കളമൊഴിഞ്ഞത് ബ്രസീലിയന്‍ ഫുട്ബോളിന്റെ കപ്പിത്താന്‍

By Web DeskFirst Published Oct 26, 2016, 5:22 PM IST
Highlights

സാവോപോളൊ: ബ്രസീലിയൻ ഫുട്ബോളിന് ക്യാപ്റ്റൻ എന്നാൽ കാർലോസ് ആൽബർട്ടോ ആയിരുന്നു. വാക്കിലും കളിയിലും കണിശക്കാരൻ. പെലെ, ജർസീഞ്ഞോ, റെവലീനോ, ടൊസ്റ്റാവോ തുടങ്ങിയ തലയെടുപ്പുള്ള താരങ്ങളെ മഞ്ഞക്കുപ്പായത്തിൽ ഒരുമാലയിലെ മുത്തുപോലെ കോർത്തിണക്കിയ ക്യാപ്റ്റൻ. യൂറോപ്യൻ പവർഗെയിമിനെ വെല്ലാൻ കാർലോസ് ആ‌ൽബർട്ടോ ഒരുക്കിയ തന്ത്രങ്ങളും അദ്ദേഹത്തിന്റെ നേതൃപാടവവുമാണ് 1970 ലോകകപ്പിൽ ബ്രസീലിനെ വിശ്വവിജയികളാക്കിയത്.

ബ്രസീലിന്റെ എക്കാലത്തേയും മികച്ച പ്രതിരോധ താരമായ കാർലോസ് ആൽബർട്ടോ തന്നെയാണ്,പ്രതിരോധവും കലയാണെന്ന് ഫുട്ബോൾ ലോകത്തിന് മനസ്സിലാക്കി തന്നത്. 1970 ലോകപ്പിൽ ഇറ്റലിക്കെതിരെ നേടിയ ഒരൊറ്റഗോൾ മതി കാർലോസ് ആൽബർട്ടോയെ അനശ്വരനാക്കാൻ.

ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോളുകളിലൊന്നിന് ഉടമായായ കാർലോസ് ആൽബർട്ടോ, ഇരുപതാം നൂറ്റാണ്ടിലെ ലോക ടീമിലും ഇടംനേടി. കഴിഞ്ഞ ലോകകപ്പിന് മുൻപ് കൊൽക്കത്തയിലെത്തിയ കാർലോസ് ആൽബർട്ടോ, ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചിരുന്നു.പരിശീലകൻ, ഫുട്ബോൾ  നിരീക്ഷകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു ബ്രസീലിയൻ ഫുട്ബോളിലെ ക്യാപ്റ്റൻ.

click me!