
ലോകത്തില്‍ ഏറ്റവും ഉയരെ സ്ഥിതിചെയ്യുന്ന ഔദ്യോഗിക ഫിഫ സ്റ്റേഡിയം സമുദ്ര നിരപ്പില്‍ നിന്നും 3600 മീറ്റര്‍ ഉയരെ അങ്ങ് ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയയുടെ തലസ്ഥാനം ലാപാസിലാണ്. എന്നാല്‍ അതിലും ഉയരെ കളിക്കളങ്ങള്‍ ഉണ്ടോ എന്ന അന്വേഷണമാണ് ലോകത്തിന്റെ മേല്‍ക്കൂര എന്ന് അറിയപ്പെടുന്ന പാമീര്‍ പീഠഭൂമിയുടെ അതിര്‍പ്രദേശത്തേക്കു എന്നെ എത്തിക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 3800 മീറ്റര്‍ ഉയരെ, മഞ്ഞു തൊപ്പിയണിഞ്ഞ കൂറ്റന്‍ പര്‍വത നിരകള്‍ക്കിടയില്‍ മണ്ണും പാറക്കല്ലുകളും നിറഞ്ഞ ഒരു മൈതാനം. അത്രയും ഉയരത്തില്‍ നിരവധി കളിക്കളങ്ങള്‍ ലോകത്തുണ്ട്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി എന്ത് പ്രത്യേകതയാണ് ഈ മൈതാനത്തിനും അത് നിലകൊള്ളുന്ന ഈ വിദൂര ഗ്രാമത്തിനും ഉള്ളത്..?
പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നിന്നും ഏതാണ്ട് 12 മണിക്കൂറോളം യാത്ര. ഹിമാലയന്‍ മല നിരകളും സ്വാത് താഴ്‌വരയും കടന്ന് കാരക്കോറം മലകളുടെ പള്ളയിലൂടെ, ചൈനീസ്- അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തികള്‍ പങ്കിടുന്ന ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ പ്രദേശത്തിലൂടെ ഉയരങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ പാക്കിസ്ഥാനിലെ സുന്ദരമായ ഒരു താഴ്‌വരയിലെത്തിച്ചേരും. ഹിമാലയത്തിന്റെയും കാരക്കോറം മലനിരകളുടെയും ഇടയില്‍ മയങ്ങുന്ന ഹുന്‍സാ താഴ്‌വര, ആകാശംമുട്ടെ നില്‍ക്കുന്ന പടുകൂറ്റന്‍ പര്‍വത രാജന്മാര്‍. വെള്ളിയരഞ്ഞാണം പോലെ വളഞ്ഞു പുളഞ്ഞൊഴുകുന്ന ചെറു നദികള്‍. ദേവതാരു, പൈന്‍ മരങ്ങള്‍ തിങ്ങി നിറഞ്ഞ കാടുകള്‍. ഈ സ്വര്‍ഗത്തിലാണ് ശിംശാല്‍ എന്ന ഗ്രാമം. ഇവിടെയാണ് ലോകത്തിലേറ്റവും ഉയരെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രം ഉള്ള കാല്‍പ്പന്തുകളി. പാകിസ്ഥാന്‍ പോലെ തികച്ചും യാഥാസ്ഥിതിക രാജ്യത്ത്, പെണ്‍കുട്ടികള്‍ക്കുമാത്രമായി ഒരു ഫുട്ബാള്‍ ടൂര്‍ണമെന്റ്. വര്‍ഷം തോറും ജനപങ്കാളിത്തം കൂടി കൂടി വരുന്ന ഒരു മത്സരം. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്ന ശിംശാല്‍ ഗ്രാമത്തെ കുറിച്ച്, അതിലുപരി ഗ്രാമത്തിലെ ഒരു കുടുംബം എങ്ങനെ ഫുട്ബാളിലൂടെ ഈ ഗ്രാമത്തെയും അവിടുത്തെ പെണ്‍കുട്ടികളെയും രക്ഷിച്ചു എന്ന അവിശ്വസനീയ സംഭവ കഥയാണ് തുടര്‍ന്ന്...
