Latest Videos

കിടപ്പാടം നഷ്ടമാകുന്നതറിയാതെ സംസ്ഥാനത്തിന് വേണ്ടി സ്വര്‍ണ കുതിപ്പില്‍ അനന്തു

By Web DeskFirst Published Nov 19, 2017, 2:42 PM IST
Highlights

പത്തനംതിട്ട: ഗുണ്ടൂരിൽ നടക്കുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന്‍റെ അഭിമാനം ഉയര്‍ത്തുകയാണ് അനന്തു വിജയന്റെ സുവര്‍ണനേട്ടം. എന്നാല്‍ സ്വന്തം കിടപ്പാടം നഷ്ടമാകുന്നത് അറിയാതെയാണ് അനന്തുവിന്റെ കുതിപ്പ്. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ തിരികെ വരുമ്പോള്‍ അനന്തുവിന് കിടപ്പാടം നഷ്ടമായിരിക്കും. 

പരിമിതികളോട് പടവെട്ടിയാണ് അനന്തു സംസ്ഥാന മീറ്റിൽ 400 മീറ്റർ ഓട്ടത്തിലും 400 മീറ്റർ ഹർഡിൽസിലും സുവർണനേട്ടം കൈവരിച്ചത്. ദേശീയ മീറ്റിലും നേട്ടമാവർത്തിച്ച് ഗുണ്ടൂരിൽ നിന്നും മടങ്ങിയെത്തിയാലും തന്‍റെ കൊച്ചുവീട്ടിൽ അനന്തുവിന് അന്തിയുറങ്ങാനായേക്കില്ല. സ്വകാര്യ പണമിടപാട് സ്ഥാപനം അനന്തുവിന്‍റെ വീട് ജപ്തി ചെയ്യാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

 

അനന്തുവിന്റെ അച്ഛൻ വിജയൻ വീടുനിർമാണത്തിനു 2011 ലാണ് ഒരുലക്ഷം രൂപ വായ്പ എടുത്തത്. ഒരുവർഷം വായ്പ കൃത്യമായി തിരിച്ചടിച്ചു. അപ്പോഴേക്കും രക്തസമ്മർദം വർധിച്ചു വിജയന് രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു. ചികിത്സയ്ക്കായി രണ്ടരലക്ഷം രൂപയോളം ചെലവാക്കിയെങ്കിലും ഇപ്പോഴും കാഴ്ച തിരിച്ചുകിട്ടിയില്ല. വായ്പ കുടിശികയായി വീട് ജപ്തിയിലേക്കുമായി.

ഗുണ്ടൂരിലേക്ക് പോകും മുൻപ് ജപ്തി നോട്ടീസ് കിട്ടിയിരുന്നെങ്കിലും ജപ്തി നടപടികള്‍ തുടങ്ങിയത് അനന്തു അറിഞ്ഞിട്ടില്ല. അനന്തുവിന്‍റെ മികച്ച പ്രകടനം കണ്ട് സുമനസുകൾ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് കുടുംബം. ഗുണ്ടൂരിൽ നടക്കുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റില്‍  400 മീറ്റർ ഹർഡിൽസില്‍ അനന്തു സ്വർണ്ണം നേടിയിരുന്നു. 

click me!