അബുദാബി ടെസ്റ്റ്: പാക്കിസ്ഥാന്‍ കൂറ്റന്‍ ലീഡിലേക്ക്

By Web TeamFirst Published Oct 17, 2018, 7:07 PM IST
Highlights

രണ്ട് താരങ്ങള്‍ക്ക് അര്‍ദ്ധ സെഞ്ചുറി. രണ്ടാം ഇന്നിംഗ്സിലും മികവ് തുടര്‍ന്ന് ഫഖാര്‍ സമാന്‍. പാക്കിസ്ഥാന്‍റെ ആകെ ലീഡ് 281 റണ്‍സായി...

അബുദാബി: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന്‍ മികച്ച ലീഡിലേക്ക്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സില്‍  രണ്ട് വിക്കറ്റിന് 144 റണ്‍സെടുത്തിട്ടുണ്ട്. ഇതോടെ പാക്കിസ്ഥാന്‍റെ ആകെ ലീഡ് 281 റണ്‍സായി. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ 137 റണ്‍സിന്റെ ലീഡ് പാക്കിസ്ഥാന്‍ നേടിയിരുന്നു. അര്‍ദ്ധ സെഞ്ചുറി തികച്ച അസര്‍ അലിയും(119 പന്തില്‍ 54), ഹാരിസ് സൊഹൈലുമാണ്(50 പന്തില്‍ 17) ക്രീസില്‍. 

രണ്ടാം ഇന്നിംഗ്സിലും മികച്ച പ്രകടനമാണ് ഓപ്പണര്‍ ഫഖാര്‍ സമാന്‍ തുടര്‍ന്നത്. എന്നാല്‍ ആറ് റണ്‍സെടുത്ത മുഹമ്മദ് ഹഫീസിനെ അഞ്ചാം ഓവറില്‍ പുറത്താക്കി സ്റ്റാര്‍ക്ക് പാക്കിസ്ഥാന് ആദ്യ പ്രഹമേല്‍പിച്ചു. വീഴാതെ കളിച്ച സമാന്‍ അനായാസം അര്‍ദ്ധ സെഞ്ചുറി തികച്ചു. ലിയോണ്‍ 66 റണ്‍സെടുത്ത സമാനെ 26-ാം ഓവറില്‍ പുറത്താക്കുമ്പോള്‍ പാക്കിസ്ഥാന്‍ കാലുറപ്പിച്ചിരുന്നു. 83 പന്തില്‍ ഏഴ് ബൗണ്ടറികള്‍ സഹിതമായിരുന്നു സമാന്‍റെ ഇന്നിംഗ്‌സ്. 

പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 282 ന് മറുപടിയായി രണ്ടാം ദിനം 20/2 എന്ന സ്കോറില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ 145 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത പേസ് ബൗളര്‍ മുഹമ്മഹ് അബ്ബാസും മൂന്ന് വിക്കറ്റെടുത്ത ബിലാല്‍ ആസിഫുമാണ് ഓസീസിനെ എറിഞ്ഞിട്ടത്. വാലറ്റത്ത് 34 റണ്‍സടിച്ച  മിച്ചല്‍ സ്റ്റാര്‍ക്കാണ്  ഓസീസ് സ്കോറിന് അല്‍പമെങ്കിലും മാന്യത നല്‍കിയത്.  ആരോണ്‍ ഫിഞ്ച്(39), ട്രാവിസ് ഹെഡ്(14), മിച്ചല്‍ മാര്‍ഷ്(13), ലാബുഷാഗ്നെ(25), സ്റ്റാര്‍ക്ക്(34) എന്നിവര്‍ മാത്രമാണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്നത്.

click me!