
മെല്‍ബണ്‍: കളിക്കിടെ പന്തില്‍ കൃതിമം കാട്ടുക വഴി ലോകത്തിന് മുന്നില്‍ ആസ്‌ത്രേലിയന്‍ ക്രിക്കറ്റിനെ നാണം കെടുത്തിയ മുന്‍ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനേയും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറേയും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വര്‍ഷത്തേക്ക് കളിയില്‍ നിന്ന് വിലക്കി.
ഇരുവരുടേയും നിര്‍ദേശപ്രകാരം പന്തില്‍ കൃതിമം കാണിച്ച ബൗളര്‍ കാമറോണ്‍ ബന്‍ക്രോഫ്റ്റിനെ ഒന്‍പത് മാസത്തേക്കും വിലക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റിനിടെ വിവാദമായ സംഭവം നടന്നത്. ബന്‍ക്രോഫ്റ്റ് പന്തില്‍ കൃതിമം കാണിക്കുന്നത് ടിവി ക്യാമറകളില്‍ പതിഞ്ഞതോടെയാണ് ലോകത്തിന് മുന്‍പില്‍ ഓസ്‌ട്രേലിയന്‍ ടീം ഒന്നാകെ പ്രതിക്കൂട്ടിലായി. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അടക്കം സംഭവത്തെ അപലപിക്കുകയും ടീമിന്റെ പ്രവൃത്തിയെ തള്ളിപ്പറയുകയും ചെയ്തു. ഇതോടൊപ്പം ക്രിക്കറ്റ് ലോകം ഒന്നാകെ ടീമിനെതിരെ തിരിയുക കൂടി ചെയ്തതോടെയാണ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ നിര്‍ബന്ധതിമായത്.
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം അടക്കം നിര്‍ണായകമായ അനവധി മത്സരങ്ങള്‍ അടുത്ത ഒരു വര്‍ഷത്തില്‍നടക്കുന്നുണ്ട്. ഇവയെല്ലാം സ്മിത്തിനും വാര്‍ണര്‍ക്കും നഷ്ടപ്പെടും. അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഇരുതാരങ്ങള്‍ക്കും കളിക്കാനാവില്ല. ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ നിയമങ്ങള്‍ അനുസരിച്ച് ഇരുതാരങ്ങള്‍ക്കും ഈ കാലയളവില്‍ അഭ്യന്തര ക്രിക്കറ്റിലും കളിക്കാന്‍ സാധിക്കില്ല. അടുത്ത ലോകകപ്പിന് മുന്‍പായി വിലക്ക് തീരുമെങ്കിലും ഫിറ്റ്‌നസും ഫോമും നിലനിര്‍ത്തുന്നവരെ മാത്രമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ടീമിലേക്ക് എടുക്കുക എന്നതിനാല്‍ അഭ്യന്തരക്രിക്കറ്റില്‍ നിന്നും വിലക്കപ്പെട്ട ഇവര്‍ക്ക് ലോകകപ്പ് കളിക്കാന്‍ സാധിക്കുമോ എന്ന കാര്യവും സംശയത്തിലാണ്. ഫലത്തില്‍ ഇരുതാരങ്ങളുടേയും ക്രിക്കറ്റ് കരിയര്‍ തന്നെ അനിശ്ചിതത്വത്തിലായി.
അല്‍പസമയത്തിനുള്ളില്‍ ശിക്ഷാനടപടികളെക്കുറിച്ചുള്ള ഔദ്യോഗികപ്രഖ്യാപനം ക്രിക്കറ്റ് ഓസ്‌ട്രേലിയയില്‍ നിന്നുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും നാട്ടിലേക്ക് തിരിച്ച സ്റ്റീവന്‍ സ്മിത്ത് അല്‍പസമയത്തിനകം നാട്ടിലെത്തി മാധ്യമങ്ങളെ കാണുമെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ശിക്ഷാ നടപടികള്‍ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പേ ഡേവിഡ് വാര്‍ണര്‍ ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രാജിവച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!