ഇങ്ങനെ തോല്‍ക്കാന്‍ പാക്കിസ്ഥാനെ പറ്റു; ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് നാലു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം

By Web TeamFirst Published Nov 19, 2018, 4:33 PM IST
Highlights

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ജയത്തിന്റെ വക്കില്‍ നിന്ന് അവിശ്വസനീയ തോല്‍വി വഴങ്ങി പാക്കിസ്ഥാന്‍. ജയിക്കാന്‍ രണ്ടാം ഇന്നിംഗ്സില്‍ 176 റണ്‍സ് മാത്രം മതിയായിരുന്ന പാക്കിസ്ഥാന്‍ നാലു റണ്‍സിന്റെ തോല്‍വി വഴങ്ങി.

ദുബായ്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ജയത്തിന്റെ വക്കില്‍ നിന്ന് അവിശ്വസനീയ തോല്‍വി വഴങ്ങി പാക്കിസ്ഥാന്‍. ജയിക്കാന്‍ രണ്ടാം ഇന്നിംഗ്സില്‍ 176 റണ്‍സ് മാത്രം മതിയായിരുന്ന പാക്കിസ്ഥാന്‍ നാലു റണ്‍സിന്റെ തോല്‍വി വഴങ്ങി. അഞ്ചു വിക്കറ്റെടുത്ത അജാസ് പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഇഷ് സോധിയും വാഗ്നറുമാണ് കീവീസിന് അവിശ്വസനീയ ജയമൊരുക്കിയത്. സ്കോര്‍ ന്യൂസിലന്‍ഡ് 153, 249, പാക്കിസ്ഥാന്‍ 227, 171.

176 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാന്‍ നാലാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 37 റണ്‍സെന്ന നിലയിലാണ് ക്രീസിലിറങ്ങിയത്. സ്കോര്‍ ബോര്‍ഡില്‍ 48 റണ്‍സെത്തിയപ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടമായി പതറിയെങ്കിലും നാലാം വിക്കറ്റില്‍ ആസാദ് ഷഫീഖും(45) അസര്‍ അലിയും ചേര്‍ന്ന് പാക്കിസ്ഥാന്റെ സ്കോര്‍ 130ല്‍ എത്തിച്ചു. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ജയത്തിലേക്ക് 46 റണ്‍സ് മതിയായിരുന്നു പാക്കിസ്ഥാന് അപ്പോള്‍.

എന്നാല്‍ ആസാദ് ഷഫീഖിനെ വീഴ്ത്തി വാഗ്നര്‍ കീവികള്‍ക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു. 147 റണ്‍സിലെത്തിയപ്പോള്‍ ബാബര്‍ അസം(12) വീണു. അപ്പോള്‍ ജയത്തിലേക്ക് വേണ്ടത് 29 റണ്‍സ്. എന്നാല്‍ പിന്നീട് അവിശ്വസനീയമായി പാക്കിസ്ഥാന്‍ തകര്‍ന്നടിഞ്ഞു. ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ്(3), ബിലാല്‍ ആസിഫ്(0), യാസിര്‍ ഷാ(0), ഹസന്‍ അലി(0) എന്നിവരെ മടക്കി ന്യൂസിലന്‍ഡ് മത്സരത്തിലേക്ക് തിരിച്ചെത്തി.

ഒമ്പതാം വിക്കറ്റ് വീഴുമ്പോള്‍ പാക്കിസ്ഥാനും ജയത്തിനുമിടയില്‍ 12 റണ്‍സകലമുണ്ടായിരുന്നു. മുഹമ്മദ് അബ്ബാസിനെ സാക്ഷി നിര്‍ത്തി അസര്‍ അലി പാക്കിസ്ഥാന് ജയം സമ്മാനിക്കുമെന്ന് കരുതിയെങ്കിലും അലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി പട്ടേല്‍ കീവികള്‍ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചു. അജാസ് പട്ടേലാണ് കളിയിലെ കേമന്‍.

click me!