
ജൊഹന്നസ്‌ബര്‍ഗ്: മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ 187 റണ്‍സ് പിന്തുടരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍ച്ചയോടെ തുടക്കം. മൂന്ന് റണ്‍സെടുക്കുന്നതിനിടെ ആതിഥേയര്‍ക്ക് എയ്ഡന്‍ മര്‍ക്രാമിനെ നഷ്ടമായി. രണ്ട് റണ്‍സ് മാത്രമെടുത്ത എയ്ഡനെ ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥീവിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് ആറ് റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. നാല് റണ്‍സുമായി ഡീന്‍ എള്‍ഗാറും റണ്ണൊന്നുമെടുക്കാതെ നൈറ്റ് വാച്ച്മാന്‍ കഗിസോ റബാഡയുമാണ് ക്രീസില്‍.
നേരത്തെ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ തകര്‍ത്താടിയപ്പോള്‍ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 76.4 ഓവറില്‍ 187 റണ്‍സിന് പുറത്തായിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകളിലെ വിക്കറ്റ് കൊഴിച്ചില്‍ മൂന്നാം മത്സരത്തിലും ആവര്‍ത്തിക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ നായകന്‍ വിരാട് കോലി(54), ചേതേശ്വര്‍ പൂജാര(50), വാലറ്റത്ത് ഭുവനേശ്വര്‍ കുമാര്‍(30) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി പേസര്‍മാരായ കഗിസോ റബാഡ മൂന്നും മോര്‍ക്കലും ഫിലാന്‍ഡറും ഫെഹ്‌ലുക്വയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മുന്‍നിരയ്ക്ക് പിന്നാലെ മധ്യനിര അതിവേഗം കൂടാരം കയറിയ മത്സരത്തില്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. തുടക്കത്തിലെ ഓപ്പണര്‍മാരായ മുരളി വിജയ്(എട്ട്), കെ എൽ രാഹുൽ(പൂജ്യം) എന്നിവരെ ഇന്ത്യയ്ക്ക് നഷ്ടമായി. മുരളി വിജയ്, റബാഡയുടെ പന്തിലും രാഹുൽ ഫിലാൻഡറിന്റെ പന്തിലും വിക്കറ്റ് കീപ്പര്‍ ക്വിന്റൺ ഡികോക്കിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. രണ്ട് വിക്കറ്റിന് 13 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കോലി-പൂജാര സഖ്യം ഭേദപ്പെട്ട കൂട്ടുകെട്ടിലൂടെ കരകയറ്റാന്‍ ശ്രമിച്ചു.
രണ്ട് തവണ ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ടത് മുതലാക്കിയ കോലി 106 പന്തില്‍ നിന്ന് 16-ാം അര്‍ദ്ധ സെഞ്ചുറിയിലേക്കെത്തി. എന്നാല്‍ സ്കോര്‍ 97ല്‍ നില്‍ക്കേ 54 റണ്‍സെടുത്ത കോലിയെ മടക്കി എന്‍ഗിറ്റി ഇന്ത്യയുടെ നടുവൊടിച്ചു. കോലിക്ക് പിന്നാലെയെത്തിയത് രോഹിത് ശര്‍മ്മയുടെ പകരക്കാരന്‍ അജിങ്ക്യ രഹാന. എന്നാല്‍ വിദേശ പിച്ചിലെ പ്രതിരോധ മതില്‍ 27 പന്തില്‍ ഒമ്പത് റണ്‍സ് മാത്രമെടുത്ത് മോര്‍ക്കലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിതോടെ ഇന്ത്യ നാല് വിക്കറ്റിന് 113.
ഇതിനിടെ ഇഴഞ്ഞുനീങ്ങിയ ടെസ്റ്റ് സ്‌പെഷലിസ്റ്റ് പൂജാര 106 പന്തില്‍ നിന്ന് അര്‍ദ്ധ സെഞ്ചുറിയിലെത്തി. 50 റണ്‍സെടുത്ത പൂജാരയെ മടക്കി ഫെഹ്‌ലുക്വയോ ഞെട്ടിച്ചതോടെ ഇന്ത്യന്‍ മധ്യനിരയുടെ തകര്‍ച്ച പൂര്‍ത്തിയായി. പ്രതീക്ഷകള്‍ അധികം നല്‍കാതെ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥീവ് പട്ടേലും(2) വന്നപോലെ മടങ്ങി. വെടിക്കെട്ട് ഇന്നിംഗ്സ് സ്വപനം കാണാന്‍ പോലും സമയം നല്‍കാതെ ഹര്‍ദിക് പാണ്ഡ്യയും നാല് പന്തില്‍ റണ്ണൊന്നുമെടുക്കാതെ കൂടാരം കയറിപ്പോള്‍ ഏഴിന് 144.
വാലറ്റത്ത് ഭുവനേശ്വര്‍ കുമാറിനൊപ്പം പ്രതിരോധത്തിന് ശ്രമിച്ച മുഹമ്മദ് ഷമി എട്ട് റണ്‍സെടുത്ത് ഫിലാന്‍ഡറിന് മുന്നില്‍ കീഴടങ്ങിയതോടെ പതനം ഏറെക്കുറെ പൂര്‍ത്തിയായി. എന്നാല്‍ പ്രോട്ടീസ് പേസര്‍മാരെ യാതൊരു ഭയവുമല്ലാതെ കളിച്ച ഭുവി ഒരറ്റത്ത് ഇന്ത്യക്കായി റണ്‍സ് കണ്ടെത്തിക്കൊണ്ടിരുന്നു. 49 പന്തില്‍ 30 റണ്‍സെടുത്ത് ഭുവി പുറത്താകുമ്പോള്‍ ഇന്ത്യന്‍ പോരാട്ടം 187ല്‍ അവസാനിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!