
അബുദാബി: ഏഷ്യാകപ്പ് ഫൈനല്‍ ലക്ഷ്യമിട്ട് ബംഗ്ലാദേശിനെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് നിരാശയോടെ തുടക്കം. ബംഗ്ലാദേശ് ഉയർത്തിയ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാന് 18 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ടൂർണമെന്‍റില്‍ ഇതുവരെ ഫോമിലാകാത്ത ഫഖർ സമാന്‍ ഒരു റണ്ണുമായി മെഹിദിക്ക് കീഴടങ്ങി. ഇതേ സ്കോറിന് ബാബർ അസമിനെ മുസ്താഫിസർ എല്‍ബിയില്‍ കുടുക്കി. സർഫ്രാസിനെ 10ല്‍ നില്‍ക്കേ മുസ്താഫിസർ പറഞ്ഞയച്ചു. ആറ് ഓവർ പൂർത്തിയാകുമ്പോള്‍ 21-3 എന്ന നിലയിലാണ് പാക്കിസ്ഥാന്‍. ഇമാം(6), മാലിക്(1) ആണ് ക്രീസില്‍
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാ കടുവകള്‍ ഒരവസരത്തില്‍ മൂന്ന് വിക്കറ്റിന് 12 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നിരുന്നു. ബംഗ്ലാദേശ് ഓപ്പണര്‍മാരെ പേസര്‍ മുഹമ്മദ് ആമിറിന് പകരക്കാരനായെത്തിയ ജുനൈദ് ഖാന്‍ എറിഞ്ഞൊതുക്കുകയായിരുന്നു. ലിത്തണ്‍ ദാസ്(6), സൗമ്യ സര്‍ക്കാര്‍ എന്നിവരെ ജുനൈദ് മടക്കി. മൊമിനുല്‍ ഹഖിനെ അഞ്ച് റണ്‍സില്‍നില്‍ക്കേ ഷഹീന്‍ അഫ്രിദിയും പുറത്താക്കി. എന്നാല്‍ പിന്നാലെ നിലയുറപ്പിച്ച മുഷ്‌ഫീഖര്‍- മിഥുന്‍ കൂട്ടുകെട്ട് കൂടുതല്‍ പരിക്കുകളില്ലാതെ ബംഗ്ലാദേശ് സ്‌കോര്‍ ഉയര്‍ത്തി.
ഒരു റണ്ണകലെ സെഞ്ചുറി നഷ്ടമായ മുഷ്ഫീഖറിന്‍റെയും 60 റൺസെടുത്ത മിഥുന്‍റെയും ഇന്നിംഗ്സാണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോർ നല്‍കിയത്. 116 പന്തില്‍ ഒമ്പത് ബൌണ്ടറികള്‍ സഹിതമായിരുന്നു മുഷ്ഫീഖറിന്‍ തകർപ്പന്‍ ഇന്നിംഗ്സ്. എന്നാല്‍ ഷഹീന്‍റെ 42-ാം ഓവറിലെ നാലാം പന്ത് മുഷ്ഫീഖറിനും മടക്ക ടിക്കറ്റ് നല്‍കി. മഹ്മ്മദുള്ള 25 റണ്‍സും മെഹിദി 12 റണ്‍സുമെടുത്ത് പുറത്തായി. ബംഗ്ലാദേശ് സ്കോർ 48.5 ഓവറില്‍ 239-10. ജുനൈദ് ഖാന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷഹീന്‍ അഫ്രിദിയും ഹസന്‍ അലിയും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!