
ആന്റിഗ്വ: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെതിരെ ജമൈക്ക തലവാസിനായി 40 പന്തില്‍ സെഞ്ചുറിയും ഹാട്രിക്കും നേടി വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസല്‍ സ്വന്തമാക്കിയത് അപൂര്‍വ റെക്കോര്‍ഡ്. ട്വന്റി-20 ക്രിക്കറ്റിന്റെ ഏതെങ്കിലും ഫോര്‍മാറ്റില്‍ ഏഴാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി സെഞ്ചുറി അടിക്കുന്ന ആദ്യ ബാറ്റ്സ്മാനെന്ന ലോക റെക്കോര്‍ഡാണ് റസലിന്റെ പേരിലായത്. ഇതിനുപുറമെ ട്വന്റി-20യില്‍ ഏഴാം നമ്പറില്‍ ഒരു ബാറ്റ്സ്മാന്റെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന നേട്ടവും 121 റണ്‍സെടുത്ത റസലിന്റെ പേരിലായി. 49 പന്തില്‍ ആറ് ഫോറും 13 സിക്സറും അടങ്ങുന്നതായിരുന്നു റസലിന്റെ ഇന്നിംഗ്സ്.
വെസ്റ്റ് ഇന്‍ഡീസില്‍ ഏതെങ്കിലും ഒരു ടൂര്‍ണമെന്റില്‍ ഒരിന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ എന്ന നേട്ടവും ഇതോടെ റസലിന് സ്വന്തമായി. 12 സിക്സറടിച്ചിട്ടുള്ള ഗെയിലിന്റെ റെക്കോര്‍ഡാണ് റസല്‍ മറികടന്നത്. റസല്‍ നേടി 13 സിക്സറുകള്‍ കരീബിയന്‍ പ്രീമിയര്‍ ലീഗിലെ റെക്കോര്‍ഡാണ്.
കഴിഞ്ഞ മാസം ഇംഗ്ലണ്ടിലെ ട്വന്റി-20 ബ്ലാസ്റ്റില്‍ സെഞ്ചുറിയും ഹാട്രിക്കും നേടിയ ജോ ഡെന്‍ലിക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമെന്ന ബഹുമതിയും റസലിനാണ്. റസല്‍ നേടിയ 121 റണ്‍സ് കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണ്. ഗെയ്‌ല്‍ നേടിയ 111 റണ്‍സായിരുന്നു ഇതിനുമുമ്പത്തെ ഉയര്‍ന്ന സ്കോര്‍. ആറാം വിക്കറ്റില്‍ റസലും കെന്നര്‍ ലൂയിസും ചേര്‍ന്ന് നേടിയ 161 റണ്‍സ് ഈ വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!