ചൈനീസ് അതിര്‍ത്തിയില്‍ നിന്നും ഏതാനം കിലോമീറ്ററുകള്‍ അകലെ കിടക്കുന്ന ശിംശാലും ലോകവുമായി ബന്ധിപ്പിക്കുന്ന ഏക പൊക്കിള്‍ കൊടിയാണ് കാരക്കോറം ഹൈവേ. ആധുനിക ലോകവും ഈ ഗ്രാമവും തമ്മില്‍ യുഗങ്ങളുടെ കാലവ്യതാസം ഉണ്ടോ എന്ന് പോലും തോന്നിപോകും. ഏതാണ്ട് 2000 പേര് മാത്രം താമസിക്കുന്ന ഇവിടെ എങ്ങനെയാണ് പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരു ഫുട്ബാള്‍ ടൂര്‍ണമെന്റ് നടക്കുക. പറയാന്‍ പേരിനു പോലും ഒരു കളിക്കളം ഇല്ല. വര്‍ഷത്തില്‍ പകുതിയും മഞ്ഞു മൂടി കിടക്കുന്നു. ആകെ മൂന്നു മാസങ്ങള്‍ ആണ് കളിയ്ക്കാന്‍ ആയി കിട്ടുക. ഇത്തരം ന്യായമായ സംശയങ്ങള്‍ക്കുള്ള ഉത്തരമാണ് കരിഷ്മ ഇനായത് എന്ന പത്തൊന്‍പതുകാരി. ശിംശാല്‍ ഗ്രാമം ഇന്ന് ലോക കായിക ഭൂപടത്തില്‍ ഇടം പിടിക്കാന്‍ കാരണമായത് കരിഷ്മയുടെ കുടുംബമാണ്. അതിനു ചുക്കാന്‍ പിടിച്ചത് കരിഷമയുടെ പിതാവ് ഇനായത് ഉള്ളാ ബൈഗും .
ഉപജീവത്തിനായി ഇനായത് ബൈഗ് ശിംശാലില്‍ നിന്ന് ലാഹോറിലേക്കു താമസം മാറിയതോടെ ഗ്രാമത്തിന്റെ തലവര മാറാന്‍ തുടങ്ങി. ഗ്രാമത്തില്‍ നഴ്‌സ് ആയിരുന്ന ഇനായതിന്റെ ഭാര്യ മക്കളുടെ വിദ്യാഭ്യാസത്തിനായി തന്റെ ജോലി രാജി വെച്ച് ലാഹോറിലേക്ക് മാറി. കരിഷ്മയും, സഹോദരിമാര്‍ സുമിറയും അബ്രീനും ചെറുപ്പം മുതല്‍ കായിക പ്രേമികളായിരുന്നു. ക്രിക്കറ്റ് ആയിരുന്നു ഇഷ്ട വിനോദം. കരിഷ്മ നല്ലൊരു അത്‌ലറ്റ് കൂടി ആയിരുന്നു. സ്‌പോര്‍ട്‌സ് ഇനത്തില്‍ കൂടി സര്‍വകലാശാലകളില്‍ സ്‌കോളര്‍ഷിപ്പോടെ ഉപരി പഠനം നടത്താം എന്ന പിതാവിന്റെ ഉപദേശവും കരിഷ്മയുടെ കായിക താല്പര്യത്തിനു പുറകിലുണ്ട്. എന്നാല്‍ പാകിസ്താന്റെ ദേശീയ വിനോദമായി ക്രിക്കറ്റില്‍ സാധ്യത കുറവായതിനാലും. അക്കാലത്തു തുടക്കമായ വനിതാ ഫുട്ബാളിലെ സാധ്യതകളും കണ്ടറിഞ്ഞ കരിഷ്മയും സഹോദരിമാരും ഫുട്ബാളിലേക്കു കൂടുമാറി. ലാഹോറിലെ ക്ലബുകളില്‍ ഫുട്‌ബോള്‍ പരിശീലിച്ച കരിഷമയുടെ ഉയര്‍ച്ച പെട്ടന്നായിരുന്നു. 2012 ഇത് മാത്രം ഫുട്ബാള്‍ കളിക്കാന്‍ തുടങ്ങിയ ആ പെണ്‍കുട്ടികള്‍ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ദേശീയ നിലവാരത്തില്‍ കളിക്കുകയും ദുബായില്‍ നടന്ന ജൂബിലി കപ്പില്‍ പാകിസ്താനായി ബൂട് കെട്ടുകയും ചെയ്തു. ലാഹോറില്‍ പെണ്‍ക്കുട്ടികള്‍ക്കായുള്ള ഫുട്ബാള്‍ ക്ലബ്ബുകള്‍ കുറവായതിനാലും ഉള്ളവയില്‍ ഉയര്‍ന്ന ഫീസും കരിഷ്മയെയും സഹോദരിമാരെയും സ്വന്തം ആയി ഒരു ക്ലബ്ബ് തുടങ്ങാന്‍ പ്രേരിപ്പിച്ചു. അതാണ് അവളുടെ ആദ്യ സംരംഭം. ഈഗിള്‍ എഫ്‌സി എന്ന് പേരിട്ട ഈ ക്ലബ്ബില്‍ സമാന മനസ്‌കരായ നിരവധി പെണ്‍കുട്ടികള്‍ ആണ് ഇപ്പോള്‍ കളിക്കുന്നത്.
