എഎഫ്സി യോഗ്യത: ഇന്ത്യ ഇന്ന് കിര്‍ഗിസ്ഥാനെതിരേ

By web deskFirst Published Mar 27, 2018, 2:07 PM IST
Highlights
  • അടുത്ത വര്‍ഷത്തെ ഏഷ്യന്‍ കപ്പിന് ഇന്ത്യ യോഗ്യത ഉറപ്പാക്കിയതിനാല്‍ മത്സരഫലം അപ്രസക്തമാണ്.

ബിഷ്കെക്: എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ട് അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് കിര്‍ഗിസ്ഥാനെ നേരിടും. കിര്‍ഗി തലസ്ഥാനമായ ബിഷ്കെകിലാണ് മത്സരം. അടുത്ത വര്‍ഷത്തെ ഏഷ്യന്‍ കപ്പിന് ഇന്ത്യ യോഗ്യത ഉറപ്പാക്കിയതിനാല്‍ മത്സരഫലം അപ്രസക്തമാണ്. പക്ഷെ ഇന്നത്തെ ജയം ഇന്ത്യയ്ക്ക് രണ്ട് വിധത്തിൽ ഗുണം ചെയ്യും.

ഒന്ന് ഏഷ്യാ കപ്പ് ഗ്രൂപ്പ് ഡ്രോ വരുമ്പോൾ എളുപ്പമുള്ള ഗ്രൂപ്പ് ലഭിക്കാൻ ഇന്നത്തെ ജയം അത്യാവശ്യമാണ്. ഒപ്പം ഇന്ന് ഇന്ത്യ ജയിക്കുകയാണെങ്കിൽ ഇന്ത്യ ലോക റാങ്കിംഗിൽ വൻ കുതിപ്പ് നടത്തും‌. ഇരുടീമുകളും ബംഗളുരുവിൽ ഏറ്റുമുട്ടിയപ്പോള്‍ , സുനില്‍ ഛേത്രിയുടെ ഗോളില്‍ ഇന്ത്യ ജയിച്ചിരുന്നു. എന്നാല്‍ സസ്പെന്‍ഷന്‍ കാരണം ഛെത്രി ഇന്ന് കളിക്കില്ല.

അഞ്ച് മത്സരങ്ങളില്‍ 13 പോയിന്‍റുള്ള ഇന്ത്യയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. ഫിഫ റാങ്കിംഗില്‍ ഇന്ത്യ 99ആം സ്ഥാനത്തും കിര്‍ഗിസ്ഥാന്‍ 115ാമതുമാണ്. കഴിഞ്ഞ 13 മത്സരത്തിലും ഇന്ത്യ തോൽവിയറിഞ്ഞിട്ടില്ല. ഡിഫന്‍ഡര്‍ അനസ് എടത്തൊികയാണ് ടീമിലെ ഏക മലയാളി. ഛേത്രിയുടെ അഭാവത്തിൽ മറ്റു താരങ്ങൾ മികവിലേക്ക് ഉയരണമെന്ന് കോച്ച് കോൺസ്റ്റന്റൈൻ പറഞ്ഞു. ഇന്ന് രാത്രി 7.30നാണ് മത്സരം. തത്സമയം സ്റ്റാർ സ്പോർട്സിൽ മത്സരം കാണാം.
 

click me!