ഓസ്ട്രേലിയന്‍ ക്രിക്കറ്റ് നാണക്കേടിന്‍റെ പടുകുഴിയില്‍; റാങ്കിംഗില്‍ മൂന്നരപതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തിരിച്ചടി

By Web DeskFirst Published Jun 19, 2018, 10:12 AM IST
Highlights
  • ഇംഗ്ലണ്ടാണ് ഏകദിന റാംങ്കിംഗില്‍ ഒന്നാമത്. ഇന്ത്യ രണ്ടാം സ്ഥാനത്ത്

ദുബായ്: ക്രിക്കറ്റിലെ ഓസ്ട്രേലിയന്‍ പ്രതാപം അവസാനിക്കുന്നുവെന്ന ചോദ്യമുയര്‍ത്തിയാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര മുന്നേറുന്നത്. ആദ്യ രണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ രണ്ടിലും പരാജയപ്പെട്ട് നാണംകെട്ട് നില്‍ക്കുകയാണ് പ്രതാപശാലികളായ കംഗാരുക്കള്‍. അതിനിടയിലാണ് ഐസിസി റാങ്കിംഗിലും ലോകചാമ്പ്യന്‍മാര്‍ക്ക് വന്‍ തിരിച്ചടിയേറ്റത്.

മൂന്നര പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം റാങ്കിംഗിലാണ് അഞ്ചുവട്ടം ലോകകപ്പില്‍ മുത്തമിട്ടിട്ടുള്ള ഓസ്ട്രേലിയ. ഏറ്റവും ഒടുവില്‍ ഐസിസി പുറത്തിറക്കിയ ഏകദിന റാങ്കിംഗില്‍ ആറാം സ്ഥാനത്തേക്കാണ് കംഗാരുക്കള്‍ പിന്തള്ളപ്പെട്ടത്. ഇതിനുമുമ്പ് 1984 ലാണവര്‍ ആറാം സ്ഥാനത്തേക്ക് നിലംപതിച്ചിട്ടുള്ളത്.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ട് സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ടീമില്‍ നിന്ന് പുറത്തായതോടെഓസ്ട്രേലിയന്‍ ക്രിക്കറ്റ് അതിന്‍റെ ഏറ്റവും മോശം അവസ്ഥയിലാണ്. അവസാനം കളിച്ച 15 ഏകദിനങ്ങളില്‍ 13 എണ്ണത്തിലും പരാജയമേറ്റുവാങ്ങാനായിരുന്നു കംഗാരുക്കൂട്ടത്തിന്‍റെ വിധി.

ഓസ്ട്രേലിയക്കെതിരെ രണ്ട് തുടര്‍ വിജയങ്ങള്‍ നേടിയ ഇംഗ്ലണ്ടാണ് ഏകദിന റാംങ്കിംഗില്‍ ഒന്നാമത്. ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകളാണ് മൂന്നും, നാലും സ്ഥാനങ്ങളില്‍. ഓസീസ് ആറാം സ്ഥാനത്തേക്ക് വീണപ്പോള്‍ പാകിസ്താന്‍ നിലമെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി. 

click me!