ഒടുവില്‍ ശാസ്ത്രി ജയിച്ചു, ബിഗ് ത്രീ തോറ്റു; ഭരത് അരുണ്‍ ഇന്ത്യയുടെ ബൗളിംഗ് കോച്ചാകും

By Web DeskFirst Published Jul 17, 2017, 9:55 AM IST
Highlights

മുംബൈ: ഭരത് അരുണ്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് പരിശീലകനാകും. സഹീര്‍ ഖാനെ ബൗളിംഗ് പരിശീലകനാക്കിയ ഉപദേശക സമിതി അംഗങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്ണമണ്‍ എന്നിവരുടെ തീരുമാനം മറികടന്നാണ് ബിസിസിഐ ശാസ്ത്രിയുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ മുട്ടുമടക്കിയത്. ഇതോടെ സഹീറിന്റെ റോള്‍ വിദേശ പരമ്പരകളില്‍ ടീമിന്റെ ബൗളിംഗ് ഉപദേശകന്‍ മാത്രമായി ചുരുങ്ങും.

സെവാഗിനെ മറികടന്ന് ശാസ്ത്രിയെ ഇന്ത്യന്‍ പരിശീലകനാക്കാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ ഗാംഗുലിയുടെയും ലക്ഷ്മണിന്റെയും നേതൃത്വത്തിലായിരുന്നു സഹീറിനെയും ദ്രാവിഡിനെയും ടീമിന്റെ ബൗളിംഗ്-ബാറ്റിംഗ് പരിശീലകരാക്കാനുള്ള തീരുമാനം എടുത്തത്. ടീമില്‍ ശാസ്ത്രിയുടെ അപ്രമാദിത്വം പൊളിക്കാനായാരുന്നു ഇതിലൂടെ ഇരുവരും ലക്ഷ്യമിട്ടത്. എന്നാല്‍ തുടക്കം മുതല്‍ സഹീറിന്റെ നിയമനത്തെ ശാസ്ത്രി എതിര്‍ത്തു.

എന്നാല്‍ ശാസ്ത്രിയുടെ കൂടെ അനുമതിയോടെയാണ് സഹീറിന്റെ നിയമനമെന്ന് സച്ചിന്‍ അടങ്ങുന്ന ഉപദേശക സമിതി വ്യക്തമാക്കി. കോച്ചിനെ മാത്രം തെരഞ്ഞെടുക്കാന്‍ നിയോഗിക്കപ്പെട്ട ഉപദേശക സമിതി ബൗളിംഗ്, ബാറ്റിംഗ് കോച്ചുകളെ കൂടി തെരഞ്ഞെടുത്തതില്‍ ബിസിസിഐ ഇടക്കാല ഭരണസമിതിക്കും എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ശാസ്ത്രിയുടെ കൂടെ അനുമതിയോടെയാണ് നിയമനമെന്ന് ഉപദേശകസമിതി വ്യക്തമാക്കിയെങ്കിലും ശാസ്ത്രിയുടെ ആവശ്യത്തിനൊപ്പം നില്‍ക്കാന്‍ വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതിയും തീരുമാനിക്കുകയായിരുന്നു.

ഇതിനുപുറമെ തന്റെ ദീര്‍ഘകാല സുഹൃത്തും ഇന്ത്യന്‍ ടീമിന്റെ മുന്‍ ബൗളിംഗ് പരിശീലകനുമായിരുന്ന ഭരത് അരുണിനായി ശാസ്ത്രി ബിസിസിഐക്കുമേലും സമ്മര്‍ദ്ദം ചെലുത്തി. ഇതിനുമുമ്പില്‍ ബിസിസിഐയും ഭരണസമിതിയും മുട്ടുമടക്കുകയായിരുന്നു. ഇതോടെ കോച്ചിനെ തെരഞ്ഞെടുക്കാന്‍ നിയോഗിക്കപ്പെട്ട സച്ചിന്‍-ഗാംഗുലി-ലക്ഷ്മണ്‍ ഉപദേശക സമിതിയുടെ നിലനില്‍പ്പ് പോലും അപ്രസക്തമാകുകയും ചെയ്തു.

click me!