
ബ്രിസ്ബേന്‍: പതിഞ്ഞ തുടക്കത്തിനുശേഷം ആഞ്ഞടിച്ച ഓസീസിന് ഇന്ത്യക്കെതിരാ ട്വന്റി-20 പരമ്പരയിലെ ആദ്യ കളിയില്‍ മികച്ച സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഇടക്ക് പെയ്ത മഴ മൂലം 17 ഓവറാക്കി ചുരുക്കിയ കളിയില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തപ്പോള്‍ ഡക്‌വെര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ ലക്ഷ്യം 17 ഓവറില്‍ 174 റണ്‍സായി പുനര്‍നിര്‍ണയിക്കുകയായിരുന്നു.
ക്രിസ് ലിന്നും ഗ്ലെന്‍ മാക്സ്‌വെല്ലും സ്റ്റോയിനസും ചേര്‍ന്നാണ് ഓസീസിന് മികച്ച സ്കോര്‍ ഉറപ്പാക്കിയത്. 24 പന്തില്‍ 46 റണ്‍സെടുത്ത മാക്സ്‌വെല്ലാണ് ഓസിസിന്റെ ടോപ് സ്കോറര്‍. ക്രിസ് ലിന്‍ 20 പന്തില്‍ 37 റണ്‍സെടുത്തപ്പോള്‍ സ്റ്റോയിനസ് 19 പന്തില്‍ 33 റണ്‍സുമായി പുറത്താകാതെ നിന്നു. തുടക്കത്തിലെ ഡാര്‍സി ഷോര്‍ട്ടിനെ(7) ഖലീല്‍ അഹമ്മദ് വീഴ്ത്തിയെങ്കിലും ആരോണ്‍ ഫിഞ്ചും(27) ലിന്നും ചേര്‍ന്ന് ഓസീസിന് വമ്പന്‍ സ്കോറിനുള്ള അടിത്തറയിട്ടു. ഫിഞ്ചിനെ കുല്‍ദീപ് യാദവ് പുറത്താക്കിയശേഷമായിരുന്നു മാക്സ്‌വെല്ലിന്റെ വെടിക്കെട്ട്.
16.1 ഓവര്‍ കഴിഞ്ഞപ്പോള്‍ മഴ പെയ്തതിനാല്‍ മത്സരം നിര്‍ത്തി. പിന്നീട് മത്സരം 17 ഓവര്‍ വീതമാക്കി ചുരുക്കുകയായിരുന്നു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലോവറില്‍ 24 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബൂമ്ര മൂന്നോവറില്‍ 21 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. നാലോവറില്‍ 55 റണ്‍സ് വഴങ്ങി ക്രുനാല്‍ പണ്ഡ്യയാണ് ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത്. ഖലീല്‍ അഹമ്മദ് മൂന്നോവറില്‍ 42 റണ്‍സ് വഴങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!