
പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണയ്ക്കും പിഎസ്ജിക്കും ജയം. ബാഴ്സലോണയ്ക്ക് വേണ്ടി മെസ്സി ഇരട്ടഗോളുകൾ നേടിയപ്പോൾ പിഎസ്ജിക്കായി നെയ്മർ ഹാട്രിക് നേടി. അതേസമയം ലിവർപൂൾ ഏകപക്ഷീയമായ ഒരു ഗോളിന് നാപോളിയോട് തോറ്റു.
മെസ്സിയുടെ ബൂട്ടുകൾക്ക് പിഴച്ചില്ല. യുവേഫ ചാമ്പ്യൻസ് ലീഗിൽ ആ കാലുകൾ ലക്ഷ്യം കണ്ടപ്പോൾ ടോട്ടനം തോൽവിയറിഞ്ഞു. രണ്ടിനെതിരെ നാലു ഗോളുകൾക്ക്. കളിയുടെ രണ്ടാം പകുതിയിലായിരുന്നു മെസ്സിയുടെ കാലുകളിൽ നിന്ന് രണ്ട് ഗോളുകളും പിറന്നത്. 56ാം മിനിട്ടിലും 90ാം മിനിട്ടിലും. കുട്ടിഞ്ഞോയും റാക്കിട്ടികും ആയിരുന്നു ബാഴ്സയുടെ മറ്റ് സ്കോറർമാർ. ടോട്ടനത്തിനായി കെയ്നും ലാമെലയും ലക്ഷ്യം കണ്ടു.
മറ്റൊരു മത്സരത്തിൽ പിഎസ്ജിയുടെ ജയം അനായാസമായിരുന്നു. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് പാരിസ് സെയ്ന്റ് ജെർമെയ്ൻ റെഡ് സ്റ്റാർ ബെൽഗ്രേഡിനെ നിഷ്പ്രഭരാക്കിയത്. ബ്രസീലിയൻ താരം നെയ്മറുടെ ഹാട്രിക്കായിരുന്നു പിഎസ്ജിയെ വൻ ജയത്തിലേക്ക് നയിച്ചത്. 20,22, 81 മിനിറ്റുകളിലായിരുന്നു ആ ഗോളുകൾ. കവാനി, കൈലിയൻ എംബാപ്പേ, ഡിമറിയ എന്നിവരും പിഎസ്ജിക്കായി ലക്ഷ്യം കണ്ടു. 74ാം മിനിട്ടിൽ മാരിന്റെ വകയായിരുന്നു റെഡ് സ്റ്റാർ ബെൽഗ്രേഡിന്റെ ആശ്വാസ ഗോൾ.
അതേസമയം ലിവർപൂൾ ഏകപക്ഷീയമായ ഒരു ഗോളിന് നാപോളിയോട് തോറ്റു. ഗോൾ പിറക്കാൻ 90ാം മിനിട്ട് വരെ കാത്തിരിക്കേണ്ടി വന്ന മത്സരത്തിൽ ലോറെൻസോ ഇൻസൈനൈയിരുന്നു വിധി നിർണയിച്ചത്. മറ്റ് മത്സരങ്ങളിൽ അത്‍ലറ്റികോ മാഡ്രിഡ് ഇന്റർമിലാനും ജയിച്ചുകയറി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!