ക്രൊയേഷ്യന്‍ മിന്നല്‍പ്പിണര്‍ മരിയോ മാന്‍ഡ്സൂകിച്ച് ബൂട്ടഴിച്ചു

By Web TeamFirst Published Aug 15, 2018, 2:46 PM IST
Highlights

റഷ്യന്‍ ലോകകപ്പിലെ ക്രൊയേഷ്യയുടെ വീരപുരുഷനായ സ്ട്രൈക്കര്‍ മരിയോ മാന്‍ഡ്സൂകിച്ച് രാജ്യാന്തര കരിയറിനോട് വിടചൊല്ലി. 2007ല്‍ ക്രൊയേഷ്യന്‍ ജേഴ്സിയില്‍ അരങ്ങേറിയ 32കാരനായ മാന്‍ഡ്സൂകിച്ച് 89 മത്സരങ്ങളില്‍ 33 ഗോളുകള്‍ നേടി.

മിലാന്‍: റഷ്യന്‍ ലോകകപ്പിലെ ക്രൊയേഷ്യയുടെ വീരപുരുഷനായ സ്ട്രൈക്കര്‍ മരിയോ മാന്‍ഡ്സൂകിച്ച് രാജ്യാന്തര കരിയറിനോട് വിടചൊല്ലി. 2007ല്‍ ക്രൊയേഷ്യന്‍ ജേഴ്സിയില്‍ അരങ്ങേറിയ 32കാരനായ മാന്‍ഡ്സൂകിച്ച് 89 മത്സരങ്ങളില്‍ 33 ഗോളുകള്‍ നേടി. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ സെല്‍ഫ് ഗോള്‍ വഴങ്ങി ദുരന്ത നായകനാകുമായിരുന്നു മാന്‍ഡ്സൂകിച്ച്. എന്നാല്‍ രണ്ടാം പകുതിയില്‍ ഫ്രഞ്ച് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ കാലില്‍ നിന്ന് പന്ത് റാഞ്ചി നേടിയ മാന്‍ഡ്സൂകിച്ച് നേടിയ ഗോള്‍ ആ പാപക്കറ കഴുകിക്കളഞ്ഞു. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ക്രൊയേഷ്യയുടെ നിര്‍ണായക ഗോള്‍ നേടിയതും മാന്‍ഡ്സൂകിച്ച് ആയിരുന്നു. റഷ്യന്‍ ലോകകപ്പില്‍ മൂന്ന് ഗോളുകളാണ് മാന്‍ഡ്സൂകിച്ച് ക്രോയേഷ്യക്കായി നേടിയത്.

വിരമിക്കാനായി ഉചിതമാസ സമയമെന്നൊന്നില്ലെന്ന് മാന്‍ഡ്സൂകിച്ച് പറഞ്ഞു. കഴിയുമെങ്കില്‍ മരണംവരെ ക്രൊയേഷന്‍ ജേഴ്സിയില്‍ കളിക്കാനാണ് ആഗ്രഹം. രാജ്യത്തെ പ്രതിനിധീകരിക്കുന്നതിലും അഭിമാനമായി മറ്റൊന്നുമില്ല. പക്ഷെ ഇതാണ് എന്റെ സമയം ആയെന്ന് തോന്നുന്നു. ക്രൊയേഷ്യക്കായി കഴിവിന്റെ പരമാവധി ഞാന്‍ നല്‍കി. ക്രൊയേഷ്യന്‍ ഫുട്ബോളിന്റെ എക്കാലത്തെയും വലിയ നേട്ടങ്ങളില്‍ പങ്കാളിയായി. ഇനി എന്റെ സ്ഥാനം ക്രൊയേഷ്യയുടെ ആരാധകരുടെ ഇടയിലാണ്-മാന്‍ഡ്സൂകിച്ച് വ്യക്തമാക്കി.

ലോകകപ്പിന് പുറമെ രണ്ട് തവണ യൂറോ കപ്പിലും മാന്‍ഡ്സൂകിച്ച് ക്രൊയേഷ്യയെ പ്രതിനിധീകരിച്ചു. 2012ലും 2013ലും ഏറ്റവും മികച്ച ക്രൊയേഷ്യന്‍ ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ടിച്ചുള്ള  മാന്‍ഡ്സൂകിച്ച് രാജ്യത്തിന്റെ എക്കാലത്തെയും വലിയ രണ്ടാമത്തെ ഗോള്‍ വേട്ടക്കാരനാണ്. 35 ഗോളുകള്‍ നേടിയിട്ടുള്ള ഇതിഹാസ താരം ഡേവര്‍ സൂക്കര്‍ മാത്രമാണ് മാന്‍ഡ്സകിച്ചിന് മുന്നിലുള്ളത്. രാജ്യാന്തര കരിയറ്‍ അവസാനിപ്പിച്ചുവെങ്കിലും യുവന്റസ് ജേഴ്സിയില്‍ ആരാധകര്‍ക്ക് ഇനിയും മാന്‍ഡ്സൂകിച്ചിനെ കാണാം.

click me!