ഇന്ത്യയിലും 'ഇടിമിന്നലാ'വാന്‍ വിജേന്ദര്‍ ശനിയാഴ്ച ഇറങ്ങും

By Web DeskFirst Published Jul 14, 2016, 11:37 PM IST
Highlights

ദില്ലി: പ്രൊഫഷണൽ ബോക്സറായി വിജേന്ദര്‍ സിംഗിന് ഇന്ത്യയിൽ ശനിയാഴ്ച അരങ്ങേറ്റം . ദില്ലിയിൽ നടക്കുന്ന മത്സരത്തില്‍ കെറി ഹോപ്പിനെ വിജേന്ദര്‍ നേരിടും. രാജ്യത്തിനായി ഒളിമ്പിക്സിൽ മത്സരിക്കുന്നതിലും പ്രാധാന്യം പ്രൊഫഷണൽ ബോക്സിംഗിന് വിജേന്ദര്‍ സിംഗ് നല്‍കിയെന്ന ആക്ഷേപത്തിനിടയിലാണ് നാട്ടിലെ ആദ്യ മത്സരത്തിനായി ഇന്ത്യന്‍ താരം എത്തുന്നത്.  ഓസ്ട്രേലിയന്‍ ബോക്സറായ കെറി ഹോപ്പിനെ ഇടിച്ചിട്ടാൽ ലോക റാങ്കിംഗിലെ ആദ്യ പതിനഞ്ചിലേക്ക്  വിജേന്ദറിന് കയറാം.

എന്നാല്‍ കരിയറിലെ 30 മത്സരങ്ങളില്‍ 23ലും ജയിച്ചതിന്‍റെ മികവുമായെത്തുന്ന ഹോപ്പ് ചില്ലറക്കാരനല്ല.  വിജേന്ദറിനെക്കാള്‍ പരിചയസമ്പത്ത് തനിക്കുണ്ടെന്നും  ഹോപ്പ്
മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഹോപ്പ് ഇടങ്കയ്യനായതും വിജേന്ദറിന് വെല്ലുവിളിയാകും. ഇടിക്കൂട്ടിലെ ആറങ്കത്തിലും എതിരാളിക്കെതിരെ നോക്കൗട്ട് ജയം നേടിയതാണ് പ്രൊഫഷണൽ ബോക്സിംഗില്‍ വിജേന്ദറിന്‍റെ റെക്കോര്‍ഡ്.

ദില്ലി ത്യാഗരാജ സ്റ്റേഡിയത്തിലെ പോരില്‍ വിജയിക്കുന്നയാള്‍ക്ക് ലോക ബോക്സിംഗ് ഓര്‍ഗനൈസേഷന്റെ ഏഷ്യ പെസഫിക്ക് സൂപ്പര്‍ മിഡിൽ വെയ്റ്റ് പട്ടം സ്വന്തമാക്കാം. അതേസമയം,
 ഇന്ത്യന്‍ ബോക്സിംഗിന്‍റെ നിലവിലെ അവസ്ഥയിൽ ആശങ്കയുണ്ടെന്ന്  ഒളിമ്പിക്സ് മെഡൽ ജേതാവ്  കൂടിയായ വിജേന്ദര്‍ പറഞ്ഞു. അടിയന്തരമായി ഇടപെടണമെന്ന് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിട്ടും ഫലം ഉണ്ടായില്ലെന്നും വിജേന്ദര്‍ വ്യക്തമാക്കി.

റിയോ ഒളിമ്പിക്സിന് മൂന്ന് ഇന്ത്യന്‍ ബോക്സര്‍മാര്‍ മാത്രം യോഗ്യത നേടിയതിൽ ദുഖമുണ്ട്. കഴിഞ്ഞ ഒളിമ്പിക്സില്‍ എട്ട് ഇന്ത്യന്‍ ബോക്സര്‍മാര്‍ മത്സരിച്ചിടത്താണിതെന്നും വിജേന്ദര്‍ പറഞ്ഞു
ശിവ ഥാപ്പ , മനോജ് കുമാര്‍, വികാസ് കൃഷന്‍ എന്നിവരെ പ്രോത്സാഹിപപിക്കാനായി റിയോയിലേക്ക് പോകുമെന്നും വിജേന്ദര്‍ വ്യക്തമാക്കി.

 

click me!