കരിഷ്മയുടെ വിജയം, അവളുടെ കുടുംബത്തെ തങ്ങളുടെ ഗ്രാമത്തില്‍ കൂടി ഫുട്ബാള്‍ വ്യാപിപ്പിക്കാന്‍ പ്രേരിപ്പിച്ചു. പതിനെട്ടു പത്തൊന്‍പതു വയസ്സാകുന്നതോടെ പഠിക്കാന്‍ മിടുക്കികള്‍ ആയ പെണ്‍കുട്ടികള്‍ വരെ വിദ്യാഭ്യാസം നിര്‍ത്തി നിര്‍ബന്ധിതമായി വൈവാഹിക ജീവിതത്തിന്റെ നൂലാമാലകളിലേക്കു എടുത്തെറിയപെടുന്നത് അവരെ വേദനിപ്പിച്ചിരുന്നു. ഈ അവസ്ഥ തന്നെയാണ് കരഷ്മയുടെ കുടുംബത്തെ ഇങ്ങനെ ചിന്തിപ്പിച്ചത്. പിന്നാലെ, ഇനായത് ബെയ്ഗ് തന്റെ കുടുംബത്തെ മാത്രമല്ല ഗ്രാമത്തിലെ അഞ്ചോ ആറോ കുട്ടികളെ ഓരോ വര്‍ഷവും ലാഹോറിലെത്തിച്ചു. സ്വന്തം ചിലവില്‍ പഠിപ്പിച്ചു. ഇത്തരത്തില്‍ കൂടുതല്‍ കുട്ടികളെ ലാഹോറിലും ഇസ്ലാമാബാദിലും എത്തിക്കാനും വിദ്യാഭ്യാസം നല്‍കാനും ഇനായത് കണ്ട ഒരു വഴിയായിരുന്നു ഫുട്ബാള്‍. അത് വഴി മിടുക്കരായവര്‍ക്കു സ്‌കോളര്‍ഷിപ്പും ഉപജീവന്‍മാര്‍ഗവും.
