ഓസ്ട്രേലിയക്കാര്‍ പറഞ്ഞ ആ വാക്കുകളായിരുന്നു എനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരം: പൂജാര

By Web TeamFirst Published Feb 14, 2019, 4:01 PM IST
Highlights

ഓസ്ട്രേലിയക്കെതിരായ മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഓസീസ് സ്പിന്നറായ നേഥന്‍ ലിയോണ്‍ വന്ന് ചോദിച്ചു, ഇത്രയും റണ്‍സടിച്ചിട്ടും ഇങ്ങനെ ബാറ്റ് ചെയ്ത് താങ്കള്‍ക്ക് ബോര്‍ അടിക്കുന്നില്ലെ എന്ന്

മുംബൈ: ചേതേശ്വര്‍ പൂജാരയെ പുറത്താക്കാന്‍ ഓസ്ട്രേലിയന്‍ കളിക്കാര്‍ പ്രയോഗിക്കാത്ത തന്ത്രങ്ങളില്ല. ഓസ്ട്രേലിയക്കെതിരെ മൂന്ന് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 521 റണ്‍സ് അടിച്ചുകൂട്ടിയ പൂജാരയായിരുന്നു പരമ്പരയുടെ താരം. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ടതിന്റെ റെക്കോര്‍ഡും പൂജാര സ്വന്തമാക്കിയിരുന്നു. ക്രീസില്‍ നില്‍ക്കുമ്പോള്‍ പലപ്പോഴും ഓസ്ട്രേലിയന്‍ കളിക്കാര്‍ തന്നെ വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിച്ചിരുന്നുവെന്ന് പൂജാര ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഓസീസ് സ്പിന്നറായ നേഥന്‍ ലിയോണ്‍ വന്ന് ചോദിച്ചു, ഇത്രയും റണ്‍സടിച്ചിട്ടും ഇങ്ങനെ ബാറ്റ് ചെയ്ത് താങ്കള്‍ക്ക് ബോര്‍ അടിക്കുന്നില്ലെ എന്ന്.എന്നാല്‍ അതായിരുന്നില്ല, തനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരമെന്ന് പൂജാര പറഞ്ഞു. 2017ലെ ഓസ്ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്നാം ടെസ്റ്റിനിടെയായിരുന്നു ആ സംഭവം.

റാഞ്ചിയില്‍ നടന്ന ആ ടെസ്റ്റില്‍ 170 റണ്‍സുമായി ഞാന്‍ ബാറ്റ് ചെയ്യുകയായിരുന്നു. അപ്പോഴാണ് ഒരു ഓസ്ട്രേലിയന്‍ കളിക്കാരന്‍ എന്നോട് വന്ന് പറഞ്ഞത്, ഇനിയും നിങ്ങള്‍ ബാറ്റ് ചെയ്താല്‍ ഞങ്ങള്‍ക്ക് വീല്‍ചെയര്‍ കൊണ്ടുവരേണ്ടിവരുമെന്ന്. അതായിരുന്നു എനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരം-പൂജാര പറഞ്ഞു.

click me!