ഇന്ത്യക്ക് മികച്ച തുടക്കം മുതലാക്കാനായില്ല; ആദ്യ ടി20യില്‍ ഓസീസിന് 127 റണ്‍സ് വിജയലക്ഷ്യം

By Web TeamFirst Published Feb 24, 2019, 8:40 PM IST
Highlights

ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ ഓസ്‌ട്രേലിയക്ക് 127 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് മാത്രാണ് നേടാന്‍ സാധിച്ചത്. 50 റണ്‍സ് നേടിയ കെ.എല്‍ രാഹുലാണ് ടോപ് സ്‌കോറര്‍. ധോണി (29) പുറത്താവാതെ നിന്നു.

വിശാഖപട്ടണം: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ ഓസ്‌ട്രേലിയക്ക് 127 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് മാത്രാണ് നേടാന്‍ സാധിച്ചത്. 50 റണ്‍സ് നേടിയ കെ.എല്‍ രാഹുലാണ് ടോപ് സ്‌കോറര്‍. ധോണി (29) പുറത്താവാതെ നിന്നു. മൂന്ന് വിക്കറ്റ് നേടിയ നഥാന്‍ കൗള്‍ട്ടര്‍ നൈലാണ് ഇന്ത്യയെ തകര്‍ത്തത്. നന്നായി തുടങ്ങിയ ഇന്ത്യക്ക് വിനയായത് മധ്യനിര താരങ്ങളുടെ ഉത്തരവാദിത്തമില്ലായ്മയാണ്. 

രോഹിത് ശര്‍മ (5), വിരാട് കോലി (24), ഋഷഭ് പന്ത് (3), കെ.എല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക് (1), ക്രുനാല്‍ പാണ്ഡ്യ (1), ഉമേഷ് യാദവ് (2) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. മൂന്നാം ഓവറിന്റെ മൂന്നാം പന്തില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. രോഹിത് ശര്‍മയെ ബെഹ്രന്‍ഡോര്‍ഫിന്റെ പന്തില്‍ രോഹിത് പുറത്താവുകയായിരുന്നു. ആഡം സാംപയ്ക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. എന്നാല്‍ രാഹുല്‍- കോലി സഖ്യം അധികം നഷ്ടങ്ങളില്ലാതെ പവര്‍പ്ലേ പൂര്‍ത്തിയാക്കി. ഇരുവരും 65 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ കോലിയെ പുറത്താക്കി സാംപ ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. സാംപയെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ കോലി ലോങ് ഓണില്‍ കൗള്‍ട്ടര്‍ നൈലിന്റെ കൈയില്‍ ഒതുങ്ങി. പിന്നീടെത്തിയ പന്ത് ബെഹ്രന്‍ഡോര്‍ഫിന്റെ ഗംഭീര ഫീല്‍ഡിങ്ങില്‍ റണ്ണൗട്ടാവുകയായിരുന്നു. കൗള്‍ട്ടര്‍ നൈലിനെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ രാഹുല്‍ ഫിഞ്ചിന് ക്യാച്ച് നല്‍കി മടങ്ങി. അതേ ഓവറില്‍ തന്നെ കാര്‍ത്തികും പവലിയനില്‍ തിരിച്ചെത്തി. കാര്‍ത്തികിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു. കൗള്‍ട്ടര്‍ നൈലിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ക്രുനാല്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ക്യാച്ച് നല്‍കി മടങ്ങി.  കൗള്‍ട്ടര്‍ നൈലിന് പുറമെ ബെഹ്രന്‍ഡോര്‍ഫ്, ആഡം സാംപ, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ശിഖവര്‍ ധവാന് പകരമാണ് രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. വിജയ് ശങ്കറിന് പകരം മര്‍കണ്ഡേയും ഭുവനേശ്വര്‍ കുമാറിന് പകരം ഉമേഷ് യാദവും ടീമില്‍ ഇടം നേടി. ടീം ഇന്ത്യ: രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാട് കോലി, ഋഷഭ് പന്ത്, എം.എസ്. ധോണി, ദിനേശ് കാര്‍ത്തിക്, ക്രുനാല്‍ പാണ്ഡ്യ, ഉമേഷ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, മായങ്ക് മര്‍കണ്ഡേ, ജസ്പ്രീത് ബുംറ.

click me!