ഇന്ത്യക്ക് നാണക്കേട്; അണ്ടര്‍17 ലോകകപ്പ് ടിക്കറ്റുകള്‍ വാങ്ങാന്‍ ആളില്ല

By Web DeskFirst Published Sep 25, 2017, 6:49 PM IST
Highlights

ഡല്‍ഹി: ഇന്ത്യ ആതിഥേയത്വമരുളുന്ന അണ്ടര്‍17 ഫുട്ബോള്‍ ലോകകപ്പ് കാണാന്‍ ആളില്ല. പ്രധാന മല്‍സരങ്ങള്‍ നടക്കുന്ന ഡല്‍ഹിയിലെ ടിക്കറ്റ് വില്‍പന മന്ദഗതിയില്‍. ടിക്കറ്റ് വില്‍പനയ്ക്കായി സ്റ്റേഡിയത്തില്‍ കൗണ്ടറുകള്‍ ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല. മല്‍സരങ്ങള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ സൗജന്യമായി ടിക്കറ്റ് നല്‍കി ആളെ കയറ്റേണ്ട അവസ്ഥയിലാണ് സംഘാടകര്‍. 

ഡല്‍ഹിയില്‍ നടക്കുന്ന മല്‍സരങ്ങളുടെ 20 ശതമാനം ടിക്കറ്റുകള്‍ മാത്രമാണ് ഓണ്‍ലൈനില്‍ വിറ്റഴിഞ്ഞത്. അതേസമയം, ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റെ ആവശ്യപ്രകാരം ഇന്ത്യയുടെ ഗ്രൂപ്പ് മല്‍സരങ്ങല്‍ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയിരുന്നു. തലസ്ഥാനമായ ഡല്‍ഹിയില്‍ മല്‍സരങ്ങള്‍ നടത്തിയാല്‍ വിജയിക്കുമെന്നായിരുന്നു പ്രതീക്ഷിച്ച.

ലോകകപ്പ് നടക്കുന്ന മറ്റ് മൂന്ന് വേദികളും ടിക്കറ്റ് വില്‍പനയില്‍ ഡല്‍ഹിയെക്കാള്‍ മുന്നിലാണ്. ഇന്ത്യയുടെ മൂന്ന് ഗ്രൂപ്പ് മല്‍സരങ്ങളടക്കം എട്ട് മല്‍സരങ്ങളാണ് ഡല്‍ഹിയില്‍ നടക്കുന്നത്. 600, 300, 150, 60 എന്നിങ്ങനെയാണ് നിലവിലെ ടിക്കറ്റ് നിരക്ക്‍. എന്നാല്‍ വിറ്റഴിഞ്ഞ ടിക്കറ്റുകളുടെ കൃത്യമായ വിവരം പുറത്തുവിടാനാകില്ലെന്ന് പ്രദേശിക സംഘാടക സമിതി ജോയി ബട്ടാചാര്യ പറഞ്ഞു. 

click me!