മീശ പിരിച്ച് വീണ്ടും ധവാന്‍; ലങ്കയ്ക്കെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്

By Web DeskFirst Published Aug 12, 2017, 5:25 PM IST
Highlights

പല്ലേക്കേല: ശീഖര്‍ ധവാനും കെഎല്‍ രാഹുലും ചേര്‍ന്നിട്ട അടിത്തറ മധ്യനിരയ്ക്ക് മുതലാക്കാനായില്ലെങ്കിലും ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സെന്ന നിലയിലാണ്. ഒരു റണ്ണുമായി ഹര്‍ദ്ദീക് പാണ്ഡ്യയും 13 റണ്‍സുമായി വൃദ്ധിമാന്‍ സാഹയും ക്രീസില്‍.

ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ശീഖര്‍ ധവാന്‍ നേടിയ സെഞ്ചുറിയും മികച്ച പിന്തുണ നല്‍കിയ കെ എല്‍ രാഹുലിന്റെ അര്‍ധസെഞ്ചുറിയും ചേര്‍ന്നപ്പോള്‍ ഓപ്പണിംഗ് വിക്കറ്റില്‍ ഇന്ത്യ 188 റണ്‍സടിച്ചു. എന്നാല്‍ 85 റണ്‍സെടുത്ത രാഹുല്‍ പുറത്തായതിന് പിന്നാലെ  123 പന്തില്‍ 119 റണ്‍സെടുത്ത ധവാനും മടങ്ങിയതോടെ ഇന്ത്യന്‍ മധ്യനിര അപ്രതീക്ഷിത തകര്‍ച്ച നേരിട്ടു.

കഴിഞ്ഞ രണ്ട് ടെസ്റ്റിലും സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര(8), അജിങ്ക്യാ രഹാനെ(17), ക്യാപ്റ്റന്‍ വിരാട് കോലി(42), അശ്വിന്‍(31) എന്നിവര്‍ വലിയ സ്കോര്‍ നേടാതെ പുറത്തായതോടെ ആദ്യദിനം തന്നെ 400 അടിച്ച് ലങ്കയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഇന്ത്യന്‍ നീക്കം പാളി. എങ്കിലും സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചില്‍ 400 ന് അടുത്ത് ഏത് സ്കോറും ലങ്കയ്ക്ക്മേല്‍ സമ്മര്‍ദ്ദമുയര്‍ത്തും. ലങ്കയ്ക്കായി പുഷ്പകുമാര മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സണ്ടകന്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി.

നേരത്തെ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും ടോസ് നേടി ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് തെരഞ്ഞെടുത്തു. വിലക്ക് മൂലം കളിക്കാതിരുന്ന രവീന്ദ്ര ജഡേജയ്ക്ക് പകരം കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്.

click me!