ഗെയ്‌ലിനെയും ഞെട്ടിച്ച് ഡാരന്‍ ബ്രാവോ; 10 പന്തില്‍ അടിച്ചത് ആറ് സിക്സര്‍

By Web DeskFirst Published Aug 24, 2017, 5:26 PM IST
Highlights

ആന്റിഗ്വ: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഡാരന്‍ ബ്രാവോയും ബ്രണ്ടന്‍ മക്കല്ലവും ചേര്‍ന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് സമ്മാനിച്ചത് അവിശ്വസനീയ വിജയം. സെന്റ് കിറ്റ്സ് നെവിസ് ആന്‍ഡ് പാട്രിയോറ്റ്സിനെതിരായ മത്സരത്തില്‍ മഴ പലവട്ടം വില്ലനായി എത്തിയിട്ടും ബ്രാവോയുടെയും മക്കല്ലത്തിന്റെയും വെടിക്കെട്ട് ഇന്നിംഗ്സിന്റെ മികവില്‍ നൈറ്റ് റൈഡേഴ്സ് അനായാസം ജയിച്ചു കയറുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാട്രിയോറ്റ്സ് ക്രിസ് ഗെയിലിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ കരുത്തില്‍(47 പന്തില്‍ 93) 13 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സടിച്ചു. മറുപടി ബാറ്റിംഗില്‍ 13 ഓവറില്‍ 170 റണ്‍സായിരുന്നു(ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം) നൈറ്റ് റൈഡേഴ്സിന് വേണ്ടിയിരുന്നത്.

എന്നാല്‍ 3.1 ഓവറില്‍ 34/2 എന്ന സ്കോറില്‍ നില്‍ക്കെ വീണ്ടും മഴയെത്തി. മഴയ്ക്ക് ശേഷം കളി വീണ്ടും തുടങ്ങിയപ്പോള്‍ നൈറ്റ് റൈഡേഴ്സിന്റെ ലക്ഷ്യം ആറോവറില്‍ 86 റണ്‍സായി പുനര്‍നിര്‍ണയിച്ചു. അപ്പോള്‍ അവശേഷിക്കുന്ന 17 പന്തില്‍ നൈറ്റ് റൈഡേഴ്സിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 52 റണ്‍സ്. ക്രീസിലിറങ്ങിയ ഡാരന്‍ ബ്രാവോ നേരിട്ട ആദ്യ മൂന്ന് പന്തും ഗ്രൗണ്ടിന് പുറത്തേക്ക് പറത്തി. നബി എറിഞ്ഞ അടുത്ത ഓവറില്‍ മക്കല്ലവും മോശമാക്കിയില്ല. 23 റണ്‍സാണ് മക്കല്ലം അടിച്ചത്. ഇതോടെ അവസാന ഓവറില്‍ നൈറ്റ് റൈഡേഴ്സിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 10 റണ്‍സ്. ബ്രാവോയുടെ സിക്സറിലൂടെ തന്നെ നൈറ്റ് റൈഡേഴ്സ് വിജയം പിടിച്ചെടുക്കുകയും ചെയ്തു.

ബ്രാവോ 10 പന്തില്‍ ആറ് സിക്സറുകള്‍ അടക്കം 38 റണ്‍സുമായി പുറത്താകാതെ നിന്നു. ഇതില്‍ ആറ് സിക്സര്‍ ആവസാനത്തെ എട്ടു പന്തിലായിരുന്നു. 14 പന്തില്‍ 40 റണ്‍സടിച്ച മക്കല്ലവും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ഇരു ടീമുകളും കൂടി ആകെ 18.2 ഓവറ്‍ മാത്രം ബാറ്റ് ചെയ്ത മത്സരത്തില്ഞ ആകെ പിറന്നത് 23 സിക്സറുകളായിരുന്നു.

click me!