നിരുപാധികം മാപ്പ് അപേക്ഷിച്ചാൽ കേസ് ഒഴിവാക്കാം;  അനുരാഗ് താക്കൂറിനോട് സുപ്രീംകോടതി

By Web DeskFirst Published Jul 7, 2017, 4:43 PM IST
Highlights

ദില്ലി: കോടതിയിൽ നേരിട്ടെത്തി നിരുപാധികം മാപ്പ് അപേക്ഷിച്ചാൽ കോടതിയലക്ഷ്യ കേസിൽ നിന്നും ഒഴിവാക്കാമെന്ന് ബിസിസിഐ മുൻ അധ്യക്ഷൻ അനുരാഗ് താക്കൂറിനോട് സുപ്രീംകോടതി നിർദ്ദേശിച്ചു. ജൂലൈ 14ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ കോടതി അനുരാഗ് താക്കൂറിനോട് നിർദ്ദേശിച്ചു. ജസ്റ്റീസുമാരായ ദീപക് മിശ്ര, ഡി.വൈ.ചന്ദ്രചൂഡ്, എ.എൻ.ഖാൻവിൽകർ എന്നിവരങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

താക്കൂർ നേരത്തെ സമർപ്പിച്ച വിശദമായ മാപ്പപേക്ഷ തള്ളിയാണ് കോടതിയുടെ പുതിയ ഉത്തരവ്. ഒരു പേജിൽ ചുരുക്കി നിരുപാധികം മാപ്പപേക്ഷ സമർപ്പിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. മാപ്പപേക്ഷ സമർപ്പിച്ചാൽ കോടതിയലക്ഷ്യ കേസ് ഒഴിവാക്കാമെന്നും ഹിമാചൽപ്രദേശിലെ ഹാമിർപൂരിൽ നിന്നുള്ള ബിജെപി എംപിയായ താക്കൂറിനെ കോടതി അറിയിച്ചു.

ബിസിസിഐയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ തെറ്റായ സത്യവാങ്മൂലം സമർപ്പിച്ചതിന് കഴിഞ്ഞ ജനുവരി രണ്ടിന് താക്കൂറിനെതിരേ കേസെടുക്കുകയും അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. 

 

click me!