വാര്‍ണര്‍ ഷോ തുടരുന്നു; പാക്കിസ്ഥാനെ തകര്‍ത്ത് ഓസീസ്

By Web DeskFirst Published Jan 26, 2017, 1:33 PM IST
Highlights

അഡ്‌ലെയ്ഡ്: ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറുടെയും ട്രാവിസ് ഹെഡിന്റെയും സെഞ്ചുറിക്കരുത്തില്‍ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയ പാക്കിസ്ഥാനെ 57 റണ്‍സിന് കീഴടക്കി. ഓസീസ് ഉയര്‍ത്തിയ 370 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 49.1 ഓവറില്‍ 312 റണ്‍സിന് ഓള്‍ ഔട്ടായി. ജയത്തോടെ ഏകദിന പരമ്പര ഓസീസ് 4-1ന് സ്വന്തമാക്കി.

ഓപ്പണിംഗ് വിക്കറ്റില്‍ വാര്‍ണര്‍-ഹെഡ് സഖ്യം 41.3 ഓവറില്‍ 284 റണ്‍സാണ് അടിച്ചെടുത്തത്. 78 പന്തില്‍ സെഞ്ചുറി തികച്ച വാര്‍ണര്‍ 128 പന്തില്‍ 179 റണ്‍സെടുത്തപ്പോള്‍ ഹെഡ് 138 പന്തില്‍ 128 റണ്‍സെടുത്തു. സെഞ്ച്വറി നേട്ടത്തോടെ ഏറ്റവും അധികം തവണ 150 റണ്‍സ് നേടുന്ന താരം എന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നേട്ടത്തിനൊപ്പമെത്താനും വാര്‍ണര്‍ക്കായി.

ഇരുവരും അഞ്ച് തവണയാണ് 150 റണ്‍സിന് മേല്‍ സ്‌കോര്‍ ചെയ്തത്. കൂടാതെ പാകിസ്താനെതിരെ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടിയ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടവും വാര്‍ണര്‍ സ്വന്തമാക്കി. ഈ സീസണില്‍ വാര്‍ണര്‍ നേടുന്ന ആറാം ഏകദിന സെഞ്ചുറിയാണിത്. ഒരു സീസണില്‍ ആറ് സെഞ്ചുറി നേടിയിട്ടുള്ള ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയ്ക്കൊപ്പമാണ് വാര്‍ണര്‍ ഇപ്പോള്‍.

ഹാഷിം ആംലയ്ക്കും(83) വിരാട് കൊഹ്‌ലിയ്ക്കും(86) ശേഷം ഏറ്റവും കുറഞ്ഞ ഇന്നിംഗ്സുകളില്‍ 13 സെഞ്ചുറികള്‍(91 മത്സരങ്ങള്‍) പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമായി വാര്‍ണര്‍. മറുപടി ബാറ്റിംഗില്‍ ബാബര്‍ അസം(100) സെഞ്ചുറിയുമായി പൊരുതിയെങ്കിലും ഷര്‍ജീല്‍ ഖാന്‍(79) ഒഴികെ മറ്റാര്‍ക്കും വലിയ പിന്തുണ നല്‍കാനായില്ല.

click me!