പുരുഷ വിഭാഗം ഫിഫ റാങ്കിങ്ങില്‍ 201 സ്ഥാനത്താണ് പാക്കിസ്ഥാന്‍. വനിതാ ഫുട്‌ബോളിലാവട്ടെ 2010 മുതലാണ് അവര്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങിയത്. ഇത്തരമൊരു സാഹചര്യത്തില്‍ ഈ വിദൂര പര്‍വത ഗ്രാമത്തില്‍ ഫുട്ബാള്‍ കളി പഠിപ്പിക്കുക വളരെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. പിതാവിന്റെ അനുഗ്രഹത്തോടെ കരിഷ്മയുടെ സഹോദരന്മാര്‍ ശിംശാലില്‍ തിരികെയെത്തി, ഫുട്‌ബോളുമായി. ഗ്രാമത്തിന്റെ തലവര പൂര്‍ണ്ണമായും അതോടെ മാറി. അത് വരെ പുറം ലോക മറിയാതെ നരച്ച പൊടി പാറുന്ന ഉറങ്ങി കിടക്കുന്ന ഒരു ഗ്രാമം ആയിരുന്ന ശിംശാലിലേക്കു ഫുട്ബാളിന്റെ ആവേശവുമായി കരിഷമയുടെ കുടുംബം തിരികെ വന്നതോടെ ഉയരങ്ങളില്‍ കാല്‍പ്പന്തു കളിയുടെ പുതിയ കവിത എഴുതപ്പെട്ടു. കരിഷ്മയുടെ വിജയം ഗ്രാമവാസികളെയും ആവേശത്തില്‍ ആക്കിയിരുന്നു. അതുക്കൊണ്ടാണ് ആ കുടുംബം ഫുട്ബാളുമായി എത്തിയപ്പോള്‍ അവരെ ഇരു കയ്യും നീട്ടി സ്വീകരിക്കാന്‍ ഗ്രാമവാസികള്‍ എത്തിയത്. ആ സ്‌നേഹം ആണ് ഇന്ന് ശിംശാലിലെ ഫുട്ബാളിന്റെ വിജയം. ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു എളുപ്പവഴിയായാണ് അവര്‍ ഫുട്ബാളിനെ കണ്ടത്. ഫുട്ബാള്‍ ഗ്രാമത്തിന്റെ ജീവ വായു ആവാന്‍ അധികനാള്‍ വേണ്ടി വന്നില്ല.
2016 വേനക്കാലത്തു അവര്‍ ഗ്രാമത്തില്‍ ഒരു ഫുട്ബാള്‍ മത്സരം നടത്തി. നൂറിലധികം കുട്ടികള്‍ ആണ് വാഹന സൗകര്യം തികച്ചുമില്ലാത്ത ഈ ഗ്രാമത്തിലെത്തിയത്. എഴുപതോളം പെണ്‍കുട്ടികള്‍ ആണ് മൈതാനത്തിറങ്ങിയത്. ഗ്രാമവാസികളുടെ ആവേശം കരിഷ്മയുടെ സഹോദരന്മാര്‍ക്ക് ഒരു ക്ലബ് തുടങ്ങാനുള്ള അവസരം ഒരുക്കി. ശിംശാളില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ആദ്യ ക്ലബ്ബ് അല്‍ ഷംസ് തുറന്നു. കരിഷ്മയും സഹോദരങ്ങളും അവരുടെ ബന്ധുക്കളുമായിരുന്നു അതിന്റെ സ്ഥാപക നേതാക്കള്‍. അവര്‍ തന്നെയാണ് നടത്തിപ്പുകാര്‍. തുടര്‍ന്ന് നൂറോളം പേരെ ഉള്‍കൊള്ളിച്ചു ഒരു ടൂര്‍ണമെന്റും നടന്നു. സാമ്പത്തിക സാങ്കേതിക ബുദ്ധിമുട്ടകള്‍ക്കിടയിലും മത്സരം വന്‍ വിജയം. കളിക്കാന്‍ അവസരം കിട്ടാതെ തിരിച്ചു പോയവര്‍ ഏറെ. തങ്ങളുടെ പെണ്മക്കളെ കളിപ്പിക്കാനുള്ള ആവശ്യവുമായി കാത്തുനിന്നതു നിരവധി മാതാപിതാക്കള്‍. പാകിസ്ഥാനില്‍ ഒരിക്കലും സംഭവിക്കില്ലെന്ന് പുറംലോകത്തുള്ളവര്‍ ചിന്തിക്കുന്ന ഒരു കാര്യം. എന്നാല്‍ പാകിസ്ഥാനികള്‍ വളരെ പ്രോത്സാഹനം ആയിരുന്നു ഇക്കാര്യത്തില്‍. വൈദ്യതി പോലും എത്തിനോക്കിയിട്ടിലാത്ത ഈ ഗ്രാമത്തില്‍ കരിഷ്മയുടെയും കൂട്ടുകാരുടെയും ആവേശമാണ് ഫുട്ബാളിനെ ജനകീയമാക്കിയത്.
