ഇന്ന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാല്‍ കോലിയെ കാത്തിരിക്കുന്നത് അപൂര്‍വ നേട്ടം

By Web DeskFirst Published Feb 1, 2018, 11:12 AM IST
Highlights

ഡര്‍ബന്‍: ഏകദിനങ്ങളില്‍ ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കുക എന്നത് സന്ദര്‍ശന ടീമുകള്‍ക്ക് എന്നും വെല്ലുവിളിയാണ്. ഇന്ത്യാ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം നടക്കുന്ന ഡര്‍ബനിലെ കിംഗ്സ്‌മേഡിലാകട്ടെ ബാലികേറാമലയും. ഡര്‍ബനില്‍ ഇതുവരെ ദക്ഷിണാഫ്രിക്കയെ കീഴടക്കാന്‍ ഇന്ത്യക്കായിട്ടില്ല. 1992-93 മുതല്‍ ഈ വേദിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിച്ച ഏഴ് ഏകദിനങ്ങളില്‍ ആറിലും ഇന്ത്യ തോറ്റു. ഒരെണ്ണമാകട്ടെ ഫലമില്ലാതെ ഉപേക്ഷിച്ചു. 2003ലെ ഏകദിന ലോകകപ്പില്‍ കെനിയയെ തോല്‍പ്പിച്ചതാണ് ഈ ഗ്രൗണ്ടിലെ ഇന്ത്യയുടെ ഒരേയൊരു ജം.

അതുകൊണ്ടുതന്നെ ഡര്‍ബനില്‍ ഇന്ന് ദക്ഷിണാഫ്രിക്കയെ കീഴടക്കാനായാല്‍ അസ്ഹറുദ്ദീന്‍ മുത്‍ ധോണിവരെയുള്ള നായകന്‍മാര്‍ക്കൊന്നും കഴിയാത്ത അപൂര്‍വ നേട്ടം  വിരാട് കോലിക്ക് സ്വന്തമാകും. ഡര്‍ബനില്‍ മാത്രമല്ല ദക്ഷിണാഫ്രിക്കയിലും ഇന്ത്യയുടെ ഏകദിന റെക്കോര്‍ഡ് അത്ര മെച്ചമല്ല. ഇതുവരെ കളിച്ച നാല് ഏകദിന പരമ്പരകളില്‍ രണ്ടുതവണ ദക്ഷിണാഫ്രിക്ക ഇന്ത്യയെ തൂത്തുവാരിയപ്പോള്‍ രണ്ടെണ്ണത്തില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിനുശേഷം ഇന്ത്യ പരമ്പര അടിയറവെച്ചു. 1992-93ലെ ഏഴ് മത്സര പരമ്പരയില്‍ 5-2നായിരുന്നു ഇന്ത്യന്‍ തോല്‍വി. 2006-2007ലാകട്ടെ 4-0നും തോറ്റു. 2010-2011 പരമ്പരയില്‍ 3-2നായിരുന്നു ഇന്ത്യയുടെ തോല്‍വി. 2013-2014ല്‍ മൂന്ന് മത്സര പരമ്പരയില്‍ 2-0നും ഇന്ത്യ അടിറവ് പറഞ്ഞു.

സമീപകാലത്ത് സ്വന്തം നാട്ടില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാന്‍ എതിരാളികള്‍ക്കായിട്ടില്ലെന്നതും ഇന്ത്യക്ക് വെല്ലുവിളിയാണ്. നാട്ടില്‍ തുടര്‍ച്ചയായ 17 മത്സരങ്ങളാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. ഇവിടെ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകളെ ദക്ഷിണാഫ്രിക്ക തൂത്തുവാരി. അതുകൊണ്ടുതന്നെ ഇന്ന് ദക്ഷിണാഫ്രിക്കയെ കീഴടക്കി നല്ലതുടക്കമിടാനായാല്‍ കോലിപ്പടയെ സംബന്ധിച്ചിടത്തോളം അത് വലിയ നേട്ടമാകും.

click me!