യൂറോപ്പിലെ ഗോള്‍വേട്ടക്കാരനുള്ള പുര്സകാരത്തിനായി പോരാട്ടം മുറുകുന്നു

By Web DeskFirst Published Mar 2, 2017, 8:08 AM IST
Highlights

ബാഴ്സലോണ: യൂറോപ്പിലെ മികച്ച ഗോൾവേട്ടക്കാരനുള്ള ഗോൾഡൻ ഷൂവിനായുള്ള പോരാട്ടം  കനക്കുകയാണ്. ലയണൽ മെസ്സിയും എഡിൻസണ്‍ കവാനിയും  ലെവൻഡോവിസ്കിയുമാണ് ഗോൾ വേട്ടക്കാരുടെ പട്ടികയിൽ മുന്നിലുള്ളത്. സീസണ്‍ പകുതി പിന്നിടുമ്പോൾ യൂറോപ്പിലെ പ്രമുഖ ലീഗുകളിലെല്ലാം കിരീടത്തിനായി മുമ്പെങ്ങുമില്ലാത്ത തരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ആ പോരാട്ടം മികച്ച ഗോൾ വേട്ടക്കാരനുള്ള ഗോൾഡൻ ഷൂ മത്സരത്തിലുമുണ്ട്.

ബാഴ്സലോണയുടെ സൂപ്പര്‍താരം ലിയോണൽ മെസ്സിയാണ് ഗോള്‍ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമത്. കരിയറിലെ നാലാം ഗോൾഡൻ ഷൂവാണ് മെസിയുടെ ലക്ഷ്യം.  ഇത്തവണകൂടി അവാര്‍ഡ് നേടിയാൽ ഏറ്റവും കൂടുതൽ തവണ ഗോൾഡൻ ഷൂ നേടിയ താരമെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോര്‍ഡിനൊപ്പമെത്താൻ ലിയോക്കാവും. നിലവില്‍ 21 ഗോളുകളാണ് മെസിയുടെ പേരിലുള്ളത്. 2013ലാണ് മെസി അവസാനമായി ഗോള്‍ഡന്‍ ഷൂ പുരസ്കാരത്തിന് അര്‍ഹനായത്.

ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയെന്ന റെക്കോര്‍‍ഡ് നിലവില്‍ മെസിക്ക് സ്വന്തമാണ്. 2011-2012 സീസണിൽ 50 ഗോളുകളാണ് മെസ്സി അടിച്ച് കൂട്ടിയത്.ഗോളുകളിൽ  അരസെഞ്ച്വറി തീര്‍ത്ത ആദ്യതാരവും മെസി തന്നെയാണ്. ഫ്രഞ്ച് ക്ലബ് പാരിസ് സെന്‍റ് ജര്‍മ്മന്‍റെ സ്ട്രൈക്കര്‍ എഡിൻസൻ കവാനിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 26 ഗോളുകളാണ് കവാനി ഇതുവരെ അടിച്ച് കൂട്ടിയത്.

മൂന്നാം സ്ഥാനത്ത്  19 ഗോളുകളുമായി നാല് താരങ്ങൾ. ബയേണ്‍ മ്യൂനിക്കിന്റെ റോബര്‍ട്ട് ലെവൻഡോവ്സ്ക്കി റോമയുടെ എഡിൻ സെക്കോ, യുവന്റസിന്റെ ഗോണ്‍സാലോ ഹിഗ്വൈൻ, ബൊറൂസിയയുടെ ഒബമയോങ്ങ്. നാലാം സ്ഥാനത്ത്  ബാഴ്സയിലെ മെസിയുടെ സഹതാരവും കഴിഞ്ഞ വര്‍ഷത്തെ ഗോൾഡൻ ഷൂ ജേതാവുമായ ലൂയിസ് സുവാരസാണ്.മൂന്നാം പുരസ്കാരമാണ് സുവാരസിന്റെ ലക്ഷ്യം. എന്നാൽ ആദ്യ പത്തിൽ ക്രിസ്റ്റ്യാനോക്കും, നെയ്മര്‍ക്കും ഇടം കണ്ടെത്താനായിട്ടില്ല. ഫുട്ബോൾ ആരാധകര്‍ കാത്തിരിപ്പിലാണ്. യൂറോപ്പിലെ ഗോളടിയിലെ രാജാവിനെ അറിയാൻ.

click me!