മന്ത്രി ജയരാജനെതിരെ അഞ്ജു ബോബി ജോര്‍ജ്ജ് മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു

By Web DeskFirst Published Jun 8, 2016, 11:37 AM IST
Highlights

തിരുവനന്തപുരം: കായിക മന്ത്രി ഇ പി ജയരാജനെതിരെ സംസ്ഥാന സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജ് രംഗത്തെത്തി. മന്ത്രിയെ കാണാനെത്തിയ തന്നെ അകാരണമായി ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി അഞ്ജു ബോബി ജോര്‍ജ്ജ് പറഞ്ഞു. ഇതേക്കുറിച്ച് മുഖ്യമന്ത്രിയോട് പരാതിപ്പെട്ടതായും അഞ്ജു ബോബി ജോര്‍ജ്ജ് പറഞ്ഞു.

കായികമന്ത്രിയില്‍നിന്ന് ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് അഞ്ജു ബോബി ജോര്‍ജ്ജ് ഏഷ്യാനെറ്റ് ന്യൂസിനോട് വിവരിച്ചു. 'കഴിഞ്ഞദിവസം കായികമന്ത്രിയെ ആദ്യമായി കാണാനെത്തിയപ്പോഴാണ് മന്ത്രി ശകാരിച്ചത്. ഞങ്ങള്‍ തെരഞ്ഞടുക്കപ്പെട്ടവരല്ലെന്നും നാമനിര്‍ദ്ദശം ചെയ്യപ്പെട്ടവരാണും അഴിമതി ചെയ്യുന്നുവെന്നും പാര്‍ട്ടി വിരുദ്ധരാണെന്നുമൊക്കെ മന്ത്രി പറഞ്ഞു. വിമാന ടിക്കറ്റിനുള്ള പണം എഴുതിയെടുക്കുന്നതിനെയും മന്ത്രി ചോദ്യം ചെയ്‌തു. ഒളിംപിക്‌സ് സംബന്ധമായ ചുമതലകളും, ബംഗളൂരുവിലെ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളും ഉള്ളതിനാല്‍ വിമാന ടിക്കറ്റ് ലഭ്യമാക്കണമെന്ന് ഞാനാണ് കഴിഞ്ഞ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ചാണ് എനിക്ക് വിമാന ടിക്കറ്റിനുള്ള പണം അനുവദിച്ചിട്ടുള്ളതെന്നും അഞ്ജു ബോബി ജോര്‍ജ്ജ് പറഞ്ഞു. ഒരു സ്ഥലമാറ്റത്തെ ചൊല്ലിയും മന്ത്രി തട്ടിക്കയറി. ആരോഗ്യപ്രശ്‌നം മൂലമാണ് പത്തനംതിട്ടയിലെ ഒരു പരിശീലകന്‍ സ്ഥലംമാറ്റത്തിന് അപേക്ഷിച്ചത്. അത് അനുവദിക്കണമെന്ന ഫയലില്‍ എല്ലാ സ്ഥലംമാറ്റങ്ങളും റദ്ദാക്കാനാണ് മന്ത്രി എഴുതിവെച്ചത്. ഇത് സംസ്ഥാനത്തെ കുട്ടികളുടെ പരിശീലനത്തെ സാരമായി ബാധിക്കും.  കായികമന്ത്രിയില്‍ നിന്നുണ്ടായ അനുഭവത്തെക്കുറിച്ച് പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനോട് പരാതിപ്പെട്ടു. എന്നാല്‍ എന്നെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി, അഞ്ജുവിനെ മോശമായല്ല സര്‍ക്കാര്‍ കാണുന്നതെന്നും, എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അറിയിച്ചു'.

സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിനെ കുറിച്ച് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും അഞ്ജു ബോബി ജോര്‍ജ്ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറ‌ഞ്ഞു.

click me!