ഷമിയുടെ കാര്യത്തില്‍ ബിസിസിഐ തീരുമാനം ഉടനെന്ന് സൂചന

By Web DeskFirst Published Mar 12, 2018, 8:36 PM IST
Highlights
  • ഷമിക്കെതിരെ കൊലപാതശ്രമം, ബലാത്സംഗം, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരുന്നു

കൊല്‍ക്കത്ത: ബിസിസിഐ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാര്‍ പുതുക്കിയപ്പോള്‍ പേസര്‍ മുഹമ്മദ് ഷമിയെ പരിഗണിച്ചിരുന്നില്ല. ഷമിക്കെതിരെ ഭാര്യ ഹാസിന്‍ ജഹാന്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് കരാര്‍ താല്‍ക്കാലികമായി ബിസിസിഐ തടഞ്ഞുവെക്കാന്‍ കാരണം. ഷമിക്കെതിരായ ഹാസിന്‍റെ പരാതിയില്‍ കൊല്‍ക്കത്ത പൊലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 

കൊലപാതശ്രമം, ബലാത്സംഗം, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളില്‍ 323 , 323, 506, 328, 34 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതോടെ കരിയറില്‍ പ്രതിരോധത്തിലായ മുഹമ്മദ് ഷമിയുടെ കരാര്‍ സംബന്ധിച്ച് ബിസിസിഐ മാര്‍ച്ച് 16ന് തീരുമാനമെടുക്കുമെന്നാണ് സൂചന. ദേശീയ മാധ്യമമായ ഇന്ത്യ ടിവിയാണ് ഷമിയുടെ കരിയറില്‍ നിര്‍ണായമാകുന്ന വിവരം പുറത്തുവിട്ടത്. 

ഷമി കൊല്ലാന്‍ ശ്രമിച്ചതായും തന്നെ അയാളുടെ സഹോദരനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്നും ഹാസിന്‍ ആരോപിച്ചിരുന്നു‍. ഷമി വാതുവയ്പുകാരനാണെന്നും, രാജ്യത്തെ ചതിച്ചെന്നും നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഹാസിന്‍റെ ആരോപണങ്ങളിലുണ്ട്. എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച ഷമി സംഭവത്തില്‍ വ്യക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 

click me!