ്പ പന്ത് ചിപ്പ് ചെയ്ത് വലയിലിട്ടു. മൈതാന മധ്യത്തുനിന്ന് ഛേത്രിയായിരുന്നു ഈ നീക്കത്തിനും ചുക്കാന്‍ പിടിച്ചത്. 78-ാം മിനുറ്റില്‍ അഷിഖിന് പകരം ജെജെയെ ഇന്ത്യ കളത്തിലിറക്കി.

ജെജെയാവട്ടെ വന്നവരവില്‍ ഗോളടിച്ച് തായ്‌ലന്‍ഡിനെ ചുരുട്ടുക്കൂട്ടി. മൈതാനത്തിറങ്ങി രണ്ടാം മിനുറ്റില്‍ ജെജെയുടെ ചിപ്പ് വലയില്‍ താഴ്‌ന്നിറങ്ങി. ഇതോടെ ഇന്ത്യ മൂന്ന് ഗോള്‍ ലീഡെടുത്തു(ഗോള്‍നില 4-1). കിതയ്ക്കാതെ ഇന്ത്യ വീണ്ടും അറ്റാക്കിംഗ് ഫുട്ബോള്‍ കളിച്ചപ്പോള്‍ പിന്നീട് തിരിച്ചടിക്കാന്‍ തായ്‌ലന്‍ഡിനായില്ല. നാല് മിനുറ്റ് അധിക സമയവും തായ്‌ലന്‍ഡ് മുതലാക്കിയില്ല. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മോദിയുടെ ഇടപെടലിന് പിന്നാലെ കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം, ഫെബ്രുവരി 14 ന് ഐഎസ്എൽ കിക്കോഫ്; 14 ടീമുകളും കളത്തിലിറങ്ങും, മത്സരങ്ങൾ കൊച്ചിയിലും
ഐഎസ്എല്‍ മത്സരക്രമം അടുത്ത ആഴ്ച്ച പ്രസിദ്ധീകരിക്കും