അര്‍ജന്റീനയെ തകര്‍ത്ത് ബ്രസീലിന്റെ മുന്നേറ്റം

By Web DeskFirst Published Nov 11, 2016, 2:00 AM IST
Highlights

റിയോ ഡി ജനീറോ: സ്വന്തം കാണികളുടെ മുന്നില്‍ ചിരവൈരികള്‍ക്കെതിരെ മഞ്ഞപ്പടയ്‌ക്ക് ഗംഭീര വിജയം. ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ അര്‍ജന്റീനയെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീലിന്റെ പടയോട്ടം. കുടിന്യോയും നെയ്‌മറും പൗലിന്യോയുമാണ് ബ്രസീലിന്റെ ഗോളുകള്‍ നേടിയത്. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ ബ്രസീല്‍ രണ്ടു ഗോളുകള്‍ക്ക് മുന്നിലായിരുന്നു. ഇരുപത്തിയഞ്ചാം മിനുട്ടില്‍ ഫിലിപ്പ് കുട്ടീന്യോയും ആദ്യ പകുതിക്ക് പിരിയും മുന്‍പ് നെയ്‌മറുമാണ് ബ്രസീലിനായി ഗോളുകള്‍ നേടിയത്.  11 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 24 പോയിന്റുമായി ബ്രസീലാണ് പോയിന്റ് നിലയില്‍ ഒന്നാമത്. 11 മല്‍സരങ്ങളില്‍ 23 പോയിന്റുള്ള ഉറുഗ്വെ തൊട്ടുപിന്നിലുണ്ട്. അതേസമയം 11 കളികളില്‍ 16 പോയിന്റ് മാത്രമുള്ള അര്‍ജന്റീന ആറാം സ്ഥാനത്താണ്. കൊളംബിയ, ഇക്വഡോര്‍, ചിലി എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍.

കോപ്പ ചാംപ്യന്‍മാരായ ചിലിയും കൊളംബിയയും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. മറ്റ് മത്സരങ്ങളില്‍ ഉറൂഗ്വേ ഇക്വഡോറിനെയും പെറു പരാഗ്വെയെയും വെനസ്വേല ബൊളീവിയയെയും തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഉറുഗ്വെയുടെ വിജയം. സെബാസ്റ്റ്യന്‍ കോട്ടസ്, ഡീഗോ റോലന്‍ എന്നിവരാണ് ഉറുഗ്വേയുടെ ഗോളുകള്‍ നേടിയത്.

click me!