ഒരു ദശകത്തിനിപ്പുറം ബാലൺ ദി ഓറിന് പുതിയ അവകാശി എത്തുമോ; ഇന്നറിയാം

By Web TeamFirst Published Dec 3, 2018, 9:14 AM IST
Highlights

ബാലൺ ഡി ഓർ പുരസ്‌കാരപ്രഖ്യാപനത്തിന് ഫ്രാൻസ് ഫുട്‌ബോൾ മാസിക ഒരുങ്ങുമ്പോൾ ലൂക്കാ മോഡ്രിച്ചിലേക്കാകും എല്ലാ കണ്ണുകളും. അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച മോഡ്രിച്ചിന് റയൽ മാഡ്രിഡിൻറെ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടവും കരുത്താകും

പാരിസ്: കഴിഞ്ഞ വർഷത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള ബാലൺ ദി ഓർ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യൻ സമയം രാത്രി ഒരു മണിക്ക് ശേഷമാണ് പ്രഖ്യാപനം. 2008ന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിയോണൽ മെസ്സിയും മാത്രം സ്വന്തമാക്കിയിട്ടുള്ള ലോക ഫു്ടബോളർ പട്ടത്തിന് പുതിയ അവകാശിയെത്തുമോ ?.

ബാലൺ ഡി ഓർ പുരസ്‌കാരപ്രഖ്യാപനത്തിന് ഫ്രാൻസ് ഫുട്‌ബോൾ മാസിക ഒരുങ്ങുമ്പോൾ ലൂക്കാ മോഡ്രിച്ചിലേക്കാകും എല്ലാ കണ്ണുകളും. അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച മോഡ്രിച്ചിന് റയൽ മാഡ്രിഡിൻറെ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടവും കരുത്താകും. 

ഫിഫ ബെസ്റ്റ് പ്ലെയറും യൂറോപ്യൻ ഫുട്‌ബോളർ ഓഫ് ദ ഇയർ പുരസ്‌കാരവും നേടിക്കഴിഞ്ഞ മോഡ്രിച്ചിനൊപ്പമാണ് പന്തയക്കാർ, ഒക്ടോബറിൽ പ്രഖ്യാപിച്ച സാധ്യതാപട്ടികയിൽ മെസ്സി അടക്കം 30 താരങ്ങളുണ്ടെങ്കിലും മോഡ്രിച്ചിന് പുറമേ, റൊണാൾഡോയും അൻറോയിൻ ഗ്രീസ്മാനും അവസാനപട്ടികയിലെത്തുമെന്നാണ് സൂചന. 

പുരസ്‌കാരം നേടാൻ ആഗ്രഹമുണ്ടെന്ന് പലവട്ടം തുറന്നുപറഞ്ഞ ഗ്രീസ്മാൻ , ഫ്രാൻസിൻറെ ലോകകപ്പ് വിജയത്തിലാണ് പ്രതീക്ഷ വയ്ക്കുന്നത്. പുരസ്‌കാരം കിട്ടാനിടയില്ലാത്തതിനാൽ റൊണാൾഡോ ചടങ്ങിൽ നിന്ന് വിട്ടുനിന്നേക്കും. ചരിത്രത്തിലാദ്യമായി മികച്ച വനിതാ താരത്തിനും 21 വയസ്സിൽ താഴെയുള്ള മികച്ച യുവതാരത്തിനും പുരസ്‌കാരം നൽകുന്നുണ്ട്.

click me!