കൃത്യമായ കളിനിയമങ്ങളോ പരിശീലനമോ കൂടാതെ തന്നെ ആദ്യ ശ്രമത്തിലെ വിജയം അവരെ ആവേശഭരിതരാക്കി. കൂടുതല്‍ അടുക്കും ചിട്ടയോടെയും ടൂര്‍ണമെന്റ് നടത്താന്‍ കരിഷ്മയുടെ കുടുംബം ഇസ്ലാമാബാദിലെ അമേരിക്കന്‍ എംബസിയുടെ സഹായം തേടി. അല്‍ ഷംസ് ക്ലബ്ബിന്റെ പദ്ധതിയില്‍ അങ്ങിനെ അമേരിക്കന്‍ സഹായവും ലഭിക്കാന്‍ തുടങ്ങി. പാകിസ്ഥാനില്‍ പക്ഷെ മറ്റു സ്‌പോണ്‍സര്‍മാരെ കിട്ടാന്‍ കരിഷ്മയും കൂട്ടരും ശരിക്കും അലഞ്ഞു. വടക്കന്‍ മല നിരകളിലെ പെണ്‍കുട്ടികളുടെ ഫുട്‌ബോളിന് കാശു മുടക്കാന്‍ ആരെയും കിട്ടിയില്ല എന്ന് തന്നെ പറയാം. പലയിടത്തും നിന്നും കിട്ടിയ ചെറിയ തുകകളും സ്വന്തം പോക്കറ്റ് മണിയും ചേര്‍ത്ത് അടുത്ത വര്‍ഷം വേനല്‍ക്കാലത്തു അവര്‍ കളി കൂടുതല്‍ ചിട്ടയോടെ നടത്താന്‍ തയ്യാറെടുപ്പുകള്‍ നടത്തി. പുതിയ കിറ്റു അവതരിപ്പിച്ചു. പരിശീലന കളരികളും മത്സര നിയമങ്ങളും അവര്‍ പതിയെ ഗ്രാമത്തിലെത്തിച്ചു. ഈ മാറ്റം ഗ്രാമത്തിലും കാണാമായിരുന്നു.ചെറുപ്രായത്തിലേ മക്കളെ വൈവാഹിക ജീവിതത്തിന്റെ നൂലാമാലകളിലേക്കു തള്ളിവിടാതെ ഉപരി പഠനത്തിന് വേണ്ടി ഒരു വഴിയായി തങ്ങളുടെ പെണ്മക്കളെ നിര്‍ബന്ധിച്ചു ഫുട്ബാള്‍ കളിപ്പിക്കാന്‍ കൊണ്ട് വരുന്ന മാതാ പിതാക്കളെ ശിംഷാലില്‍ കാണാന്‍ തുടങ്ങി. പലര്‍ക്കും സാമൂഹിക ചുറ്റുപാടുകളുടെ ബന്ധനത്തില്‍ നിന്നുള്ള പുറത്തു ചാടല്‍ ആയി. മറ്റു പലര്‍ക്കും നഗരത്തിലേക്കുള്ള ഒരു വഴി. ഫുട്ബാള്‍ ഗ്രാമത്തിന്റെ തലവര മാറ്റിയത് ഇവിടെ ആണ്.
ശിംശാലിലെ ഫുട്ബാള്‍ വിജയം അവരെ കാല്പന്തുകളി ഗില്‍ജിത് മുഴുവനും വ്യാപിപ്പിക്കാന്‍ ഉത്തേജിപ്പിച്ചു. ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ ഫുട്ബാള്‍ ലീഗിന് തുടക്കമിട്ടു. യാതൊരു വിധ സര്‍ക്കാര്‍ സഹായം കൂടാതെ അവര്‍ രണ്ടു ക്ലബ്ബുകള്‍ സ്ഥാപിച്ചു. കൂടാതെ എട്ടു ക്ലബ്ബുകളെ ഉള്‍കൊള്ളിച്ചു ഒരു പ്രവിശ്യ ഫുട്ബാള്‍ ലീഗിനും തുടക്കം ഇട്ടു. ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ ഫുട്ബാള്‍ അസോസിയേഷന്‍ തുടങ്ങിയത് കരിഷ്മയും കുടുംബവുമാണ്. വ്യക്തമായി പറഞ്ഞാല്‍ പാകിസ്ഥാന്‍ വനിതാ ഫുട്ബാളിന്റെ വളര്‍ച്ച കരിഷ്മയുടെയും സഹോദരങ്ങളുടെയും ഒപ്പമാണെന്ന് പറയാം. ആദ്യ ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ ഫുട്ബാള്‍ ലീഗ് വിജയം ആയതോടെ സ്‌പോണ്‍സര്‍മാരും കരിഷ്മയെ തേടിയെത്തി.
പേരിനു നല്ലൊരു ഗ്രൗണ്ട് പോലുമില്ല ശിംശാലില്‍. ഇപ്പോള്‍ കളിക്കുന്ന മൈതാനം നിറയെ മണ്ണും പാറയും. എന്നാല്‍ പരിമിതികള്‍ മറികടന്ന് കരിഷ്മയും ശിംശാല്‍ പെണ്‍കുട്ടികളും കുതിക്കുകയാണ്. പന്തും കൊണ്ട് മുന്നോട്ട്. പാകിസ്ഥാന്‍ വനിതാ ഫുട്ബാളിന്റെ ഭാവി വാഗ്ദാനങ്ങള്‍. കരിഷ്മക്കൊപ്പം, സുമൈറ ഇനായത്, അബ്രീന്‍ ഷാ, മുനവര്‍, സയീദ്, എന്നിവരാണ് ക്ലബ്ബിന്റെയും ലീഗിന്റെയും അസോസിയേഷന്റെയും കാര്യങ്ങള്‍ നോക്കുന്നത്. ഇതിനെല്ലാം പ്രചോദനമായി നിലകൊള്ളുന്നത് മറ്റൊരു വനിതയാണ് പാകിസ്താന്റെ ആദ്യത്തെ പാര്‍വ്വതാരോഹകയായ സാമിന ബെയ്ഗ്. കരിഷ്മയുടെ ബന്ധു കൂടി ആയ സാമിനയാണ് നിലവില്‍ പാകിസ്താനിലെ ഏക വനിതാ പര്‍വ്വതാരോഹക. സാമിന പെണ്‍കുട്ടികള്‍ക്കായി ഉയരങ്ങളിലേക്ക് വഴി തെളിച്ചു. ആ വഴിയിലൂടെ ഫുട്ബാളുമായി കരിഷ്മയും കൂട്ടരും. 2016 മുതല്‍ തുടങ്ങിയ ഈ ടൂര്‍ണമെന്റില്‍ ജനപങ്കാളിത്തം ഓരോ വര്‍ഷവും കൂടി വരികയാണ്. തന്റെ ഗ്രാമത്തിലെ ടൂര്‍ണമെന്റില്‍ നിന്ന് മികച്ച ഇരുപതോളം പേരെ കണ്ടെത്തുകയും അവര്‍ക്കു ലാഹോറിലോ ഇസ്ലാമാബാദിലോ മികച്ച പരിശീലനം ഉറപ്പാക്കുകയുമായു കരിഷ്മയുടെയും കുടുംബത്തിന്റെയും ലക്ഷ്യം.
വാല്‍കഷ്ണം:
ഈ വര്‍ഷത്തെ ബാള്‍ട്ടിസ്ഥാന്‍ വനിതാ ഫുട്‌ബോള്‍ ലീഗ് ജൂലായ് മാസത്തില്‍ അരങ്ങേറി. ഹുന്‍സ വാലിയിലെ പാസു ഗോജാല്‍ എന്ന അതിര്‍ത്തി ഗ്രാമത്തില്‍, എട്ടു ടീമുകള്‍ ആണ് കിരീടത്തിനായി പോരാടിയത്. ലോക കപ്പു മാതൃകയിലുള്ള കിരീടം കരിഷ്മയുടെ സ്വന്തം ശിംശാല്‍ ടീം ആണ് ഇത്തവണത്തെ ജേതാക്കള്‍. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷം കൊണ്ട് ലോകത്തില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു പ്രദേശത്തു വനിതകള്‍ക്ക് വേണ്ടി വനിതകളാല്‍ സ്വയം പര്യാപ്തമായ ഒരു ഫുട്ബാള്‍ ലീഗ് നടക്കുകയാണ്. പാകിസ്ഥാന്‍ വനിതാ ഫുട്ബാളിന്റെ ഭാവി ഇപ്പോള്‍ ഈ മലമടക്കുകളിലാണ്. ലോകം അവരിലേക്ക് ഉറ്റു നോക്കുകയാണിപ്പോള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!